കൊച്ചി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്ന് ദീപിക വിമര്‍ശിക്കുന്നു. ഛത്തീസ്ഗഡിലും ഒറീയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെ സ്നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്നും മുഖുപ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കി.

'കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന' എന്ന തലക്കെട്ടോടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമ സംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ അനുഗ്രഹാശിര്‍വാദത്തോടെ ഹിന്ദുത്വയുടെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുകയാണ്. രണ്ട് കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയത്. മുന്‍പും നിരവധിതവണ ക്രൈസ്തവ നേതാക്കള്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കണ്ട് നിവേദനം നല്‍കിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മൈത്രാന്മാരും പ്രതിപക്ഷവും അഭ്യര്‍ത്ഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കള്‍ കാര്യങ്ങളറിയാന്‍ എന്നും ദീപിക ചോദിക്കുന്നു.

'കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശങ്ങളോടെ പൊലീസിന് കൈമാറുക...മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു', മുഖപത്രം ചൂണ്ടിക്കാട്ടി.

ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കില്‍ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. വര്‍ഗീയവാദികള്‍ എപ്പോള്‍ ചോദിച്ചാലും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷവിലക്ക്. സന്യസ്തര്‍ക്ക് അവരുടെ വേഷത്തില്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്', മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.

19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.