തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ-സോട്ടോയുടെ (K-SOTTO) പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് കെ-സോട്ടോയില്‍ നിന്ന് രാജിവെച്ചു. കെ-സോട്ടോ സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്നാണ് ഡോ. മോഹന്‍ദാസ് രാജിവെച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കെ-സോട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഈ പോസ്റ്റ് വലിയ വിവാദമുണ്ടാക്കുകയും പിന്നീട് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഈ പോസ്റ്റിന്റെ പേരില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഡോ. മോഹന്‍ദാസിനോട് വിശദീകരണം തേടി മെമ്മോ നല്‍കിയിരുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡോ. മോഹന്‍ദാസ് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹം കെ-സോട്ടോയിലെ പദവിയില്‍ നിന്ന് രാജിവെച്ചത്.

രാജി അറിയിച്ചത് ഫേസ്ബുക്കിലൂടെ; 'അംബേദ്കറിലും ജനാധിപത്യത്തിലും വിശ്വാസം'

രാജി വിവരം ഡോ. മോഹന്‍ദാസ് അറിയിച്ചതും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. 'തികച്ചും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍' രാജിവെക്കുന്നുവെന്നാണ് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചതെങ്കിലും, പോസ്റ്റിലെ മറ്റ് പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്:

'തികച്ചും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ കെ. സോട്ടോ സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെക്കുകയാണ്. ഇനി മുതല്‍ കെ. സോട്ടോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.'

'അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നല്‍കുന്ന മൗലികാവകാശമാണ്. താന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു.'


കെ-സോട്ടോ പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ച ഡോക്ടര്‍, ഏജന്‍സിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇതുവരെ ഒരു മരണാനന്തര അവയവമാറ്റം (കടാവര്‍ ട്രാന്‍സ്പ്ലാന്റ്) പോലും നടന്നിട്ടില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവിയായിരുന്ന ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ഡോ. മോഹന്‍ദാസ് അന്ന് ഗുരുതരമായ വിമര്‍ശനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയെ വിജയകരമാക്കിയത് ഡോ. വേണുഗോപാലും ഡോ. രാംദാസുമായിരുന്നു. ഡോ. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി പൂര്‍ണ്ണ പരാജയമായെന്നും ഡോ. മോഹന്‍ദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.