- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2019ലെ കാണാതായ ഒരാളെ ഇനിയും കിട്ടിയില്ല; മണ്ണുമാന്തിയന്ത്രവും അപ്രത്യക്ഷം; മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ 42 കിലോമീറ്റര്‍; ഇത് കേരളത്തിലെ 'ഷിരൂര്‍'
രാജകുമാരി: കേരളം ചര്‍ച്ച ചെയ്യുന്നത് ഷിരൂരിലെ രക്ഷാപ്രവര്‍ത്തനമാണ്. കാണാതായ ലോറിക്കും ഡ്രൈവര്‍ക്കുമായി നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം. മലയാളിയും അത് കണ്ടും കേട്ടും ആശ്ചര്യപ്പെടുകയാണ്. എന്നാല്‍ കേരളത്തിനും ഉണ്ട് ഇതു പോലൊരു അപകട റോഡ്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ റോഡ് മഴക്കാലത്ത് ആശങ്കയാണ്. 2017 ല്‍ റോഡ് നിര്‍മാണം ആരംഭിച്ചതിനു ശേഷം ഇതുവരെ ഗ്യാപ് റോഡില്‍ മാത്രം ചെറുതും വലുതുമായ ആറില്‍ അധികം മലയിടിച്ചിലുകളാണുണ്ടായത്. 2019 ഒക്ടോബറില്‍ റോഡ് നിര്‍മാണത്തിനിടെ ഉണ്ടായ മലയിടിച്ചിലില്‍ 2 തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണ്ണുമാന്തിയന്ത്രവും അന്ന് മണ്ണിനടിയിലായിരുന്നു.
മഴ ശക്തിപ്പെട്ടാല്‍ ഗ്യാപ് റോഡില്‍ക്കൂടി ജീവന് പണയംവെച്ചുവേണം യാത്രചെയ്യാന്‍. ചെറിയ കുന്നിന്റെ വലുപ്പമുള്ള പാറക്കല്ലുകള്‍വരെ റോഡില്‍ വീണിരുന്നു. ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടും. ഈ വര്‍ഷം ജൂണ്‍ ഒന്‍പതിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. 2023 ജൂലായിലും വന്‍തോതില്‍ മലയിടിഞ്ഞു. 2017 ഓഗസ്റ്റിലാണ് ദേശീയ പാത നവീകരണത്തിന്റെ ഉദ്ഘാടനം നടത്തിയത്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിന് 381 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ദേശീയ പാത വിഭാഗത്തിന്റെ തീരുമാനമെങ്കിലും പല കാരണങ്ങളാല്‍ ഇത് 6 വര്‍ഷം വരെ നീണ്ടു.
2018 ലെ പ്രളയം, തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും റോഡ് നിര്‍മാണത്തെ ബാധിച്ചു. ദേവികുളം, ഗ്യാപ്, ആനയിറങ്കല്‍ എന്നിവിടങ്ങളിലെ രണ്ടര കിലോമീറ്ററോളം റോഡിലെ മരം മുറിച്ചു നീക്കുന്നത് സംബന്ധിച്ച് വനം വകുപ്പുമായുണ്ടായ തര്‍ക്കവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി. അങ്ങനെ പാളിയ നിര്‍മ്മാണങ്ങള്‍ ഈ റോഡിനെ അപകടമേഖലയാക്കി. 2024ലും വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി ഈ സ്ഥലത്ത്. ഈ മാസം അപകടസമയത്ത് പാതയില്‍ വാഹനങ്ങളോ, യാത്രക്കാരോ ഇല്ലാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി എന്നതാണ് വസ്തുത. ഈ മഴക്കാലത്തും ഗ്യാപ് റോഡില്‍ ഉള്‍പ്പെടെ ഹൈറേഞ്ചില്‍ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.
