- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയ്ക്കായി ഫഡ്നാവീസ് വാരിയെടുത്തത് 9.30 ലക്ഷം കോടി; തെലുങ്കാനയ്ക്കായി റെഡ്ഡി വൈഭവം കൊണ്ടു പോകുന്നത് 10,000 കോടി നിക്ഷേപം; ദാവോസില്‍ ഇതെല്ലാം കണ്ടും കേട്ടും കണ്ണു തള്ളി മന്ത്രി പി രാജീവും സംഘവും; 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്ന നയത്തില്‍ ആഗോള നിക്ഷേപകര്‍ക്ക് സംശയമോ? ലോക സാമ്പത്തിക ഫോറത്തില്‍ കേരളത്തിന് നിരാശ മാത്രം
ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ കേരള പവിലിയന്‍ തുറന്നത് ലക്ഷങ്ങള്‍ മുടക്കിയാണ്. കേരളത്തിലെ വ്യവസായ സാധ്യതകള്‍ വിവരിക്കുന്നതാണ് പവിലിയന്‍. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്റെ വിവരങ്ങളും കേരള പവിലിയനിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ദാവോസ് ലോക സാമ്പത്തിക ഫോറം ലോകത്തെ പ്രധാന നിക്ഷേപകര്‍ക്കു മുന്നില്‍ കേരളത്തെ പരിചയപ്പെടുത്താന്‍ അവസരമായെന്നും വ്യവസായ വകുപ്പ് വിലയിരുത്തി. പക്ഷേ ഇതൊന്നും കേരളത്തിലേക്ക് നിക്ഷം എത്തിക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ സര്‍ക്കാനുമുള്ളത്. ദാവോസില്‍ ഒരു കരാറും കേരളത്തിന് ഒപ്പിടാനായില്ല.
ദാവോസിലെ ലോക സാമ്പത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്ര കൈവരിക്കുന്നത് സമാനതകളില്ലാത്ത നേട്ടമാണ്. 9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്. നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാനയും സ്വന്താമാക്കി. കേരളത്തിന് ഒരു നിക്ഷേപ കരാറില്‍ പോലും ഒപ്പിടാന്‍ സാധിച്ചിട്ടില്ല. വെറും ചര്‍ച്ചകളാണ് വ്യവസായ മന്ത്രി പി രാജീവും സംഘവും നടത്തുന്നത്. ഈ ചര്‍ച്ചകള്‍ ഭാവിയില്‍ മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മഹാരാഷ്ട്രയും തെലുങ്കാനും ദാവോസില്‍ നിന്നു തന്നെ നിക്ഷേപം ഉറപ്പാക്കുന്നുവെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് കേരളത്തിന് അതിന് കഴിയാത്തതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്ന നയമാണ് തന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും മുമ്പോട്ട് വച്ചിരുന്നു. പക്ഷേ അത് ദാവോസില്‍ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നതാണ് വസ്തുത.
സാമ്പത്തിക ഫോറത്തില്‍ ലോകത്തെ പ്രമുഖ കമ്പനികളുമായും നിക്ഷേപകരുമായും വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള കേരള സംഘം ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറിന്റെ ഫ്‌ളീറ്റ്‌സ് വിഭാഗം ആഗോള മേധാവി പ്രദീപ് പരമേശ്വരന്‍, സൗദി അറേബ്യയുടെ നിക്ഷേപ - വ്യവസായ വികസന പദ്ധതികളുടെ ആസൂത്രണ ചുമതലയുള്ള റോയല്‍ കമ്മിഷന്‍ ഫോര്‍ ജുബൈല്‍ ആന്‍ഡ് യമ്പു പ്രസിഡന്റ് ഖാലിദ് മുഹമ്മദ് അല്‍ സലിം, ഹൈനെകെന്‍ സി.ഇ.ഒ. ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക്, ഗ്രീന്‍കോ സി.ഇ.ഒ. അനില്‍കുമാര്‍ ഷെട്ടി, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പ് സ്ഥാപകന്‍ ഹരി എസ്. ഭാരതിയ, ഭാരത് ഫോര്‍ജ് സി.ഇ.ഒ. നീലേഷ് തുംഗാര്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തി. ബെല്‍ജിയം ആസ്ഥാനമായ എ.ബി. ഇന്‍ ബെവിന്റെ ഇന്ത്യ പ്രസിഡന്റ് കാര്‍ത്തികേയ ശര്‍മ, ഹിറ്റാച്ചി ഇന്ത്യ എം.ഡി. ഡോ. ഭാരത് കൗശല്‍ എന്നിവരുമായും പി. രാജീവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാം വാര്‍ഷിക സമ്മേളനത്തിനിടെ ഫോറം മേധാവികളുമായും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ചര്‍ച്ച നടത്തിയിരുന്നു. നിര്‍മിത ബുദ്ധി (എ.ഐ.), എം.എസ്.എം.ഇ., ജൈവ വൈവിധ്യം, നൈപുണ്യ വികസനം, ഹരിതോര്‍ജം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല സഹകരണത്തിന് കേരളം താത്പര്യമറിയിച്ചിരുന്നു. ദാവോസില്‍ മഹാരാഷ്ട്ര 31 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിട്ടുള്ളത്. വാഹനം, ഉരുക്ക്, പ്രതിരോധം, വൈദ്യുതവാഹനം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാണ് നിക്ഷേപം. ജെ.എസ്.ഡബ്ല്യു., ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാര്‍ റിന്യൂവബിള്‍സ്, ഭാരത് ഫോര്‍ജ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഫ്ര, ഒലക്ട്ര ഗ്രീന്‍ടെക് തുടങ്ങിയ കമ്പനികള്‍ മഹാരാഷ്ട്രയില്‍ നിക്ഷേപിക്കും.
മഹാരാഷ്ട്രയില്‍ ഉരുക്ക്, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, വൈദ്യുതവാഹനം, ലിഥിയം അയോണ്‍ ബാറ്ററി, സോളാര്‍ സെല്‍ മൊഡ്യൂള്‍, സിമന്റ്, അടിസ്ഥാനസൗകര്യവികസനം എന്നിങ്ങനെ വിവിധ മേഖലകളില്‍ മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് ലക്ഷ്യമിടുന്നത്. എസ്സാര്‍ റിന്യൂവബിള്‍സ് 8000 കോടി, യു.പി.എല്‍.- 6500 കോടി, പവറിന്‍ ഊര്‍ജ -15,300 കോടി, ഒലക്ട്ര ഗ്രീന്‍ടെക് 3000 കോടി എന്നിങ്ങനെയും ലക്ഷ്യമിടുന്നു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഘവും വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയില്‍വെച്ച് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവെച്ചത്. സി. ഡാറ്റാ സെന്റേഴ്സ് എന്നകമ്പനി തെലങ്കാനയില്‍ നൂതന എ.ഐ. ഡാറ്റാസെന്റര്‍ സ്ഥാപിക്കാന്‍ കരാറായി.
മുഖ്യമന്ത്രിയുടെയും സംസ്ഥാന ഐ.ടി. മന്ത്രി ശ്രീധര്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ കമ്പനി ഉന്നതോദ്യോഗസ്ഥരാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് 3600 പേര്‍ക്ക് തൊഴില്‍നല്‍കും. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നാംദിവസവും അനേകം വന്‍കിടവ്യവസായികളും ഉന്നതോദ്യോഗസ്ഥരുമായി നിക്ഷേപത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.