കൊച്ചി: ശബരിമലയിലെ വിശുദ്ധ വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്ന കേസിലെ ദുരൂഹതകള്‍ ചെന്ന് നില്‍ക്കുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ 'ഡി മണി' എന്ന വ്യക്തിയെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ സ്വദേശിയായ ബാലമുരുകനാണ് ഈ നിഗൂഢ വ്യക്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കള്ളക്കടത്തിന് ഇടനിലക്കാരനായി നിന്ന വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പത്മനാഭ സ്വാമി ക്ഷേത്രവും ചര്‍ച്ചകളില്‍ എത്തുന്നത്.

പ്രവാസി വ്യവസായി നല്‍കിയ മൊഴിയുടെ പുതിയ വിശദാംശങ്ങള്‍ ഭക്തരെയും പോലീസിനെയും ഞെട്ടിക്കുന്നതാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് വ്യവസായി വെളിപ്പെടുത്തി. ശബരിമലയ്ക്ക് പിന്നാലെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവമാണെന്നും മൊഴിയിലുണ്ട്. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ അമൂല്യവസ്തുക്കള്‍ വില്‍ക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ് പ്രവാസി വ്യവസായിയുടെ ആരോപണം.

2019-20 കാലയളവിലാണ് വിഗ്രഹങ്ങള്‍ ഡി മണിക്ക് കൈമാറിയതെന്ന് പറയപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ പോലീസ് കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. കേസില്‍ നേരത്തെ പിടിയിലായ ഗോവര്‍ദ്ധന്റെ ഉടമസ്ഥതയിലുള്ള 'റൊഡ്ഡം ജ്വല്ലറി'യില്‍ അഞ്ചംഗ അന്വേഷണ സംഘം വീണ്ടും റെയ്ഡ് നടത്തി. ഇവിടെ നിന്ന് മുന്‍പ് 474 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ താന്‍ നിയമപരമായി വാങ്ങിയ സ്വര്‍ണ്ണമാണിതെന്നും പോലീസ് പീഡിപ്പിക്കുകയാണെന്നുമാണ് ഗോവര്‍ദ്ധന്‍ വാദിക്കുന്നത്. യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളികള്‍ എവിടെയാണെന്ന് കണ്ടെത്താനാണ് പോലീസിന്റെ നിലവിലെ ശ്രമം.

മൊഴി നല്‍കാന്‍ ഡി മണി സന്നദ്ധത പ്രകടിപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്താനായി ചെന്നൈയിലേക്ക് തിരിച്ചു. ദുരൂഹതകള്‍ നിറഞ്ഞ ഡി മണി എന്നത് തമിഴ്നാട്ടിലെ ദിണ്ഡിഗല്‍ സ്വദേശിയായ ബാലമുരുകനാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 'ഡയമണ്ട് മണി' എന്നതിന്റെ ചുരുക്കപ്പേരാണ് ഡി മണി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ നിലവില്‍ സ്വന്തം നാട്ടില്‍ കച്ചവടം നടത്തി വരികയാണ്. ഇയാളുടെ പഴയകാല ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുന്‍പ് സൂചിപ്പിച്ച പ്രവാസി വ്യവസായിയുടെ മൊഴിയിലെ ഏറ്റവും നിര്‍ണ്ണായകമായ കണ്ണിയാണ് ഈ ബാലമുരുകന്‍. ശബരിമലയിലെ ഒരു ഉന്നതന്റെ സാന്നിധ്യത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിഗ്രഹങ്ങള്‍ കൈമാറിയെന്നും അതിന് പകരമായി വന്‍തുക കൈപ്പറ്റിയെന്നുമാണ് വ്യവസായിയുടെ ആരോപണം. പുരാവസ്തു കടത്തുസംഘത്തിലെ പ്രധാനിയായ ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലില്‍ വെച്ചാണ് ഈ രഹസ്യ ഇടപാടുകള്‍ നടന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

2020 ഒക്ടോബര്‍ 26-നാണ് ഈ വിഗ്രഹക്കടത്തിനുള്ള പണം കൈമാറിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നടന്ന ഈ സാമ്പത്തിക ഇടപാടില്‍, ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു ഉന്നത വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വെറുമൊരു മോഷണമല്ലെന്നും ഇതിന് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കടത്ത് മാഫിയയാണെന്നും രമേശ് ചെന്നിത്തല നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.