- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി കെ ശശിയെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വം പന്ത് ജില്ലയുടെ കോര്‍ട്ടിലേക്ക് തട്ടിയെങ്കിലും ഏറ്റില്ല; ഗുരുതര പിഴവ് വരുത്തിയിട്ടും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ നീക്കാത്തത് തെറ്റ്; നിലപാട് തള്ളി പാലക്കാട് ജില്ലാ സമ്മേളനം; ജില്ലാ സെക്രട്ടറി പദവിയില്‍ ഇ എന്‍ സുരേഷ് ബാബുവിന് രണ്ടാമൂഴം
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പാലക്കാട് സമ്മേളനം
പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എം എല്‍ എ പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് സംരക്ഷിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ തിരിച്ചടി. ഗുരുതര പിഴവ് സംഭവിച്ചിട്ടും ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാത്തത് ശരിയല്ലെന്നായിരുന്നു ചിറ്റൂരില്‍ നടന്ന സമ്മേളനത്തിലെ പൊതുവികാരം. ശശിയെ കെടിഡിസി ചെയര്‍മാന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് എന്നീ പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
പി കെ ശശിയെ കൂടാതെ എന്‍ എന്‍ കൃഷ്ണദാസ്, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പുറമേ പ്രതിനിധികളും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. സിപഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. മറ്റ് പദവികള്‍ ഒന്നും തന്നെ ശശി വഹിക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് ആരോപണമടക്കമുള്ള കാര്യങ്ങള്‍ ശശിക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ജില്ലാ സമ്മേളനത്തില്‍ ശശിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത് സംസ്ഥാന നേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. ശശിയെ സംരക്ഷിക്കുന്നത് തെറ്റാണെന്ന വിമര്‍ശനം നേതൃത്വത്തിന് ഉള്‍ക്കൊള്ളേണ്ടി വരും.
അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എന്‍ സുരേഷ്ബാബു തുടരും. ഇത് രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയില്‍ ഇടം നേടിയത്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്.
പി കെ ശശിക്കെതിരായ നടപടി പ്രവര്‍ത്തകര്‍ക്ക് വലിയ പാഠമാണെന്ന് സുരേഷ് ബാബു പ്രതികരിച്ചു. നടപടി പാര്‍ട്ടിക്ക് സംഘടന രംഗത്ത് കരുത്തുണ്ടാക്കിയെന്നും ഒരു പാര്‍ട്ടി അംഗത്തിന് സംഘടനാ വിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൂടി തെളിയിക്കുന്നതുകൂടിയായിരുന്നു പി കെ ശശിക്കെതിരായ നടപടിയെന്ന് സുരേഷ് ബാബു പറഞ്ഞു. തെറ്റ് ആര് ചെയ്താലും പാര്‍ട്ടി വെച്ചു പൊറുപ്പിക്കില്ല. ഏത് ഉന്നതന്‍ തെറ്റ് ചെയ്താലും പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും തെറ്റ് തിരുത്തല്‍ നടപടിയുടെ കൂടെ ഭാഗമാണെന്നും ഇ എന്‍ സുരേഷ് ബാബു വ്യക്തമാക്കി. പാര്‍ട്ടിയില്‍ തരംതാഴ്ത്തിയെങ്കിലും, കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാത്തത് വിവാദമായിരിക്കുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ നീല ട്രോളി ബാഗ് വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ എന്‍ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.