മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം- കാസര്‍കോട് റാപ്പിഡ് റെയില്‍പാത പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍. റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് ശ്രീധരന്‍ വിമര്‍ശനവുായി രംഗത്തുവന്നിരിക്കുന്നത്.

അതിവേഗ റെയില്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല.സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല..അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന്ആളെ കൊണ്ട് വന്നത്.ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതി ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു.

കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം സിഎം തയാറയില്ല.അങ്ങനെയാണ് താന്‍ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്.പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ പദ്ധതി വരില്ല.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്‌സിമം ചെങ്ങന്നൂര്‍ - തിരുവനന്തപുരം റൂട്ടില്‍ ആര്‍ആര്‍ടിഎസ് നടപ്പില്‍ ആക്കാം. അതിന് അപ്പുറം വന്നാല്‍, വേഗം കുറയ്‌ക്കേണ്ടി വരും. ആര്‍ആര്‍ടിഎസ് ജനശ്രദ്ധ തിരിക്കാന്‍ കൊണ്ട് വന്നതാകാം..നടക്കാന്‍ പോണില്ല എന്ന് എല്ലാവര്‍ക്കും അറിയാം.സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണം..സര്‍വേ നടത്താന്‍ സ്റ്റേറ്റ് സഹായം വേണ്ട..സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും..അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സര്‍ക്കാര്‍ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

ആര്‍ആര്‍ടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാര്‍ക്ക് സമയനഷ്ടം വരും. കെ. റെയില്‍ ഇല്ലാതാക്കിയത് താന്‍ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. ആ ഘട്ടത്തിലൊക്കെ സാധ്യതയുള്ള അതിവേഗ റെയില്‍ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പുതിയ പദ്ധതിയുടെ ഐഡിയ ആരാണ് നല്‍കിയത് ആരാണെന്ന് തനിക്കറിയില്ലെന്നും ഇ. ശ്രീധരന്‍.

ഇ.ശ്രീധരന്‍ നിര്‍ദേശിച്ച വേഗ റെയില്‍ പദ്ധതിക്കു റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക പ്രതികരണം ലഭിക്കാതിരുന്നതുകൊണ്ടും കേന്ദ്ര നഗരകാര്യമന്ത്രി അനുകൂലിച്ചതുകൊണ്ടുമാണ് പുതിയ ആര്‍ആര്‍ടിഎസ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. 583 കിലോമീറ്റര്‍ നീളത്തിലുള്ള റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ബജറ്റില്‍ പ്രഖ്യാപനവും അലോക്കേഷനും നടത്തിയത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്ന്: ''സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ നോക്കിയപ്പോള്‍ ഭയങ്കര തടസ്സം. ഒരു ദിവസം ഇ.ശ്രീധരന്‍ വന്നു. ഒരു പദ്ധതി കേന്ദ്രത്തിനു കൊടുത്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചാല്‍ കേന്ദ്രം അംഗീകരിക്കാന്‍ തയാറാണെന്നും പറഞ്ഞു. നമുക്കു റെയില്‍ വേണമെന്നല്ലേയുള്ളൂ. ആവട്ടെ എന്നു പറഞ്ഞു. റെയില്‍വേ മന്ത്രിയെ ബന്ധപ്പെട്ടു. സര്‍ക്കാരിന്റെ പ്രതിനിധിയായി കെ.വി.തോമസാണു പ്രപ്പോസല്‍ കൊടുത്തത്. മറുപടിയുണ്ടായില്ല. ഒരു ദിവസം ഞാന്‍ കെ.വി.തോമസിനെയും കൂട്ടി കേന്ദ്രമന്ത്രിയെ കണ്ടു. നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഔപചാരികമായി പ്രപ്പോസല്‍ തരുമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ അക്കാര്യമുണ്ടായിരുന്നില്ലെന്നാണു പെരുമാറ്റത്തില്‍ മനസ്സിലായത്. ഒരു മറുപടിയുമുണ്ടായില്ല'' മുഖ്യമന്ത്രി പറഞ്ഞു.

റാപിഡ് റെയില്‍ പാതകള്‍ പ്രധാന നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിക്കാനുള്ളതാണെന്നും കേരളം മുഴുവന്‍ റാപ്പിഡ് റെയില്‍ നിര്‍മിക്കാന്‍ കേന്ദ്രാനുമതി ലഭിക്കില്ലെന്നും ഇ.ശ്രീധരന്‍. തിരുവനന്തപുരംകൊല്ലം പോലെ ചെറിയ റൂട്ടുകളില്‍ റാപ്പിഡ് റെയില്‍ നടപ്പാക്കാന്‍ കഴിയും. സില്‍വര്‍ലൈനിന്റെ ബദല്‍ സംബന്ധിച്ചു മുഖ്യമന്ത്രി നേരത്തേ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും വീട്ടിലെത്തി സംസാരിച്ചതും പദ്ധതിയില്‍ തൃപ്തി രേഖപ്പെടുത്തിയതുമാണ്. 10 മാസത്തോളം പ്രതികരിക്കാതിരുന്ന ശേഷം ഇപ്പോള്‍ റാപ്പിഡ് റെയില്‍ നടപ്പാക്കുമെന്നു പറയുന്നതിലെ യുക്തിയെന്താണെന്നു മനസ്സിലാകുന്നില്ല. റാപ്പിഡ് റെയിലിന് അതിവേഗ പാത പദ്ധതിയുമായി ബന്ധമില്ലാത്തതിനാല്‍ ഡിപിആര്‍ തയാറാക്കുന്ന ജോലികളുമായി മുന്നോട്ടുപോകും. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്ന ബോധ്യം സര്‍ക്കാരിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.