- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിപ്പോള്‍ ജയിലിലാണ്; ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടണം; ഈ തെറ്റിനാണ് ഞാന്‍ ഇപ്പോള്‍ ജയിലില്‍ അകപ്പെട്ടിരിക്കുന്നത്; സുജാത ഭട്ട് പറയുന്ന കാര്യങ്ങള്‍ സത്യം; ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ ആരുടേതാണ്: വെളിപ്പെടുത്തലുകള്‍ വ്യാജമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ലോറി ഉടമ മനാഫ്
താന്‍ ഒളിവിലാണെന്ന വാദങ്ങളെ തള്ളി ലോറി ഉടമയായ മനാഫ്
ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, താന്‍ ഒളിവിലാണെന്ന വാദങ്ങളെ ലോറി ഉടമയായ മനാഫ് തള്ളി. താന്‍ ജയിലിലാണെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും മനാഫ് പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞു. ധര്‍മ്മസ്ഥല കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം.
'ഞാനിപ്പോള്‍ ജയിലിലാണ് ഉള്ളത്. കുറച്ചുദിവസങ്ങളായി ഒരേ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നെ ജയിലിലാക്കാന്‍ വേണ്ടി കേരളത്തില്‍ ഇപ്പോള്‍ കുറച്ച് മാദ്ധ്യമങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ജീവപര്യന്തം ആക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ കൊലക്കുറ്റത്തിന് തൂക്കിക്കൊല്ലാനാണ് വിധിച്ചത്. ഇപ്പോള്‍ ജയിലിലാണ്.അല്‍ജസീറയെ കൊണ്ടുവന്നത് ഞാനാണെന്നാണ് പറയുന്നത്. വിഷയത്തില്‍ കോടിക്കണക്കിന് രൂപ എനിക്ക് വന്നിട്ടുണ്ടത്രേ. എവിടെനിന്നാണ് വന്നതെന്നൊന്നും അവര്‍ പറയുന്നില്ല. എന്നെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയത്രേ. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. കേരളത്തിലുള്ളവരെ ഞാന്‍ ഈ വിഷയം അറിയിച്ചു. ഇത്രയും വലിയ കൂട്ടക്കൊലപാതകം ലോകത്തെ അറിയിച്ചെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. എനിക്ക് അമ്മമാരുടെ കണ്ണുനീര്‍ കാണാന്‍ ആഗ്രഹമില്ല. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം. ഈ തെറ്റിനാണ് ഞാന്‍ ഇപ്പോള്‍ ജയിലിലകപ്പെട്ടിരിക്കുന്നത്. ന്യായം കിട്ടണമെന്ന് ആഗ്രഹിച്ചതാണ് എന്റെ തെറ്റ്. അതുപോലെത്തന്നെ സുജാത ഭട്ട് എന്ന സ്ത്രീ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നു. എല്ലാ സ്ഥലത്തുനിന്നും കിട്ടിയില്ലെങ്കില്‍പ്പോലും ഒന്നു രണ്ട് സ്ഥലത്തുനിന്ന് കിട്ടിയ അസ്ഥികള്‍ മനുഷ്യന്റേതാണല്ലോ. അത് ആരുടേതാണ്.'- മനാഫ് ചോദിച്ചു.
കൊലപാതകം ആര്, എന്തിന് ചെയ്തു എന്ന് ചോദിച്ചതാണ് തെറ്റ് ചെയ്തത്.ഏത് പോലീസ് വന്നാലും പ്രശ്‌നമില്ല. തെറ്റുണ്ടെങ്കില്‍ തന്നെ തൂക്കിക്കൊല്ലാവുന്നതാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. 'ന്യായത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്, ഇനിയും സംസാരിക്കും. നീതിക്ക് വേണ്ടി പോരാടും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിരൂരിലും സമാനമായ പ്രചാരണങ്ങള്‍ നേരിട്ടെന്നും ഇന്നും വേട്ടയാടപ്പെടുന്നുണ്ടെന്നും മനാഫ് പറഞ്ഞു. 'ഈ പോരാട്ടത്തില്‍ അവസാനം വരെ നിലയുറപ്പിക്കും. എന്ത് പ്രയാസമുണ്ടായാലും നേരിടും. എന്നെപ്പോലെ കൂടുതല്‍ പേര്‍ രംഗത്തുവരണം,' മനാഫ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആവശ്യപ്പെട്ടു.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ ലോറിയുടെ ഉടമയായിരുന്നു മനാഫ്. ഷിരൂര്‍ സംഭവത്തിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം 'ലോറി ഉടമ മനാഫ്' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ധര്‍മ്മസ്ഥല സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേസമയം, ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ, വെളിപ്പെടുത്തല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത യൂട്യൂബ് ചാനല്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമീര്‍ എന്നയാളെയാണ് ബെല്‍ത്തങ്ങാടിയിലെ ഓഫീസില്‍ എസ്.ഐ.ടി ചോദ്യം ചെയ്യുന്നത്. ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
അറസ്റ്റിലായ മുന്‍ശുചീകരണത്തൊഴിലാളി സി.എന്‍. ചിന്നയ്യ ഹാജരാക്കിയ തലയോട്ടിയെ പറ്റി എസ്‌ഐടി അന്വേഷണം നടത്തുകയാണ്. ഈ തലയോട്ടി ആരുടേതാണന്നു കണ്ടെത്താനാണു എസ്.ഐ.ടിയുടെ തീരുമാനം. തലയോട്ടിയിലുണ്ടായിരുന്ന മണ്ണ് ധര്‍മ്മസ്ഥലയിലെ മണ്ണുമായി യോജിക്കുന്നില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വലിയ ഗൂഡാലോചന വെളിപ്പെടുത്തലിനു പിന്നിലുണ്ടെന്ന് കണ്ടെത്തി. 2023 ഡിസംബറില്‍ ഒരുസംഘം രണ്ടു ലക്ഷം രൂപ നല്‍കിയെന്ന് ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
സുജാത ഭട്ടിനു വിഭ്രാന്തി?
