തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള തിരക്കേറിയ ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞുമായി ശബരിമല ദര്‍ശനത്തിനെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

'ഇത്രയധികം ആളുകള്‍ വരുന്ന ആരാധനാലയങ്ങളിലേക്ക് കൈക്കുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവുമാണ്, സൗമ്യ സരിന്‍ പറഞ്ഞു.

സൗമ്യ സരിന്റെ വിമര്‍ശനങ്ങള്‍

തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഇത്രയും ചെറിയ കുഞ്ഞുങ്ങളുമായി ഇത്തരത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നത് ഭക്തിയെന്ന് വിളിക്കാനാവില്ല. കുട്ടികളെ ശൂലം കുത്തുക, ഗരുഡന്‍ തൂക്കുക തുടങ്ങിയ ആചാരങ്ങളുടെ പേരില്‍ ശാരീരിക വേദന നല്‍കുന്നത് ബാലപീഡനം തന്നെയാണ്. എല്ലാ മതങ്ങളിലും ഇത്തരം പ്രവണതകള്‍ നടക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഭക്തി എന്നത് അന്ധമായതാകരുത്. 'ദൈവം നമുക്ക് വിവേചന ബുദ്ധി തന്നിട്ടുണ്ട്. അത് പ്രയോഗിക്കുമെന്നാണ് ദൈവം പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ ചാടാതിരിക്കാനാണ് വിവേചന ബുദ്ധി പ്രയോഗിക്കേണ്ടത്,' അവര്‍ പറഞ്ഞു.

വളരെ സെന്‍സിറ്റീവായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടാന്‍ സാധ്യതയുണ്ടെന്നും അറിയാമെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഡോ. സൗമ്യ സരിന്‍ വ്യക്തമാക്കി. വിശ്വാസികളോട് ഒരു പുച്ഛവുമില്ലെന്നും താന്‍ കുട്ടിയായിരിക്കുമ്പോള്‍ മൂന്ന് തവണ ശബരിമലയില്‍ പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 'എന്നെ സംബന്ധിച്ച് ഭക്തി എന്നത് അന്ധമായതല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം കുഞ്ഞുങ്ങള്‍ക്ക് വേദന ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളല്ല. ദൈവം നമുക്ക് വിവേചന ബുദ്ധി തന്നിട്ടുണ്ട്. ഇത്തരം അപകടങ്ങളില്‍ ചാടാതിരിക്കാനാണ് വിവേചന ബുദ്ധി പ്രയോഗിക്കേണ്ടത്,'' ഡോ. സൗമ്യ സരിന്‍ പറഞ്ഞു.