- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ക്ഷണിച്ചപ്പോള്‍ നിരസിച്ചു; ഷാര്‍ജയില്‍ ജമാഅത്തെ ഇസ്ലാമി പത്രത്തിന്റെ അതിഥിയായി ക്ഷണിച്ചപ്പോള്‍ അബുദാബിയില്‍ പറന്നെത്തി; മോഹന്‍ലാലിനെതിരെ എമ്പുരാനില്‍ തുടങ്ങിയ സംഘപരിവാര്‍ സൈബര്‍ ആക്രമണം വീണ്ടും കനത്തു
അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ക്ഷണിച്ചപ്പോള്‍ നിരസിച്ചു
തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ എമ്പുരാന്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. സിനിമയിലെ പ്രമേയത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മോഹന്‍ലാല്‍ പിന്നീട് സൈബറിടങ്ങളില്‍ തുടര്‍ച്ചയായി വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ സൈബറിടത്തില്‍ മോഹന്‍ലാലിനെതിരെ മറ്റൊരു വിഷയത്തിലും വിമര്‍ശനം കടുക്കുകയാണ്. ഷാര്‍ജയില്‍ നടന്ന 'ഗള്‍ഫ് മാധ്യമം' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിമര്‍ശനം.
ഈ വിഷയത്തില്‍ മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറാണ് രംഗത്തുവന്നത്. ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കെ മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത് ശരിയല്ലെന്നാണ് ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമി പത്രമായ 'ഗള്‍ഫ് മാധ്യമം' സംഘടിപ്പിച്ച 'കമോണ്‍ കേരള' ഏഴാം എഡിഷനില്‍ മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ആദരമാണ് 'കമോണ്‍ കേരള'യില്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യന്‍ നാടുകള്‍. തീര്‍ച്ചയായും അഭിനയ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് ഓര്‍ഗനൈസര്‍ രംഗത്തെത്തിയത്.
''മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്''- ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു.
യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്ഥാനില്‍ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നതായി ലേഖനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത് ശരിയല്ലെന്നും പദവി പിന്‍വലിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. മോഹന്‍ലാലിനെതിരെയുള്ള ലേഖനം നിലവില്‍ ഓര്‍ഗനൈസര്‍ പിന്‍വലിച്ചിട്ടുണ്ട്.
മുന്‍പും മോഹന്‍ലാല്‍ സിനിമ എമ്പുരാനെതിരെയും ഓര്‍ഗനൈസര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നായിരുന്നു ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും ചേര്‍ന്ന് ക്രിസ്ത്യന്‍ വിശ്വാസത്തെയും മൂല്യങ്ങളെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിരുന്നത്.