അതിനാലാണ് ഈ സമയം ഇവിടെ വാഹനങ്ങള്‍ ഇല്ലാതിരുന്നത്. മണ്ണും കല്ലും മരങ്ങളും ഉള്‍പ്പെടെ വീണ് റോഡ് പൂര്‍ണമായും മൂടി. ഗ്യാപ് റോഡില്‍ പാറപൊട്ടിച്ച് വീതികൂട്ടിയ ഭാഗത്താണ് പതിവായി മണ്ണിടിയുന്നത്. പതിവുതെറ്റിച്ച്, ഇവിടെനിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് ഇത്തവണയും മണ്ണിടിഞ്ഞത്. അശാസ്ത്രീയ പാറഖനനമാണ് മലയിടിച്ചിലിന് കാരണമെന്ന് കണ്ടെത്തിയതാണ്. റോഡിന്റെ നിര്‍മാണസമയത്ത് മലയിടിഞ്ഞ്, രണ്ടുപേര്‍ മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. 381.76 കോടി രൂപ ചെലവിട്ടാണ് ദേശീയപാതയുടെ മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെയുള്ള 42 കിലോമീറ്റര്‍ നിര്‍മിച്ചത്. മഴമൂലമുള്ള മലയിടിച്ചിലും ഗതാഗത തടസ്സവും ഇവിടെ പതിവാണ്.
ഈ റോഡ് കര്‍ഷകര്‍ക്കും ദുരിതമാണ്. 2020 ഓഗസ്റ്റ് 6 ന് ഉണ്ടായ മലയിടിച്ചിലിലും 2 കര്‍ഷകരുടെ കൃഷി ഭൂമി കൃഷിയോഗ്യമല്ലാതായി. പല സമയത്തായുണ്ടായ മലയിടിച്ചിലില്‍ ഇരുപതിലേറെ കര്‍ഷകരുടെ കൃഷിഭൂമി പാറ വീണ് നശിച്ചു. ഇതില്‍ 2 കര്‍ഷകര്‍ക്ക് മാത്രമാണ് കരാര്‍ കമ്പനി നഷ്ടപരിഹാരം നല്‍കിയത്. ഇവിടെ മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനമാെരുക്കാന് ദേശീയപാത വിഭാഗം തീരുമാനമെടുത്തിരുന്നു. മാണ്ഡി ഐഐടി, ഇന്ത്യന്‍ കരസേന, ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ചെലവു കുറഞ്ഞ ലാന്‍ഡ് സ്ലിപ് ഡിറ്റക്ഷന്‍ സിസ്റ്റം ഗ്യാപ് റോഡില്‍ ഉപയോഗിക്കാന്‍ ഒരു വര്‍ഷം മുന്‍പ് ദേശീയപാത വിഭാഗം തീരുമാനമെടുത്തിരുന്നു. പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ദേശീയപാത വിഭാഗം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.
മലയിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന സെന്‍സറുകള്‍ പാറയ്ക്കുള്ളിലെ ചെറു ചലനങ്ങള്‍ പോലും തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതാണ് ലാന്ഡ്സ്ലിപ് ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ പ്രത്യേകത. ഈ വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫിസിലേക്ക് ലഭിച്ചാല്‍ പെട്ടെന്നു തന്നെ പാെതുജനങ്ങളെ അറിയിക്കാനും ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനും കഴിയുമെന്നായിരുന്നു ദേശീയപാത വിഭാഗം വ്യക്തമാക്കിയിരുന്നത്. പാറ തുരന്നാണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നത്. നേരത്തെ ഹിമാചല്‍ പ്രദേശില്‍ ദേശീയപാത വിഭാഗം ഇത്തരമാെരു മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. ഗ്യാപ് റോഡില്‍ 12 യൂണിറ്റുകളെങ്കിലും സ്ഥാപിക്കണമെന്ന് ദേശീയപാത വിഭാഗം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഓരോ യൂണിറ്റിനും 20,000 രൂപ വീതമാണ് ചെലവ് വരുന്നത്.