റബിക്കടലിൽ രൂപം കൊണ്ട 'ശക്തി' ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. മണിക്കൂറിൽ നൂറ് കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളോട് സജ്ജമായിരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം, 'ശക്തി' ചുഴലിക്കാറ്റ് അറബിക്കടലിലൂടെ കൂടുതൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിക്കുന്നതനുസരിച്ച്, ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ചയോടെ വടക്ക്-പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ ഇത് ദിശ മാറ്റി കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുകയും പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യും.

ചുഴലിക്കാറ്റിന്റെ മുന്നേറ്റത്തെത്തുടർന്ന്, ഗുജറാത്ത്-വടക്കൻ മഹാരാഷ്ട്ര തീരപ്രദേശങ്ങളിലും സമീപ കടൽ പ്രദേശങ്ങളിലും ഞായറാഴ്ച വരെ കടൽ പ്രക്ഷുബ്ധം മുതൽ അതിപ്രക്ഷുബ്ധം വരെയാകാൻ സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 3 മുതൽ 5 വരെ വടക്കൻ മഹാരാഷ്ട്ര തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചില സന്ദർഭങ്ങളിൽ 65 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങളായ മറാത്ത്‌വാഡ, കിഴക്കൻ വിദർഭയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ, വടക്കൻ കൊങ്കണിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റികൾ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. തീരദേശ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയെ നേരിടാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.