തിരുവനന്തപുരം: തിരുവനന്തപുരം മേനാംകുളം മണൽ വാരൽ അഴിമതിക്കേസിൽ സിഡ്‌കോയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഞ്ച് കോടി ഇരുപത്തിനാല് ലക്ഷം രൂപയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ടെലികോം സിറ്റി പദ്ധതിയുടെ മറവിൽ നടന്ന മണൽക്കടത്തിലാണു നടപടി. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണൽ കടത്തിയെന്നും ആറേമുക്കാൽ കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കി.

മേനംകുളത്തെ മണൽവാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായത്. ഇതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്.

നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇയാൾക്കെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനുമതിയുള്ളതിലേറെ മണൽ കടത്തിയ കേസ്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട്, സിഡ്കോയിലെയും കെഎസ്ഐഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ ഭൂമികൈമാറ്റം, സർക്കാർ ഭൂമി സ്വന്തം പേരിൽ മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്. ആരോപണങ്ങളെ തുടർന്ന് ഇയാളെ സർക്കാർ പുറത്താക്കിയിരുന്നു

മേനംകുളത്ത് നടത്തിയ മണൽക്കൊള്ളയുടെ പേരിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 11,31,00,000 രൂപയുടെ ക്രമക്കേടാണ് തെളിഞ്ഞത്. ഇതിനു ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‌ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടിയാണ് വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയത്. 2010-11 കാലയളവിൽ നടന്ന മണൽക്കൊള്ളയിൽ സർക്കാരിന് 5,19,15,278 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാനുള്ള കരാർ സിഡ്‌കോയ്ക്ക് ലഭിച്ചപ്പോൾ ഈ അനുമതിയുടെ ബലത്തിൽ കോടിക്കണക്കിന് രൂപയുടെ മണൽ അധികമായി ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സജി ബഷീറിനെതിരെ ശക്തമായ തെളിവുകൾ ഉള്ള കേസാണ് മേനംകുളത്തെ കോടികളുടെ മണൽക്കൊള്ളയും.

സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ഡൈ അമോണിയം സൾഫേറ്റ് വിതരണം ഉൾപ്പെടെയുള്ള കേസുകൾ സിബിഐക്ക് വിടാമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു ആ വിവാദങ്ങൾ പുറം ലോകത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു.

അനധികൃതമായി സമ്പാദിച്ച സ്വത്ത് സജി ബഷീർ വിദേശത്തും നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഒരു കേന്ദ്ര ഏജൻസി അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. ഉത്തർപ്രദേശ് സഹകരണ ഫെഡറേഷന് ഡൈ അമോണിയം സൾഫേറ്റ് വിതരണം ചെയ്തതിലെ ക്രമക്കേടിലും സിബിഐ അന്വേഷണമാണ് പ്രായോഗികം. മറ്റു കേസുകൾ സിബിഐക്ക് വിടുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നും വിജിലൻസ് വകുപ്പ് അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. എന്നിട്ടും കേസിൽ അട്ടിമറികൾ നടന്നിരുന്നു

2011ൽ രജിസ്റ്റർചെയ്ത തിരുവനന്തപുരം ടെക്‌നോസിറ്റിൽ നിന്ന് മണ്ണ് കടത്ത് കേസാണ് ഏറ്റവും പഴയത്. സിഡ്‌കോയിലെയും കെ.എസ്‌ഐ.ഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ ഭൂമി കൈമാറ്റം, സർക്കാർ ഭൂമി ഭൂമി സ്വന്തം പേരിൽ മാറ്റിയത് എന്നിവ മറ്റു പ്രധാന കേസുകൾ. സജി ബഷീറിനെ കേരള സ്റ്റേറ്റ് ഓഡിയോവിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ എം.ഡി ആയാണ് ആദ്യം നിയമിക്കുന്നത്. പ്രൊബേഷൻ കാലയളവിൽ സിഡ്‌കോയിൽ എം.ഡി ആയി നിയമിക്കപ്പെട്ടു.

2011 ഫെബ്രുവരി 24ന് റിപ്രോഗ്രാഫിക് സെന്ററിൽ നിന്ന് നീക്കം ചെയ്തു. അതോടെ ഒരു സ്ഥാപനത്തിലും സ്ഥിരം ജീവനക്കാരനല്ലാതായി. സിഡ്‌കോയിൽ നിരവധി ആരോപണങ്ങൾ നേരിട്ടു. സർക്കാരിന് 5.47 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും അത് സജി ബഷീറിൽ നിന്ന് ഈടാക്കണമെന്നും സി.എ.ജിയുടെ കുറ്റപ്പെടുത്തലുണ്ട്.

