തിരുവനന്തപുരം: ഒരു ദിവസം മുമ്പ് മമ്മൂട്ടിയുടെ ശബ്ദസന്ദേശം ആഘോഷപൂര്‍വം പങ്കുവെച്ചവര്‍ തൊട്ടടുത്ത ദിവസം മഹാനടനെ സൈബറിടത്തില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ച്ച കണ്ട് മമ്മൂട്ടി ആരാധകര്‍ ഞെട്ടുകയാണ്. സഖാക്കള്‍ തങ്ങളുടെ സ്വന്തമെന്ന് കരുതുന്ന മമ്മൂട്ടിയുടെ വാക്കുകള്‍ അവര്‍ക്ക് സുഖിച്ചില്ല എന്നതാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയത്. വയനാട് ടൗണ്‍ഷിപ്പില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് നടത്തിയ പരാമര്‍ശങ്ങളാണ് സി.പി.എം സൈബര്‍ ഹാന്‍ഡിലുകളെ ഒറ്റ ദിനം കൊണ്ട് മമ്മൂട്ടിയുടെ എതിരാളികളാക്കിയത്.

അതേസമയം ഈ വിഷയത്തില്‍ റഫീഖിനെതിരെയും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ജില്ലാ സെക്രട്ടറി പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മമ്മൂട്ടി വരുന്ന കാര്യം മുത നേതാക്കളെ ആരെയും അറിയിക്കാത്തതിലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയെയും ടൗണ്‍ഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കിയെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ വികാരം. അതേസമയം, വിവാദം ജില്ലാ കമ്മിറ്റിയിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. കെ റഫീഖിന് നേരെയുള്ള മമ്മൂട്ടിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഇതോടെ മമ്മൂട്ടി തന്നെ പ്രശ്‌ന പരിഹാരത്തിന് രംഗത്തെത്തുകയായിരുന്നു.

മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും കെ റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താന്‍, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും റഫീഖ് പറഞ്ഞു.

തന്റെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് വിശദീകരിച്ചു. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് വ്യക്തമാക്കിയതായും റഫീഖ് പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ ചില മാധ്യമങ്ങളും സൈബര്‍ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ ഉയര്‍ന്നുവന്ന മാതൃകാപരമായ ഈ ടൗണ്‍ഷിപ്പിന്റെ തിളക്കം ഇത്തരം വിവാദങ്ങള്‍ മൂലം കുറഞ്ഞുപോകരുതെന്നും റഫീഖ് അഭ്യര്‍ത്ഥിച്ചു.

അതേസമയം പെരുമ്പളം പാലം യാഥാര്‍ഥ്യമായതുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ ശബ്ദസന്ദേശമായിരുന്നു ശനിയാഴ്ച ഇടതുസൈബര്‍ ഹാന്‍ഡിലുകള്‍ ആഘോഷമാക്കിയത്. 'സാധാരണക്കാരന്റെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതാണ് യഥാര്‍ഥ വികസനമെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന സന്ദേശഭാഗം ഹൈലൈറ്റ് ചെയ്തായിരുന്നു മമ്മൂട്ടിയെ ഇവര്‍ ആഘോഷമാക്കിയത്. മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലും ഓഫീസ് തന്നെ ഔദ്യോഗികമായും ഈ ശബ്ദസന്ദേശം വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരുന്നു.

എന്നാല്‍ അന്ന് തന്നെ വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മമ്മൂട്ടി തന്നെ നിരന്തരം പിന്തുടര്‍ന്ന ജില്ല സെക്രട്ടറിയോട് നടത്തിയ സ്വകാര്യ സംസാരം പുറത്തുവന്നതോടെ ശബ്ദസന്ദേശം ആഘോഷമാക്കിയവരെയെല്ലാം നടനെ സൈബറിടത്തില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നവരായി മാറി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റഫീഖിന്റെ ഇടപെടല്‍ പുകഴ്ത്തുന്നതിനൊപ്പമായിരുന്നു മമ്മൂട്ടിക്കെതിരെ വ്യക്തി അധിക്ഷേപം ഉള്‍പ്പെടെയുള്ള വിമര്‍ശനം. പ്രമുഖ സി.പി.എം അനുകൂല വ്‌ലോഗര്‍മാരും മമ്മൂട്ടിക്കെതിരെ വിഡിയോകളുമായി രംഗത്തുവന്നു. സര്‍ക്കാറും സി.പി.എമ്മും പി.ആര്‍ വര്‍ക്കിന് വേണ്ടി വ്യാപകമായി ഉപയോഗിച്ച ടൗണ്‍ഷിപ്പ് പദ്ധതി സംബന്ധിച്ച് മമ്മൂട്ടി നടത്തിയ പ്രതികരണവും ഇവര്‍ക്ക് ദഹിച്ചിട്ടില്ല. ജനങ്ങളില്‍ നിന്ന് പിരിച്ച കാശാണല്ലോ ടൗണ്‍ഷിപ്പില്‍ കാണുന്നതെന്നും ഇതൊരു സാമൂഹ്യമൂലധനമാണെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങില്‍ മമ്മൂട്ടിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളും ഇടതുസൈബര്‍ കേന്ദ്രങ്ങള്‍ക്ക് രസിച്ചിരുന്നില്ല.

രാജപാതകളും കെട്ടിടങ്ങളുമല്ല വികസനമെന്നും അതിദാരിദ്ര്യത്തില്‍നിന്നേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നുമായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. അതേസമയം, മമ്മൂട്ടിയെ ഉപയോഗിച്ച് സര്‍ക്കാറും സി.പി.എമ്മും നടത്താന്‍ ലക്ഷ്യമിട്ട പി.ആര്‍ നീക്കമാണ് നടന്റെ പ്രതികരണത്തിലൂടെ പൊളിഞ്ഞതെന്ന് യു.ഡി.എഫ് സൈബര്‍ ഹാന്‍ഡിലുകള്‍ തിരിച്ചടിക്കുന്നു.