- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദി പരീക്ഷ മാത്രം ജയിച്ച വിദ്യാര്‍ഥിയുടെ നോട്ടിസ് അടിച്ച ചട്ടമ്പിയായ രക്ഷിതാവ്; ഞെട്ടിയത് നല്ല പുരോഗതിയെന്ന് പറഞ്ഞ ഹിന്ദി സാറും! പഠിക്കാത്ത ചെക്കനും റൗഡി അപ്പനും അയാളുടെ അടിമകളുടെ കവലയും ഉച്ചത്തില്‍ കള്ളം പറയുന്ന മൈക്ക് സെറ്റുകളും നാടിനെ നിയന്ത്രിക്കുന്നു; തരൂര്‍ വിവാദത്തില്‍ ഡോ. എസ് എസ് ലാല്‍ പറയുന്നു
ഹിന്ദി പരീക്ഷ മാത്രം ജയിച്ച വിദ്യാര്‍ഥിയുടെ നോട്ടിസ് അടിച്ച ചട്ടമ്പിയായ രക്ഷിതാവ്
തിരുവനന്തപുരം: കേരളത്തിലെ വ്യവസായിക സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടെന്ന ലേഖനം എഴുതിയതിന്റെ പേരില്‍ ശശി തരൂര്‍ വിവാദത്തിലാണ്. ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയതെങ്കിലും അത് കോണ്‍ഗ്രസ് നേതൃത്വത്തിന് രുചിച്ചിട്ടില്ല. ലേഖനത്തില്‍ തരൂര്‍ സിപിഎമ്മിന്റെ മുന്‍കാല നിലപാടുകളെ പരിഹസിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തില്‍ ചര്‍ച്ചയാകുന്നില്ല.
ഇതിനിടെയാണ് ഹിന്ദി പരീക്ഷ മാത്രം ജയിച്ച വിദ്യാര്‍ഥിയുടെ നോട്ടീസ് അടിച്ച ചട്ടമ്പിയായ രക്ഷിതാവിന്റെ കഥയുമായി ഡോ. എസ് എസ് ലാല്‍ രംഗത്തുവന്നത്. ഹിന്ദി പരീക്ഷ പാസായ കാര്യം മാത്രം പറഞ്ഞ ഹിന്ദി മാഷിന്റെ കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഇത് കേട്ട് എല്ലാം പാസായെന്ന് നേട്ടീസ് അടിക്കുന്ന രക്ഷിതാവിനെ കുറിച്ചും ഡോ. ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ് ലാലിന്റെ ഫേസ്ബുക്ക് കഥ.
ഡോ. എസ് എസ് ലാല്‍ പറഞ്ഞ കഥ ഇങ്ങനെ:
കുട്ടിക്കാലത്ത് എനിക്കറിയാമായിരുന്ന ഒരു വീട്ടിലെ കാര്യമാണ്. അവിടത്തെ മക്കളില്‍ ഒരു തല്ലിപ്പൊളി ചെക്കന്‍ ഉണ്ടായിരുന്നു. മഹാ അലമ്പ്. സ്‌കൂളില്‍ എല്ലാ വിഷയത്തിനും തോല്‍ക്കും. ഞങ്ങളെപ്പോലെ ഇടത്തരം കുടുംബമായിരുന്നു അവരും. എന്നാല്‍ വലിയ വിടുവായക്കാരും.
ഓണപ്പരീക്ഷയ്ക്ക് ചെക്കന് സമ്പൂര്‍ണ തോല്‍വി. ഹെഡ് മാസ്റ്റര്‍ ചെക്കന്റെ അച്ഛനെ വിളിച്ചുവരുത്തി. അച്ഛന്‍ വന്ന് ഹെഡ് മാസ്റ്ററെ ഭീഷണിപ്പെടുത്തി. അയാള്‍ ലോക്കല്‍ ചട്ടമ്പിയായിരുന്നു. മകന്‍ നാട്ടിലെ ഏറ്റവും നല്ല കുട്ടിയാണെന്നും സ്‌കൂളില്‍ ഒന്നാമനാണെന്ന് പറഞ്ഞില്ലെങ്കില്‍ കാല് തല്ലിയൊടിക്കുമെന്നും അയാള്‍ ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തി.
