- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവേന്ദു കൊലപാതക കേസ് പ്രതി ഹരികുമാര്‍ പൊലീസിന് മുന്നില്‍ അഭിനയിക്കുന്നോ? പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍; കുഞ്ഞിനെ താനല്ല കൊന്നതെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് കരഞ്ഞ് ഹരികുമാര്‍; പൊലീസിനെ ആകെ കുഴപ്പിച്ച് കേസ്
ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ല
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ താനല്ല കൊലപ്പെടുത്തിയതെന്ന് മൊഴി മാറ്റി പ്രതിയായ കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍. ഇതുപറഞ്ഞ് കരയുകയും തനിക്ക് ചികിത്സ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം സാക്ഷ്യപ്പെടുത്തിയതോടെ ഇയാള്‍ അഭിനയിക്കുകയാണോ എന്ന സംശയം ഉയരുകയാണ്.
വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറല്‍ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.
കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണു ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാര്‍ മൊഴിമാറ്റിയത്.
വ്യാജ രേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനും അറസ്റ്റിലായി അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളില്‍ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിന്‍കര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലിയുടെ നിയമന ഉത്തരവ് നല്‍കി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ.ഷിജുവില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാന്‍ഡില്‍ കഴിയുന്നത്.