- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ട്രംപും മെലാനിയയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍; ഹെലികോപ്റ്റര്‍ അടിയന്തരമായി സമീപത്തെ എയര്‍ഫീല്‍ഡില്‍ ഇറക്കി പൈലറ്റ്; സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് പോകവേ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഉണ്ടായത് 'മറീന്‍ വണ്‍' ഹെലികോപ്റ്ററിന്
ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ട്രംപും മെലാനിയയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍;
ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയ ട്രംപിനും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായി. തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി സമീപത്തെ എയര്‍ഫീല്‍ഡില്‍ ഇറക്കി.
ചെക്കേഴ്‌സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന 'മറീന്‍ വണ്‍' എന്ന ഹെലികോപ്റ്ററിലാണ് സംഭവം. ഹൈഡ്രോളിക് സംവിധാനത്തില്‍ ചെറിയ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ അടിയന്തരമായി ഇറങ്ങാന്‍ തീരുമാനമെടുത്തതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് അറിയിച്ചു.
ട്രംപിനും ഭാര്യ മെലനിയയും സുരക്ഷിതരായിരുന്നു. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററിലാണ് ഇരുവരും സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് യാത്ര തുടര്‍ന്നത്. സാധാരണയായി ഇരുപത് മിനിറ്റിനുള്ളില്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തേണ്ട യാത്രയില്‍, തകരാറിനെ തുടര്‍ന്ന് ഏകദേശം ഇരുപത് മിനിറ്റിന്റെ കാലതാമസം നേരിട്ടു.
വിമാനത്താവളത്തിലെത്തിയ ശേഷം, പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയര്‍ ഫോഴ്സ് വണ്‍' വഴി ഡോണള്‍ഡ് ട്രംപ് യുഎസിലേക്ക് മടങ്ങി. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കോര്‍ത്താണ് ട്രംപ് ബ്രിട്ടിന്‍ വിട്ട്. അനധികൃത കുടിയേറ്റം തടയാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അനധികൃത കുടിയേറ്റം രാജ്യത്തിനകത്തു നിന്നു തന്നെ രാജ്യത്തെ നശിപ്പിക്കുമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, അമേരിക്കന്‍ അതിര്‍ത്തികള്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ തന്റെ നയങ്ങള്‍ക്ക് സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
അതോടൊപ്പം തന്നെ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ കീര്‍ സ്റ്റാര്‍മറുടെ നടപടിയുമായി ശക്തമായി വിയോജിക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. വടക്കന്‍ കടലിലെ എണ്ണ - പ്രകൃതിവാതക ഖനനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം യു കെയോട് ആവശ്യപ്പെട്ടു. അതേസമയം, ട്രംപുമായി കാത്തു സൂക്ഷിക്കുന്ന പ്രത്യേക സൗഹൃദത്തെ കുറിച്ചായിരുന്നു സ്റ്റാര്‍മര്‍ പരാമര്‍ശിച്ചത്. വ്ളാഡിമിര്‍ പുടിന്റെ യുക്രെയിന്‍ അധിനിവേശം, സമാധാനം കാംക്ഷിക്കുന്ന ആര്‍ക്കും അനുവദിക്കാവുന്ന ഒന്നല്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. പുടിന്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.
അതിനിടയില്‍, സര്‍ കീര്‍ സ്റ്റാര്‍മറും, ഡൊണാള്‍ഡ് ട്രംപും സാങ്കേതിക രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവച്ചു. അടുത്ത സാങ്കേതിക വിപ്ലവം ത്വരിതഗതിയിലാക്കുന്ന ഒന്നായിരിക്കും ഇതെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അതോടൊപ്പം കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കയുമായി വ്യാപാര കരാര്‍ ഒപ്പു വച്ചതിന് അദ്ദേഹം കീര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുകയും ചെയ്തു. കാറ്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുക എന്നത് ചെലവേറിയ ഒരു വിഢിത്തമാണെന്നും, പകരം വടക്കന്‍ കടലിലെ എണ്ണ - പ്രകൃതി വാതക ഖനനം കൂടുതല്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.