- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടര്‍ വിപിന്റെ തലക്കേറ്റത് ആഴത്തിലുള്ള മുറിവ്; സ്‌കള്‍ ബോണ്‍ ഫ്രാക്ച്ചര്‍; തലച്ചോറിലേക്ക് പരിക്കില്ല; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; മൈനര്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍; നിലവില്‍ ന്യൂറോസര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തില്‍; സനൂപിനെതിരെ വധശ്രമത്തിന് കേസ്; അന്വേഷണം നടത്തുമെന്ന് ഡിഎംഒ; ശക്തമായ നിയമ നടപടിയെന്ന് ആരോഗ്യ മന്ത്രി
വെട്ടേറ്റ ഡോക്ടറുടെ തലക്കേറ്റത് ആഴത്തിലുള്ള മുറിവെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെട്ടേറ്റ ഡോക്ടറുടെ തലക്കേറ്റത് ആഴത്തിലുള്ള മുറിവാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. നിലവില്‍ ന്യൂറോസര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. തലച്ചോറിലേക്ക് പരിക്കില്ലെന്നും തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും(സ്‌കള്‍ ബോണ്‍ ഫ്രാക്ച്ചര്‍) ഡോക്ടര്‍ വിപിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ റെനൂപ് പറഞ്ഞു. പരിക്കേറ്റ ഡോ. വിപിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുറിവ് ആഴത്തിലുള്ളതായതിനാല്‍ ഉള്ളിലേക്ക് അണുബാധയുണ്ടാവാതിരിക്കാന്‍ കൃത്യമായ ചികിത്സ നിരീക്ഷണം ഒരുക്കിയിരിക്കുകയാണ്. ഡോ. റെനൂപ് വ്യക്തമാക്കി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് ആക്രമിക്കപ്പെട്ടത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസ്സുള്ള കുട്ടിയുടെ പിതാവായ സനൂപാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാള്‍ വന്ന് ബാഗില്‍ നിന്ന് വടിവാള്‍ എടുത്ത് വെട്ടിയത് എന്ന് ഡോക്ടര്‍ വിപിന്റെ കൂടെ കാഷ്വാലിറ്റിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ കിരണ്‍ വ്യക്തമാക്കി. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
വെട്ടേറ്റ ഡോക്ടര്‍ വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്ക് വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായാണ് താമരശ്ശേരി ആശുപത്രിയിലെത്തിയതെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയ്‌ക്കൊപ്പം അഡീഷണല്‍ ഡിഎംഒയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു.
തലയോട്ടിക്ക് പൊട്ടലുള്ള വിപിന് തലയോട്ടിക്ക് മൈനര്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് ഡോക്ടരെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ഡോക്ടര്‍ വിപിനെ ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേ സമയം സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.
അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് സനൂപ് എത്തിയത്. രണ്ട് കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. സനൂപിന്റെ മകള്‍ മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
ശക്തമായ നിയമ നടപടിയെന്ന് മന്ത്രി
ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപലപിച്ചു. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തി. താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാര്‍ സേവനം നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ സേവനവും നിര്‍ത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും സംഘടന അറിയിച്ചു. ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാഴായെന്നും കെജിഎംഒഎ പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും ആശുപത്രിയില്‍ എത്തുന്ന ഓരോരുത്തരെയും എയര്‍പോര്‍ട്ടില്‍ ഉള്ള സെക്യൂരിറ്റി ചെക്കിങ് പോലെ പരിശോധിച്ച് അകത്തു വിടണം. നാളെ മുതല്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കും. ഇന്ന് ജില്ലയിലെ പല ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് കടന്നിട്ടുണ്ട്. താലൂക്ക് ആശുപത്രികളിലെ ഒ പികള്‍ ബഹിഷ്‌കരിക്കുമെന്നും അത്യാഹിതവിഭാഗത്തിലെ സേവനങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കെ ജി എം ഓയും ഐഎംഎയും.