ക്രിസ്തുമസ് പരീക്ഷയ്ക്ക് ചെക്കന്‍ ഒരു വിഷയത്തില്‍ അപ്രതീക്ഷിതമായി ജയിച്ചു. ഹിന്ദിക്ക്. ബാക്കി വിഷയങ്ങള്‍ ദയനീയമായി തോറ്റു. ഇത്തവണയും ഹെഡ്മാസ്റ്റര്‍ അച്ഛനെ വരുത്തി. ചെക്കനെ നന്നാക്കണമെന്ന് പറഞ്ഞു. ഹെഡ്മാസ്റ്ററിന്റെ മുറിയില്‍ നിന്നിറങ്ങി അച്ഛന്‍ തിരികെ പോകുന്ന വഴിയിയില്‍ ഹിന്ദി സാറിനെ അപ്രതീക്ഷിതമായി കണ്ടു. ചെക്കന്‍ ഹിന്ദിക്ക് ജയിച്ച കാര്യം അദ്ധ്യാപകന്‍ പറഞ്ഞു. അത് നല്ല പുരോഗതിയാണെന്നും പറഞ്ഞു.
ഇതുകേട്ട അച്ഛന്‍ തിരികെപ്പോയി ഹെഡ് മാസ്റ്ററെ വിരട്ടി. ഹെഡ്മാസ്റ്ററും ഹിന്ദി സാറിനെപ്പോലെ സംസാരിച്ചാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തി. ചെക്കന്‍ സ്‌കൂളിലെ ഒന്നാമനാണെന്ന് ഹെഡ് മാസ്റ്ററും പറയണമെന്ന്. അല്ലെങ്കില്‍ രണ്ട് കാലും തല്ലിയൊടിക്കുമെന്നും. ആകെയുള്ള ആറ് വിഷയങ്ങളില്‍ ഒരു വിഷയം കഷ്ടി പാസായതാണെന്നൊക്കെ ഹെഡ്മാസ്റ്റര്‍ പറയാന്‍ നോക്കി. ആര് കേള്‍ക്കാന്‍. പാവം ഹിന്ദി സാര്‍ ഒരു ശുദ്ധനായിരുന്നു. ചെക്കനും നാട്ടിലെ പൗരനാണല്ലോ, അല്പമെങ്കിലും നന്നാകുന്നെങ്കില്‍ നന്നായിക്കോട്ടേ എന്നായിരിക്കണം അദ്ദേഹം കരുതിയത്. പരീക്ഷയ്ക്ക് അല്പം കൈയയച്ച് മാര്‍ക്കിടുകയും ചെയ്തിരുന്നു.
പിറ്റേ ദിവസം നിറമുള്ള ഒരു നോട്ടീസ് കണ്ട് എല്ലാരും ഞെട്ടി. ഹെഡ്മാസ്റ്ററും ഞെട്ടി. ഹിന്ദി സാറും ഞെട്ടി. ചെക്കന് അവന്റെ കവലയില്‍ സ്വീകരണം. സ്‌കൂളില്‍ പഠനത്തിന് ഏറ്റവും മിടുക്കന്‍ ചെക്കനാണെന്ന്. നോട്ടീസടിച്ചത് ചെക്കന്റെ അച്ഛന്‍ തന്നെ. നോട്ടീസ് വായിച്ചിട്ട് ഹിന്ദി സാറിനെ നോക്കി ഹെഡ്മാസ്റ്റര്‍ പറഞ്ഞു. 'ഇതാണ് ഞാന്‍ സാറിനോട് പറയാറുള്ളത്. ചെക്കന്റ അച്ഛന്‍ ലോക്കല്‍ റൗഡി മാത്രമല്ല.
അയാള്‍ക്ക് സ്വന്തം പ്രസും മൈക്ക് സെറ്റും ഉണ്ട്. നാടുനീളെ അയാള്‍ അനൗണ്‌സ് ചെയ്യും, മകനാണ് എല്ലാ വിഷയത്തിനും ഒന്നാം സ്ഥാനമെന്ന്. ആര് തിരുത്താന്‍. അവനിനി കൂടുതല്‍ വഷളാകും. കൈയില്‍ ഉള്ള ഹിന്ദിയും കൂടി പോകും.' പുതിയ ചില കാര്യങ്ങള്‍ കാണുമ്പോള്‍ പഴയ ചിലതും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അത്ര മാത്രം. പഠിക്കാത്ത ചെക്കനും റൗഡി അപ്പനും അയാളുടെ അടിമകളുടെ കവലയും ഉച്ചത്തില്‍ കള്ളം പറയുന്ന മൈക്ക് സെറ്റുകളുമാണ് പല നാടുകളും നിയന്ത്രിക്കുന്നത്.