തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ ബലാത്സംഗക്കേസുകളിലെ വിവാദങ്ങള്‍ മുറുകുന്നു. മൂന്നാം പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ രാഹുലിന്റെ അടുത്ത സുഹൃത്ത് ഫെന്നി നൈനാനെതിരെ പോലീസ് കേസെടുത്തു. പരാതിക്കാരിയുടെ സ്വകാര്യതയും ഐഡന്റിറ്റിയും വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്നാണ് ഫെന്നിക്കെതിരെയുള്ള കുറ്റം. തനിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഫെന്നി നൈനാന്‍ രംഗത്തെത്തി. താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കേസെന്നുമാണ് ഫെന്നിയുടെ ആരോപണം.

പരാതിയും പോലീസ് നടപടിയും

രാഹുലിനെതിരെ മൂന്നാമത് പരാതി നല്‍കിയ യുവതിയെ ലക്ഷ്യമിട്ട് സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയിലുള്ള വേട്ടയാടല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫെന്നി നൈനാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് കേസിലേക്ക് നയിച്ചത്. അതിജീവിതയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന രീതിയിലാണ് പ്രചാരണമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

വെല്ലുവിളിച്ച് ഫെന്നി നൈനാന്‍

തനിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഫെന്നി നൈനാന്‍ രംഗത്തെത്തി. താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കേസെന്നുമാണ് ഫെന്നിയുടെ ആരോപണം. ഫെന്നി ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: 'പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരാണെന്ന് പറഞ്ഞിട്ടില്ല. ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റമാണെന്ന് എനിക്കറിയാം.?: ആദ്യദിവസങ്ങളില്‍ പരാതിക്കാരുടെ ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ല?

രണ്ടാമത്തെ പരാതിയില്‍ പെണ്‍കുട്ടിയെ ഹോംസ്റ്റേയില്‍ എത്തിച്ചു നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന തന്നെ എന്തുകൊണ്ട് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല? 2024 ഏപ്രിലില്‍ പീഡനം നടന്നുവെന്ന് പറയുന്ന പരാതിക്കാരി, അതിന് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്‌ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ടാണെന്നും ഫെന്നി ചോദിക്കുന്നു.

'നിങ്ങള്‍ എത്ര കേസെടുത്താലും സത്യം കോടതിയില്‍ തെളിയും. എഫ്.ഐ.ആര്‍ ലഭിച്ചാലുടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി നൈനാന്‍ വ്യക്തമാക്കി.

ഫെനിയുടെ പോസ്റ്റ്:


രാഹുല്‍ എംഎല്‍എയ്ക്കെതിരെയുള്ള കേസില്‍ പരാതിക്കാരിയെ ആക്ഷേപിച്ചു എന്ന പേരില്‍ എനിക്കെതിരെ കേസെടുത്തു എന്ന് മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു.

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് എനിക്ക് അറിയാം. ഞാന്‍ ഒരു രീതിയിലും അത് ചെയ്തിട്ടില്ല. ഇനി ചാറ്റ് പുറത്ത് വിട്ടതിനാണ് കേസ് എങ്കില്‍ ആദ്യ ദിവസങ്ങളില്‍ കുറെ ചാറ്റുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നല്ലോ ? അവര്‍ക്കെതിരെ എന്താണ് കേസെടുക്കാത്തത് ?

എന്തായാലും കേസിനെ നിയമപരമായി നേരിടും. ഈ വിഷയത്തില്‍ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ട്. പ്രതികാരബോധ്യത്തിന്റെ ഭാഗമായി എന്നെ വേട്ടയാടാന്‍ നിങ്ങള്‍ക്ക് പറ്റും. പക്ഷേ എല്ലാത്തിനും മുകളില്‍ കോടതിയുണ്ട്. അവിടെ സത്യം ബോധിപ്പിക്കും. എഫ്‌ഐആര്‍ ലഭിക്കുന്ന സമയത്ത് തന്നെ അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും.

പക്ഷേ നിങ്ങള്‍ എത്ര കേസെടുത്താലും ഞാന്‍ എന്റെ പോസ്റ്റില്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ നില നില്‍ക്കുന്നു.

1) രണ്ടാമത്തെ കേസില്‍ ബലാത്സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് നല്‍കിയ എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല ?

2) 2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ മൂന്നാമത്തെ കേസിലെ പരാതിക്കാരി എന്ത് കൊണ്ട് പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ' I prefer his flat, safe place, night aayalum kizhappamilla' എന്നു പറഞ്ഞത് എന്ത് കൊണ്ടാണ് ?


അന്വേഷണം മുറുകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതികളില്‍ ഫെന്നി നൈനാന്റെ പേരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. രാഹുലിനെതിരായ പരാതികള്‍ ഒന്നൊന്നായി വന്നപ്പോഴും ഫെന്നി നൈനാന്‍ അദ്ദേഹത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും ഒടുവിലായി, രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ് നല്‍കിയ പരാതിക്കാരിയുമായി താന്‍ നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫെന്നി നൈനാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഈ പോസ്റ്റില്‍ ഞാന്‍ അതിജീവിത ആരെന്ന് പറഞ്ഞിട്ടില്ല. ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല' എന്ന പ്രത്യേക അറിയിപ്പോടെയായിരുന്നു ഈ പോസ്റ്റ്.

ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും രാഹുല്‍ ചെയ്തിട്ടില്ലെന്നും, ധാര്‍മികമായി രാഹുല്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ താന്‍ ആളല്ലെന്നും ഫെന്നി നൈനാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇവിടെ കോടതിയുണ്ടെന്നും, സത്യം അവിടെ തെളിയുമെന്നും, അന്ന് രാഹുലിനെ വേട്ടയാടിയവര്‍ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.