ജിഹാദ് എന്ന വാക്കിന്റെ പരമ്പരാഗതമായുള്ള 'വിശുദ്ധയുദ്ധം' എന്ന വ്യാഖ്യാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. ജിഹാദ് എന്ന വാക്കിന് 'സമരനിരതമായിട്ടുള്ള ജീവിതം', 'നിരന്തരമായ പരിശ്രമം', 'യാതന' എന്നെല്ലാമാണ് അര്‍ത്ഥം. അല്ലാതെ 'അന്യനെ നശിപ്പിക്കുക' എന്നല്ല. ഖുറാന്‍ അകം പൊരുള്‍-മാനവികാഖ്യാനം 9-ാം വോള്യത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍

ഖുര്‍ആനില്‍ 41 ഇടങ്ങളില്‍ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും പുസ്തകം വായിച്ചപ്പോഴാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു. ബദര്‍ യുദ്ധത്തിന് ശേഷം പ്രവാചകന്‍ അനുയായികളോട് പറഞ്ഞതിനെ ഉദ്ധരിച്ച്, സ്വന്തം ഇച്ഛകളോടും ദുരാഗ്രഹങ്ങളോടുമാണ് മനുഷ്യന്‍ യുദ്ധം ചെയ്യേണ്ടതെന്നും, അതാണ് 'അല്‍ ജിഹാദ് അല്‍ അക്ബര്‍' (വലിയ ജിഹാദ്) എന്നും ദിവ്യ എസ്. അയ്യര്‍ വ്യക്തമാക്കി. എല്ലാ മതങ്ങളും പറഞ്ഞുതരുന്നത് തിന്മയെ അതിജീവിക്കേണ്ടതെന്നാണ് പറഞ്ഞുതരുന്നത്. യാതനകളെ എങ്ങനെയാണ് നേരിടേണ്ടതെന്നും മതങ്ങള്‍ പകര്‍ന്നുനല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.


'ജിഹാദിനെ റൊമാന്റിസൈസ് ചെയ്യുന്നു: വിമര്‍ശനം

പ്രസംഗത്തെ സ്വാഗതം ചെയ്യുന്നവര്‍ ഉണ്ടെങ്കിലും, നയരൂപീകരണത്തില്‍ ഏര്‍പ്പെടുന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ഇത്തരമൊരു വിഷയത്തെ സമീപിച്ച രീതി കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന് വേണ്ടി വാഴ്ത്തുപാട്ട് പാടുകയും ബൗദ്ധികമായി ശുഷ്‌കരാവുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ് എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. മുന്‍ ചീഫ് സെക്രട്ടറി 'കറുപ്പിനെ'ക്കുറിച്ച് സംസാരിച്ച് സമാനമായ വിമര്‍ശനം നേരിട്ടതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തീവ്ര രാഷ്ട്രീയ ഇസ്ലാം 'ജിഹാദിനെ' അക്രമത്തിന് ഉപയോഗിക്കുന്ന ഒരു സാമൂഹിക യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, അതിനെ കാല്‍പ്പനികവല്‍ക്കരിക്കുന്നത് മുസ്ലിം സമൂഹത്തോട് തന്നെയുള്ള ദ്രോഹമാണ് എന്ന് മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പര്‍വേശ് കുറിച്ചു.

മുസ്ലിങ്ങള്‍ നേരിടുന്ന രണ്ടാംതരം പൗരത്വം, അപരവല്‍ക്കരണം, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ തുടങ്ങിയ അടിസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ, റൂമി, കാലിഗ്രാഫി തുടങ്ങിയ സാംസ്‌കാരിക വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് എന്നും പര്‍വേശ് ചൂണ്ടിക്കാട്ടുന്നു.

ദിവ്യ എസ്. അയ്യരുടെ പ്രസംഗം ഒരു വശത്ത് ആത്മീയവും സാംസ്‌കാരികവുമായ ഒരു വ്യാഖ്യാനം നല്‍കാന്‍ ശ്രമിക്കുമ്പോള്‍, മറുവശത്ത് അത് രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലെ മുസ്ലിം പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നു എന്ന വിമര്‍ശനമാണ് മുഖ്യമായി ഉയരുന്നത്.

