- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എ കെ ബാലന് വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
തിരുവനന്തപുരം: സി.പി.എമ്മില്‍ എ.കെ. ബാലന്റെ ജമാ അത്തെഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയെച്ചൊല്ലി രൂക്ഷമായ ഭിന്നത. പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണമായി പിന്തുണച്ചപ്പോള്‍, ഇത് 'അസംബന്ധം' എന്ന് വിശേഷിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളിപ്പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റികളിലും ബാലനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യായീകരിച്ചത്. വര്‍ഗ്ഗീയത പറയുന്നവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഴയകാല കേരളം ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നെന്നും വര്‍ഗ്ഗീയ ധ്രുവീകരണം എങ്ങനെ സംഭവിക്കാമെന്ന് ആ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എ.കെ. ബാലന്റെ പ്രസ്താവന 'അസംബന്ധം' ആണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ എം.വി. ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും ബാലനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നെന്നും, ചുമതലകളില്ലാത്ത ബാലന്‍ മാധ്യമങ്ങളെ കാണരുതായിരുന്നെന്നും, ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ വോട്ട് ചോര്‍ത്തുമെന്നും യോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമയത്ത് അബദ്ധ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശശി 'വര്‍ഗ്ഗ വഞ്ചകന്‍' ആണെന്നും, ഇനിയും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും യോഗം വിലയിരുത്തി.
വിമര്‍ശനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴും എ.കെ. ബാലന് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും പഴയകാല അനുഭവങ്ങള്‍ വെച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിക്കുന്നു.
മാറാട് കലാപകാലത്ത് എ.കെ. ആന്റണിക്ക് ആര്‍.എസ്.എസിനെ പേടിയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാന്‍ പോലും അന്ന് ആന്റണി ഭയപ്പെട്ടു. വി.ഡി. സതീശന്‍ ഇപ്പോള്‍ വോട്ട് ബാങ്കിന് വേണ്ടി നിലപാട് മാറ്റുന്നു, തുടങ്ങി പഴയകാല രാഷ്ട്രീയ ചരിത്രങ്ങള്‍ ചികഞ്ഞെടുത്താണ് മുഖ്യമന്ത്രി ബാലനെ പ്രതിരോധിക്കുന്നത്.
എ.കെ. ബാലന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയമായി അതിനെ പ്രതിരോധിക്കാനും യു.ഡി.എഫിനെ കടന്നാക്രമിക്കാനുമുള്ള അവസരമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ കാണുന്നത്. വരും ദിവസങ്ങളില്‍ ഇത് ഇടത്-വലത് മുന്നണികള്‍ക്കിടയില്‍ വലിയ വാക്‌പോരിന് കാരണമാകും.




