ഡൽഹി: കുറച്ച് ദിവസങ്ങളായി വളരെ മോശമായിട്ടാണ് രാജ്യതലസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. പ്രദേശങ്ങളിലെ ജനജീവിതം തന്നെ വളരെ ദുസ്സഹനീയമാണ്. ആർക്കും പുറത്തിറങ്ങാൻ കൂടി കഴിയാത്ത അവസ്ഥ.

ഇപ്പോഴിതാ ഡൽഹിയിൽ താങ്ങാൻ കഴിയാത്ത കൊടുംതണുപ്പിനൊപ്പം രാജ്യ കനത്ത മഴയും ജനങ്ങളെ വലച്ചിരിക്കുകയാണ്. അതുപോലെ മറ്റൊരു പ്രതിഭാസവും കൂടി ഡൽഹിയിൽ കഴിഞ്ഞ 101 വർഷത്തിനിടെ ഡിസംബർ മാസത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കഴിഞ്ഞ ദിവസമാണ്.

ഡൽഹിയിൽ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 41.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഡിസംബറിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ, 1923 ഡിസംബർ 3 നാണ് ഇതിന് മുൻപുണ്ടായത്. 75.7 മില്ലിമീറ്റർ മഴയാണ് അന്ന് പെയ്തത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും ശനിയാഴ്ച മഴ പെയ്തു. താപനില കുത്തനെ 13 ഡിഗ്രി സെൽഷ്യസായി കുറയുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്‌ക്കിടെ വായു ഗുണനിലവാരത്തിൽ കുറച്ച് പുരോഗതി ഉണ്ട്, എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 179 ആണ് രേഖപ്പെടുത്തിയത്.

മഴയെ തുടർന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ആർകെ പുരത്തെ സെക്ടർ-9 ലെ റോഡിന്‍റെ ഒരു ഭാഗം തകർന്നു. ഡൽഹിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ഹിമാചൽ പ്രദേശിൽ ശീതക്കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, വിദർഭ, മധ്യമഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും ഇടിമിന്നൽ ഉണ്ടാകാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

ഇന്ന് പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ജനങ്ങൾ വേണ്ട മുൻകരുതലുകൾ പാലിക്കണമെന്നും എല്ലാവരും സുരക്ഷിതമായി കഴിയണമെന്നും അധികൃതർ വ്യക്തമാക്കി.