ആലപ്പുഴ: വീട്ടമ്മയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. 20 വര്‍ഷം മുമ്പ് വരെ അവര്‍ സര്‍ജറി നടത്തിയിട്ടുണ്ടെന്നാണ് അറിവ്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താന്‍ ആരില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചു.

5 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച അഡ്മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്ന് പരാതി നല്‍കും ഷിബിന്‍ വ്യക്തമാക്കി.

ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് പറഞ്ഞു.

2021ല്‍ വയറ് വീര്‍ത്ത് വന്നപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്തപ്പോള്‍ വയറ്റില്‍ മുഴ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആയിരുന്നു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്തത്. മേയ് 5നാണ് ഓപ്പറേഷന്‍ ചെയ്ത്. ഇടയ്ക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്സറേ എടുത്തപ്പോഴാണ് ഇത് കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്തിട്ടില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് എക്സറേ എടുക്കുന്നത് ഉഷ വ്യക്തമാക്കി.

2021 മെയ് അഞ്ചിനാണ് ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് പറഞ്ഞു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താന്‍. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞു.

പിന്നാലെ ന്യൂറോളജിയിലെ ഡോക്ടര്‍ ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോടും പറയേണ്ട, ഓപ്പറേഷന്‍ നടത്താമെന്ന് പറഞ്ഞതായും ഉഷ വെളിപ്പെടുത്തി. ഒരുപാട് പണം ചികിത്സക്കായി ചെലവായി എന്നും മരുന്ന് വാങ്ങിയതിന് കണക്കില്ല എന്നും ഉഷ പറഞ്ഞു. ഇഷ്ടം പോലെ മരുന്ന് മേടിച്ചുകഴിച്ചിട്ടുണ്ട്. എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ പോലും ഗുളികകള്‍ കൊണ്ടുപോകണം. തനിക്ക് ഇനി മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട എന്നും പേടിയാണെന്നും ഉഷ പറഞ്ഞു. താന്‍ ഒരുപാട് വേദന തിന്നുവെന്നും മൂത്രം പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും കഠിനമായ അസ്വസ്ഥതയാണ് അനുഭവിച്ചത് എന്നും ഉഷ പറഞ്ഞു.