കൊച്ചി: ശബരിമലയില്‍ ദേവസ്വത്തിന്റെ കൈവശമുള്ള സ്വര്‍ണ്ണം, വെള്ളി, തിരുവാഭരണം എന്നിവയുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കൊച്ചി സ്വദേശിയായ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചത്. വിശദമായ മറുപടി ലഭിക്കാത്തതിനാല്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഒക്ടോബര്‍ 15 ന് വാദം കേള്‍ക്കും.

ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 1250 ലധികം ക്ഷേത്രങ്ങളുണ്ട്. സ്വര്‍ണ്ണം, വെള്ളി, തിരുവാഭരണം എന്നിവയുടെ വിശദാംശങ്ങള്‍ ഓരോ ദേവസ്വത്തിലും സൂക്ഷിച്ചിരിക്കുന്നു. ക്രോഡീകരിച്ചു ലഭ്യമല്ലാത്തതിനാല്‍, വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ല. തിരുവാഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും മറുപടിയില്‍ പറയുന്നു. വിശദമായ മറുപടി ലഭിക്കാത്തതിനാല്‍ ഗോവിന്ദന്‍ നമ്പൂതിരി സംസ്ഥാന വിവരാവകാശ കമ്മീഷന് മുമ്പാകെ അപ്പീല്‍ നല്‍കി. കമ്മീഷന്‍ ഒക്ടോബര്‍ 15 ന് വാദം കേള്‍ക്കും.