മേനംകുളം ടെലികോം സിറ്റി ഇടപാടിലും ഒലവക്കോട് സിഡ്‌കോ വ്യവസായ കേന്ദ്രത്തിൽ ഷെഡ് വാടക സംബന്ധിച്ച കേസിലും വിജിലൻസ് അന്വേഷണം നടന്നിരുന്നു. കെ.എസ്‌ഐ.ഇയിൽ നിയമിച്ചത് അതിന്റെ ആർട്ടിക്കിൾ ഒഫ് അസോസിയേഷൻ പ്രകാരമാണ്. ഇതിനിടെയാണ് മറുനാടൻ അഴിമതി വാർത്തകൾ പുറത്തുവിട്ടതും. സർക്കാർ നടപടിയെടുത്തതും.

കൊച്ചിയിലെ കണ്ണായ സ്ഥലത്ത് 3000 കോടി വിലമതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് ജുവല്ലറി ഭീമൻ ഭീമയ്ക്ക് ചുളുവിലയ്ക്ക് കൈമാറാൻ ശ്രമിച്ചതും വിവാദത്തിലായിരുന്നു. ഈ ഇടപാട് പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു. ഒല്ലൂർ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭൂമി വ്യവസായ സംരംഭകർക്ക് അനുവദിച്ചതിൽ അഴിമതിയും ക്രമക്കേടും നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അധികാരത്തിലിരിക്കുന്നവർക്കായി എളുപ്പം വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നു സജി ബഷീർ. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സജി ബഷീറിന് മുൻ വ്യവസായ മന്ത്രി എളമരം കരീമുമായും നല്ല ബന്ധമാണ് നിലവിലുണ്ടായിരുന്നത്. തലസ്ഥാനത്തെ മാധ്യമവൃന്ദവുമായും അടപ്പമുള്ള സജി ബഷീറിന്റെ അഴിമതിക്ക് കൂട്ടു നിൽക്കുന്നത് ഉന്നത രാഷ്ട്രീയക്കാർ തന്നെയായിരുന്നു

സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട മാനേജിങ് ഡയറക്ടർ സജി ബഷീർ അടുത്ത സ്ഥാപനത്തിലും നടത്തിയത് നിരവധി ക്രമക്കേടുകൾ നടത്തി. സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശിപാർശ ചെയ്ത സജി ബഷീറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലേക്ക് (കെ.എസ്‌ഐ.ഇ) മാറ്റിയത്. സംസ്ഥാനത്തെ കാർഗോയുടെ ഗതാഗത ചുമതലയുള്ള സ്ഥാപനമായിരുന്നു കെ.എസ്‌ഐ.ഇ.

2015 സെപ്റ്റംബറിലാണ് സജിബഷീർ കെ.എസ്‌ഐ.ഇയുടെ മാനേജിങ് ഡയറക്ടർ ആകുന്നത്. ചുമതലയേറ്റശേഷം സജി പഴയ പണി തുടങ്ങി. അനധികൃതമായി നിയമനം നടത്തുകയായിരുന്നു ആദ്യഘട്ടം. ആറുമാസത്തിനുള്ളിൽ നാല് സ്ഥിരം നിയമനങ്ങളും 27 നേരിട്ടുള്ള നിയമനങ്ങളും 84 പുറം കരാർ നിയമനങ്ങളും നടത്തി. കെ.എസ്‌ഐ.ഇയിലെ ചട്ടങ്ങളും വ്യവസായ വകുപ്പ് രൂപീകരിച്ച ആർ.ഐ.എ.ബിയും മറികടന്നാണ് ഈ നിയമനങ്ങളെല്ലാം നടത്തിയത്.

ചട്ടങ്ങൾ ലംഘിച്ച് ഇവർക്ക് ശമ്പളവും നിശ്ചയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലും കെ.എസ്‌ഐ.ഇയിൽ ജോലി ലഭിച്ചുവെന്നതാണ് വിചിത്രമായ വസ്തുത. സെക്രട്ടേറിയറ്റ്, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിരമിച്ചവർക്ക് പോലും കെ.എസ്‌ഐ.ഇയിൽ ജോലി ലഭിച്ചു.

സജി ബഷീറിന്റെ ഈ നിയമന നടപടികളെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. ഇതോടെ അന്വേഷണം വന്നു. വ്യവസായ വകുപ്പ് കമ്പനിയിൽ പരിശോധന നടത്തി. അനധികൃത നിയമനങ്ങളുണ്ടായെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതുമൂലം കമ്പനിക്ക് പ്രതിമാസം 10 ലക്ഷം രൂപയിലധികം അധിക ചെലവുണ്ടാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ സാമ്പത്തിക ബാധ്യത കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ നിയമനങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾ മറയ്ക്കാൻ നേതാക്കന്മാർക്ക് കഴിയാതെ വന്നതോടെ സജി ബഷീറിനെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുകയുമായിരുന്നു.