- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ കമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയില്ല; സി.പി.എം സംസ്ഥാന നേതൃത്വം കട്ടക്കലിപ്പില്‍; രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി; തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് അനുകൂല അന്തരീക്ഷം ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍; പ്രചരണം ആരംഭിച്ച് കോണ്‍ഗ്രസ്
സി.പി.എം സംസ്ഥാന നേതൃത്വം കട്ടക്കലിപ്പില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പട്ടിക അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം ജില്ലാ കമ്മിറ്റികള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാന നേതൃത്വം ഇടപെടാനൊരുങ്ങുന്നു. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
സാധാരണയില്‍ നിന്നും വിപരീതമായി കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏതാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ സി.പി.എം ഏറെ പിന്നിലാണ്. മുഖ്യമന്ത്രിയുടെ പെന്‍ഷന്‍ വര്‍ധനവ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നല്‍കിയ ഊര്‍ജ്ജത്തില്‍ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്ന സി.പി.എമ്മിന് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതാണ് ഇപ്പോള്‍ തലവേദനയാകുന്നത്.
ഈ ആഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഡിസംബര്‍ അഞ്ചിനും 15 നും ഇടയില്‍ വോട്ടെടുപ്പ് ഉണ്ടാകും. ഡിസംബര്‍ 20-ന് മുമ്പ് വോട്ടെണ്ണലും പൂര്‍ത്തിയാക്കും. ഡിസംബര്‍ 20 നു മുന്‍പാണ് പുതിയ തദ്ദേശ സ്ഥാപന ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് തീയതി കുറിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ കളത്തില്‍ ഇറക്കുന്ന തരത്തിലാണ് മൂന്നു മുന്നണികളും ഒരുക്കങ്ങള്‍ നടത്തുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സി.പി.എം സംസ്ഥാന കമ്മിറ്റി മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഇത്തവണ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം മത്സരിച്ചിട്ടില്ലെങ്കില്‍ മൂന്നാം തവണ പരിഗണിക്കും. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇളവ് വേണമെങ്കില്‍ സംസ്ഥാന സമിതിയും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കാണെങ്കില്‍ ജില്ലാ കമ്മിറ്റിയും തീരുമാനിക്കണം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയെടുത്ത ശേഷം മത്സരിക്കാമെന്നാണ് തീരുമാനം.
വിജയ സാധ്യത പ്രധാന മാനദണ്ഡമാണെങ്കിലും യുവാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാണ് സി.പി.എം ഒരുങ്ങുന്നത്. മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായില്ലെങ്കില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കാം. എന്നാല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ബന്ധമുള്ളവരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുതെന്നും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരുടെ വോട്ട്് ഉറപ്പിക്കാനാണ് നിര്‍ദ്ദേശം. അത്തരത്തിലുള്ള ഗുണഭോക്താക്കളുടെ പ്രതികരണം കിട്ടുകയാണെങ്കില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കോര്‍പ്പറേഷനിലും നാല് മുനിസിപ്പാലിറ്റികളിലും കഴിഞ്ഞ തവണ ഇടത് ആധിപത്യമായിരുന്നു. അതേ വിജയം ഇത്തവണയും നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ഇപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സര്‍ക്കാരിന് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത്തവണ കോണ്‍ഗ്രസ് വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അന്‍പതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്, അവര്‍ പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളെയും മുന്‍ എം.എല്‍.എമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക രൂപീകരിക്കുന്നത്. എല്ലാ ജില്ലകളിലും ബി.ജെ.പി ഏതാണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി പ്രഖ്യാപനം മാത്രമാണ് പുറത്തുവരാനുള്ളത്.