തന്റെ മകള്‍ മരിച്ചുപോയെന്നൊക്കെ ലോകത്തില്‍ ഏതെങ്കിലും ഒരു അമ്മ കളവുപറയുമോ? പക്ഷേ ഇല്ലാത്ത മകളുടെ ഇല്ലാത്ത മരണത്തിന്റെ പേരിലാണ്, സുജാതഭട്ട് കര്‍ണ്ണാടക പൊലീസിനെയും ഇന്ത്യന്‍ മാധ്യമങ്ങളെയും മൊത്തത്തില്‍ കബളിപ്പിച്ചത്!
ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മസ്ഥലയില്‍വെച്ച് കാണാതായ തന്റെ മകളുടെ അസ്ഥിയെങ്കിലും എടുത്തുതരണമെന്ന അഭ്യര്‍ത്ഥനയോടെ 'ആ അമ്മ' രംഗത്തെത്തിയത്. സിബിഐ യില്‍ നിന്ന് വിരമിച്ച സ്റ്റെനോഗ്രാഫറാണ് താന്‍ എന്നാണ് സുജാത് ഭട്ട് പറഞ്ഞിരുന്നത്. അവര്‍ പറയുന്ന കഥ ഇങ്ങനെയാണ്-'' 2003-ല്‍, മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനന്യ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയതായിരുന്നു. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് സുജാതയ്ക്ക് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടപ്പോള്‍, രണ്ടോ മൂന്നോ ദിവസമായി അനന്യയെ കാണാനില്ലെന്ന് അവരും പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ ഞാന്‍, മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ പറഞ്ഞു.
പക്ഷേ , ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല. എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് എന്നെ കൂട്ടിക്കൊണ്ടുപോയി. സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. മിണ്ടാതിരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഒടുവില്‍ എന്റെ തലയില്‍ അടിച്ചു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. ''- ഇങ്ങനെയാണ് അവര്‍ പൊലീസിന് മൊഴി നല്‍കിയത്.
പക്ഷേ അന്വേഷണം പുരോഗമിക്കേ സുജാത ഭട്ട് മൊഴിമാറ്റി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് സുജാത പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി തുടങ്ങിയവരുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരം കാര്യം പറഞ്ഞതെന്ന് സുജാത ഭട്ട് പറഞ്ഞു. ഇന്‍സൈറ്റ്റഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജാതയുടെ പരാമര്‍ശം. അനന്യയുടെതെന്ന് പറഞ്ഞ് കാണിച്ച ചിത്രവും വ്യാജമായിരുന്നു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ അങ്ങനെ ഒരു കുട്ടിയേ പഠിച്ചിരുന്നില്ല. അത് അവരുടെ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ കുട്ടിയാണ്.
99 നും 2005 നും ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗ എന്ന വ്യക്തിയുമായി സുജാത ലിവ്-ഇന്‍ ബന്ധത്തിലുമായിരുന്നുവെന്നാണ് കന്നഡ മാധ്യമങ്ങള്‍ നടത്തിയ ഒരു അന്വേഷണത്തില്‍ പറഞ്ഞത്. അവര്‍ക്ക് കുട്ടികളും ഇല്ലായിരുന്നു. ഇവര്‍ മക്കള്‍ക്ക് പകരം പട്ടികളെയാണ് വളര്‍ത്തിയിരുന്നത്. 2003-ല്‍ കന്നട പ്രാദേശിക മാസികയില്‍ അവരുടെ ഫോട്ടോ ഉള്‍പെടെ ഒരു ലേഖനവും ഉണ്ടായിരുന്നു. പട്ടികളാണ് തന്റെ കുട്ടികള്‍ എന്നാണ് അവര്‍ ഇതില്‍ പറഞ്ഞിരുന്നത്.
ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോഴാണ് അവരുടെ മാനസിക നിലയില്‍ സംശയം വരിക. മാത്രമല്ല ഇവര്‍ ഒരു അര്‍ബന്‍ മാവോയിസ്റ്റാണെന്നും കന്നഡ മാധ്യമങ്ങള്‍ പറയുന്നു. ഇതിലും അന്വേഷണം നടക്കയാണ്. നിലവില്‍ സുജാത ഭട്ടിനെതിരെ കേസ് എടുത്തിട്ടില്ല. അവര്‍ താമസിക്കുന്ന വീടിനുമുന്നിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ മുത്തഛന്റെ സ്വത്തുക്കള്‍ തന്നോട് ചോദിക്കാതെ കൈമാറിയ ഒരു കേസുമായി ബന്ധപ്പെട്ട് താന്‍ മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും സുജാത ഭട്ട് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല ഒരു ഹിന്ദുക്ഷേത്രമായ ധര്‍മ്മസ്ഥല ജൈന ട്രസ്റ്റ് നിയന്ത്രിക്കുന്നതിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.