- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകൾ ഇന്ത്യയിൽ നിർമ്മിച്ചവ; കണ്ണിലൊഴിക്കുന്ന മരുന്നു തിരിച്ചുവിളിച്ചത് മരുന്നിലെ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന യുഎസ് കണ്ടെത്തലിൽ; നാണക്കേട് ഒഴിവാക്കാൻ ഒടുവിൽ കേന്ദ്ര ഇടപെടൽ; 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ തിരുത്തലിന്
ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ) നടപടികളിലേക്ക് കടക്കുന്നത് വിദേശത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനെതിരെയാണ് നടപടി. ഇവരോടെ നിർമ്മാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരശോധന നടത്തിയത്. മരുന്ന് വിപണിയിൽ ആഗോള തലത്തിൽ ഇന്ത്യ കരുത്ത് കാട്ടാറുണ്ട്. ഈ ആധിപത്യം തകരാതിരിക്കാനാണ് ഇടപെടലുകൾ.
26 കമ്പനികൾക്കു നോട്ടീസ് നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ നിർമ്മിത വ്യാജ മരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന നടത്തിയാണ് നടപടി. റെയ്ഡുകൾ ഇനിയും തുടരും.മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിലായി ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര സംസ്ഥാന സംഘങ്ങൾ സംയുക്തമായാണു പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തി വരികയായിരുന്നു.
കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് ലൈഫ്‌സയൻസ് എന്ന കമ്പനി 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നു മുഴുവൻ തിരിച്ചുവിളിച്ചിരുന്നു. മരുന്നിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെയായിരുന്നു നടപടി. ഇതെല്ലാം ആഗോള തലത്തിൽ തന്നെ ചർച്ചയായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി പരിശോധനയും നടപടികളും എടുക്കുന്നത്.
കഴിഞ്ഞ പതിനഞ്ചു ദിവസത്തോളമായി ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാൻ, തെലങ്കാന, സിക്കിം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബെംഗാൾ തുടങ്ങിയവിടങ്ങളിൽ ഡി.സി.ജി.ഐ പരിശോധന നടത്തിവരികയായിരുന്നു. ഇന്ത്യൻ നിർമ്മിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ഗുരുതരരോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്.
ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകളും ഇന്ത്യയിൽ നിർമ്മിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമ്മിച്ച ചുമമരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്. ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയൻസസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചതും നാണക്കേടായി. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടുമെന്നാണ് വിലയിരുത്തൽ. 12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നത്. ഇതിനുപുറമേ അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും. ഇതിനൊപ്പമാണ് കേന്ദ്രവും നടപടികളുമായി എത്തുന്നത്. ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും.
നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വിൽക്കുന്നത്. മൊത്തവ്യാപാര വിലസൂചികയിലെ വർധന അടിസ്ഥാനമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റിയാണ് (എൻ.പി.പി.എ.) നിർമ്മാതാക്കൾക്ക് വിലവർധയ്ക്ക് അനുമതി നൽകുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം മൊത്തവ്യാപാര വിലസൂചിക 2022-ൽ 12.12 ശതമാനം വരും. അതിനാലാണ് ഇത്രയും വലിയ വർധനയ്ക്ക് അനുമതി നൽകുന്നത്. അവശ്യമരുന്നുകളുടെ വില മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിൽ വർഷംതോറും പുതുക്കാറുണ്ട്. സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.
കഴിഞ്ഞവർഷം പത്തുശതമാനത്തിലധികമായിരുന്നു വർധന. രണ്ടുവർഷത്തിനിടെ 23 ശതമാനം വിലയാണ് കൂടുന്നത്. കഴിഞ്ഞതവണ വിലക്കൂടുതലിന്റെ ആഘാതം കുറയ്ക്കാൻ കേന്ദ്രം ഇടപെട്ടതിനെത്തുടർന്ന് 500-ഓളം ഇനങ്ങൾക്ക് വിലകുറച്ചു. മരുന്ന് നിർമ്മാണച്ചെലവ് വലിയതോതിൽ വർധിച്ചതായി നിർമ്മാതാക്കൾ പലതവണ സർക്കാരിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വിലവർധനയ്ക്ക് അനുമതി നൽകുന്നത്. പ്രമേഹം, അമിതരക്തസമ്മർദം, ഹൃദ്രോഗം, കൊഴുപ്പിലെ വ്യതിയാനങ്ങൾ തുടങ്ങി വിവിധ ജീവിതശൈലീ രോഗത്തിനുള്ള മരുന്നു വിലയും കൂടും.
മറുനാടന്‍ മലയാളി ബ്യൂറോ