- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപ്തിയെ വിളിച്ച് ആശ്വസിപ്പിച്ച് കെസി; പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് ഹൈക്കമാണ്ട്; നിയമസഭാ തിരഞ്ഞെടുപ്പില്‍ അംഗീകാരം വരുമെന്ന് ഉറപ്പ്; ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്ന് ദീപ്തിയുടെ ചിത്രം പങ്കുവച്ച് കുഴല്‍നാടന്‍; ദീപ്തി മേരി വര്‍ഗ്ഗീസ് പ്രതിസന്ധിയുണ്ടാക്കില്ല; മേയര്‍ സ്ഥാനം വേണ്ടെന്ന് വയ്ക്കും
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ടതില്‍ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഇനി മേയര്‍ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയര്‍ ആകാം എന്ന് കരുതിയല്ല താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതെന്നും ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചിരുന്നു. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരിട്ടുവിളിച്ച് അനുനയ നീക്കങ്ങള്‍ നടത്തിയതായാണ് വിവരം. അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ അംഗീകാരം വരുമെന്ന് ഉറപ്പുനല്‍കിയതായുമാണ് വിവരം.
കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തതെന്നാണ് ദീപ്തി ആരോപിക്കുന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍ മറുപടി പറയണം. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ഇനി മേയര്‍ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നതല്ല. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കും. മറ്റ് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടില്ല. സ്ഥാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്തത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
അതേ സമയം മേയര്‍ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ട ദീപ്തി മേരി വര്‍ഗീസിനെ മെട്രോപൊളിറ്റന്‍ (എംപിസി) ചെയര്‍പേഴ്സണാക്കാമെന്നാണ് നേതൃത്വം പറയുന്നത്. ദീപ്തി മേരി അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താന്‍ മത്സരിച്ചതെന്നും ജയിച്ചാല്‍ മേയറാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയെന്ന വിവരമുണ്ട്.
കൊച്ചി മേയര്‍ ആകാം എന്ന് കരുതിയല്ല താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകള്‍ വന്നാല്‍ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിര്‍ദേശം. എന്നാല്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാര്‍ട്ടിയില്‍ നില്‍ക്കുന്ന ആളല്ല താന്‍. രാഷ്ട്രീയപ്രവര്‍ത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്. ആദ്യത്തെ രണ്ടര വര്‍ഷം മിനിമോളും പിന്നീടുള്ള രണ്ടര വര്‍ഷം ഫോര്‍ട്ട്‌കൊച്ചി ഡിവിഷനില്‍നിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയര്‍പദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാര്‍ രണ്ടരവര്‍ഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. വി കെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ദീപ്തി പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് ദീപ്തി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗ് ഇടഞ്ഞ് നില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സ്വന്തമായി ഭൂരിപക്ഷം ഉണ്ടെങ്കില്‍ ചര്‍ച്ച വേണ്ട എന്ന നിലപാട് അപമാനിക്കുന്നതിന് തുല്യമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ പറഞ്ഞു. ഡെപ്യൂട്ടി മേയറെ പ്രഖ്യാപിച്ചതിന് ശേഷം ചര്‍ച്ചക്ക് വിളിച്ച കോണ്‍ഗ്രസ് നടപടി അസഹനീയമാണ്. കോര്‍പറേഷനിലെ നിലപാട് സംസ്ഥാന നേതൃത്വം പരിഗണിക്കുമെന്നും മുഹമ്മദ് ഷാ കൂട്ടിച്ചേര്‍ത്തു.
സമൂഹ്യ മാധ്യമത്തില്‍ ദീപ്തിക്ക് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വര്‍ഗീസ് ഇന്നലെ ആരോപിച്ചിരുന്നു. കോര്‍ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാല്‍ 3.50 ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരെ കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. അവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.
അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കി. ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയില്‍ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആര്‍ അഭിലാഷ് വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വില പോലും നല്‍കിയില്ലെന്നും അഭിലാഷ് പ്രതികരിച്ചു.
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വര്‍ഗീസിന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ രംഗത്തുവന്നിരുന്നു. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ലെന്നാണ് കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴല്‍നാടന്‍ പിന്തുണച്ചത്. ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴല്‍നാടന്‍ കുറിച്ചു. കൊച്ചി മേയര്‍ പ്രഖ്യാപനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കും. അതി തീവ്ര ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടന്നതെന്നും അജയ് തറയില്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍
കൊച്ചി മേയര്‍ പദവിയുടെ കാര്യത്തില്‍ നിര്‍ണായകമായത് കെ.സി വേണുഗോപാലിന്റെ നിലപാടെന്നാണ് വിവരം. ജില്ലയിലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം വേണുഗോപാല്‍ പരിഗണിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.സി വേണുഗോപാലും കൂടിയാലോചിച്ച ശേഷം ഡിസിസി തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് എല്ലാവരും അംഗീകരിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്യും. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് ഐക്യം വേണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നത്. വിട്ടുവീഴ്ചകള്‍ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ടു പോകണം. ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പാര്‍ട്ടി തീരുമാനത്തെ അവര്‍ അംഗീകരിക്കുന്നു. പാര്‍ട്ടി തീരുമാനം അന്തിമമാണ്. അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യും. ഒന്നിനോടും കടക്കു പുറത്ത് എന്ന രീതി പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം കടുക്കുന്നു
കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ടേം വ്യവസ്ഥയില്‍ എ, ഐ ഗ്രൂപ്പുകള്‍ പങ്കിടാനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്. ആദ്യ രണ്ടര വര്‍ഷം ഐ ഗ്രൂപ്പിന്റെ വി.കെ. മിനിമോള്‍ മേയറാകും. ഇക്കാലയളവില്‍ എ ഗ്രൂപ്പിന്റെ ദീപക് ജോയി ഡെപ്യൂട്ടി മേയര്‍. തുടര്‍ന്ന് എ ഗ്രൂപ്പിലെ ഷൈനി മാത്യു മേയറും ഐ ഗ്രൂപ്പിലെ കെ.വി.പി. കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറുമാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം.മേയര്‍ സ്ഥാനത്തിന് ലത്തീന്‍സഭ പിടിമുറുക്കിയതാണ് ദീപ്തിക്ക് തിരിച്ചടിയായത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മിനിമോള്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഷൈനി മാത്യു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ അധികവും എ ഗ്രൂപ്പിനൊപ്പമുള്ളവരാണ്. ഈ സാഹചര്യത്തില്‍ സഭയ്ക്ക് താത്പര്യക്കുറവുള്ള ദീപ്തിയെ മേയറാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഐ ഗ്രൂപ്പ് മിനിമോളിലേക്ക് എത്തിയതെന്നാണ് വിവരം. മേയറെ നിശ്ചയിച്ചത് കെ.പി.സി.സി മാനദണ്ഡങ്ങള്‍ മറികടന്നാണ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ഇതിനായി പ്രവര്‍ത്തിച്ചു. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ദീപ്തി അനുകൂലികള്‍ ആരോപിക്കുന്നത്.




