കൊച്ചി: ലോകത്തില്‍ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണെന്നും അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നതെന്നും എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. ഗസയിലെ കുട്ടികള്‍ വിശന്നു മരിക്കുന്നതിനെതിരേ പ്രതികരിച്ചതിന്റെ പേരിലാണ് പ്രൊഫ. എം ലീലാവതിക്കെതിരെ സൈബറിടത്തില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍, താന്‍ നിലപാട് മാറ്റില്ലെന്നും ലീലാവതി ടീച്ചര്‍ വ്യക്തമാക്കി.

എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെ, അവരോട് ശത്രുതയില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ച് ലീലാവതി പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളില്‍ രോഷം ഉണ്ടാക്കിയത്.

'ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' എന്നായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിനു പിന്നാലെ ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.

ചോറിനോടല്ലേ മടുപ്പുള്ളൂ,കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ എന്നാണ് 'കാസ' യുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉയര്‍ന്ന വിമര്‍ശനം. നിങ്ങളുടെ സ്വന്തം രാജ്യത്ത് ടൂറിസ്റ്റുകളായി കശ്മീരിലെത്തിയനിരപരാധികളായ 27 പേരെ മതംചോദിച്ച് വെടിവെച്ച് കൊന്നപ്പോഴും ഒരു കുഴപ്പമില്ലായിരുന്നോവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇസ്രായേലിനൊപ്പമെന്ന് പറഞ്ഞാണ് 'കാസ'യുടെ കുറിപ്പ് അവസാനിക്കുന്നത്.

എന്നാല്‍ എതിര്‍പ്പുകള്‍ നേരിട്ടു തന്നെയാണ് താന്‍ ഇതുവരെ എത്തിയതെന്നും കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യെന്നും അതില്‍ ജാതിയും മതവും താന്‍ നോക്കാറില്ലെന്നും ലീലാവതി വിമര്‍ശനങ്ങളോട് പ്രതികരിച്ചു. കുഞ്ഞുങ്ങളെ താന്‍ കുഞ്ഞുങ്ങളെയാണ് കാണുന്നത്. 2019ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താന്‍ കുടിച്ചതെന്നും ലീലാവതി പറഞ്ഞു.