ജാവേദ് പര്‍വേശിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ജിഹാദിനെക്കുറിച്ച് ദിവ്യ എസ് അയ്യര്‍ എന്ന ഐ എഎസുകാരിയുടെ പ്രഭാഷണം കേട്ടു. ജിഹാദ് എന്നാല്‍ വിശുദ്ധയുദ്ധം അല്ലെന്നും അതിന് മറ്റു അര്‍ത്ഥങ്ങളുമുണ്ടെന്നാണ് ജിഹാദിനെ റൊമാന്റിസൈസ് ചെയ്ത് മിസ് അയ്യരുടെ പ്രഭാഷണം. മുഴുവന്‍ കേട്ടില്ല. റീല്‍സിലുള്ളത് ലിങ്കിലുണ്ട്.

നയരൂപീകരണത്തിലും മറ്റും ഇടപെടുന്ന സിവില്‍ സര്‍വീസുകാര്‍ ബൗദ്ധികമായി ഇത്ര ശുഷ്‌കരാകുന്നത് ശരിക്കും ഭയപ്പെടുത്തേണ്ടതാണ്. സിവില്‍ സര്‍വീസിന്റെ സ്വതന്ത്രാവസ്ഥയെ നശിപ്പിച്ച് സര്‍ക്കാറിന് വേണ്ടി വാഴ്ത്തുപാട്ട് പാടുന്നതിന്റെ തുടര്‍ച്ചയാണ് ഈ കാല്‍പനിക ഉഡാന്‍സും. പഴയ ഒരു ചീഫ് സെക്രട്ടറി കറുപ്പിനെക്കുറിച്ച് സംസാരിച്ച് ഈ രാജ്യത്തെ കറുത്തവരും ജാതിശ്രേണിയില്‍ താഴെനില്‍ക്കുന്നവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അപ്രോപ്രിയേറ്റ് ചെയ്യുന്നത് നേരത്തേ കണ്ടതാണല്ലോ.

ജിഹാദിനെ കാല്‍പനികമാക്കുന്നത് സത്യം പറഞ്ഞാല്‍ മുസ്ലിങ്ങളോടു ചെയ്യുന്ന ദ്രോഹമാണ്. ജിഹാദിന് പല അര്‍ത്ഥങ്ങളുണ്ട് എന്നത് ശരിയാണ്. പക്ഷേ അതീതീവ്ര പൊളിറ്റിക്കല്‍ ഇസ്ലാം ഇതിനെ എന്തുകാര്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. അതിനെ ചെറുത്തുവേണം ജനാധിപത്യ വിശ്വാസികളായ മുസ്ലിങ്ങള്‍ക്ക് നിലനില്‍ക്കാന്‍.മുസ്ലിങ്ങള്‍ ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാംതരം പൗരന്‍മാരായി കണക്കാക്കപ്പെടുന്നത്, അവര്‍ക്കു നേരെ നടക്കുന്ന ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധനടപടികള്‍, മുസ്ലിങ്ങളുടെ അപരവല്‍ക്കരണം,സാംസ്‌കാരിക സ്വത്വം നിലനിര്‍ത്താനുള്ള സമരം തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ സംസാരിക്കാതെ സംസം വെള്ളത്തെക്കുറിച്ചും റൂമിയെക്കുറിച്ചും ഇസ്ലാമിക് കാലിഗ്രാഫിയെക്കുറിച്ചും സംസാരിക്കുന്നത് തലക്കു സുഖമില്ലാത്തവര്‍ ചെയ്യുന്നതാണ്.

കേരളത്തില്‍ പോലും മുസ്ലിം വിഭാഗക്കാര്‍ക്കു നേരെ നടക്കുന്ന വിഷം ചീറ്റല്‍ കാണാതെ ജിഹാദിന്റെ സാമൂഹികപരിപ്രേക്ഷ്യവും കാവ്യഭംഗിയും ചര്‍ച്ച ചെയ്യുന്നത് ദ്രോഹമാണ്. ദയവായി അളിയന്‍ ഈ വീട്ടില്‍ അലുവ കൊണ്ടുവരരുത്.