- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം'; റെയില്‍വേയെ 'പ്രതിക്കൂട്ടിലാക്കി' ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
സമാനമായ പേരുള്ള രണ്ട് ട്രെയിനുകള്‍, അറിയിപ്പില്‍ ആശയക്കുഴപ്പം
ന്യൂഡല്‍ഹി: തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിക്കാനിടയായ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തില്‍ റെയില്‍വേ അധികൃതരെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമാണ് അപകടത്തിന് ഇടയാക്കിയത്. പ്രയാഗ്രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വന്‍ദുരന്തത്തിനിടയാക്കിയതെന്നാണ് ഡല്‍ഹി പോലീസ് നല്‍കുന്ന വിവരം. പ്രയാഗ്രാജ് എക്‌സ്പ്രസ്, പ്രയാഗ്രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.
'പ്രയാഗ്രാജ്' എന്ന് തുടങ്ങുന്ന രണ്ട് ട്രെയിനുകള്‍ ഒരേ സമയം രണ്ട് പ്ലാറ്റഫോമുകളില്‍ എത്തി. പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രയാഗ്രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇത് 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പ്രയാഗ്രാജ് എക്‌സ്പ്രസിന് കാത്തിരുന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങള്‍ക്ക് കയറേണ്ട ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് വരുന്നതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചു. ഇവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ തുടങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ വലിയതോതിലുള്ള ആള്‍ക്കൂട്ടം രൂപപ്പെട്ടു.
ജനറല്‍ ടിക്കറ്റുകള്‍ കൈവശംവെച്ചിരുന്നവര്‍ 12,13,14 പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാന്‍ തിരക്കുകൂട്ടുകയും ചെയ്തതോടെ കാര്യങ്ങള്‍ ദുരന്തത്തില്‍ അവസാനിച്ചുവെന്നും പോലീസ് പറയുന്നു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതിനാല്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
14-ാമത്തെ പ്ലാറ്റ്ഫോമില്‍ വന്ന പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ കഴിയാത്തവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് നീങ്ങാന്‍ തുടങ്ങിയത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമായതായും ഡല്‍ഹി പോലീസ് പറഞ്ഞു. രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.
പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്‌സ്പ്രസ് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനില്‍ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു. 1500ത്തോളം ജനറല്‍ ടിക്കറ്റുകളാണ് വിറ്റത്.
പ്രയാഗ്രാജ് എക്‌സ്പ്രസ് 14-ാം പ്ലാറ്റ്ഫോമിലും, മഗധ് എക്‌സ്പ്രസ് 12-ാം പ്ലാറ്റ്ഫോമിലും, സ്വതന്ത്ര സേനാനി എക്‌സ്പ്രസ് 13-ാം പ്ലാറ്റ്ഫോമിലും, ഭുവനേശ്വര്‍ രാജധാനി 15-ാം പ്ലാറ്റ്ഫോമിലുമാണ് നിര്‍ത്തിയത്. ഇതില്‍ അവസാനത്തെ മൂന്ന് തീവണ്ടികള്‍ വൈകിയാണ് ഓടിയിരുന്നത്.
ദുരന്തത്തേക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ഡല്‍ഹി പോലീസ് ഉന്നതതല യോഗം ചേരുകയും ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടംഗ സമിതിയും അറിയിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോകാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും. ഇന്നലെ രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് വന്‍തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.