- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ ഒരുഘട്ടമായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന്; നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ വ്യക്തമാക്കി. 11838 […]
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മുവില്‍ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ വ്യക്തമാക്കി. 11838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടര്‍മാരാണുള്ളത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബര്‍ 30ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും പ്രഖ്യാപിച്ചില്ല. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. സ്ത്രീകളുടെയും, യുവജനങ്ങളുടെയും വലിയ പ്രാതിനിധ്യമുണ്ടായി. കടന്നെത്താന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ പോലും ചെന്ന് വോട്ടിംഗ് സാധ്യമാക്കി.ജമ്മു കശ്മീര്‍,ഹരിയാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. രണ്ടിടങ്ങളിലും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കശ്മീരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മികച്ച പ്രതികരണമാണ് കിട്ടിയത്.
ജനങ്ങള്‍ ആവേശപൂര്‍വം തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.അവര്‍ അവരുടെ ജനാധിപത്യ അവകാശം നന്നായി വിനിയോഗിച്ചു.റീ പോളിംഗ് വേണ്ടി വന്നില്ലെന്നും അക്രമ സംഭവങ്ങള്‍ ഉണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടര്‍മാരില്‍ 3.71 ലക്ഷം പുതുമുഖ വോട്ടര്‍മാരാണ്.169 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക.
ഹരിയാനയില്‍ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. പക്ഷപാതപരമായി പെരുമാറരുതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കും. കശ്മീരിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷ നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
പത്ത് വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഹരിയാനയില്‍ ഏറ്റവും ഒടുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ മാറ്റി മുഖംമിനുക്കലിന് ബിജെപി ശ്രമിച്ചത്. മനോഹര്‍ലാല്‍ ഖട്ടാറിന് പകരം നയാബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കി. ലോക്ദളിന്റെ തട്ടകത്തില്‍ നേതാവില്ലാതെ മോദി തരംഗത്തിലാണ് 2014 ലില്‍ ബിജെപി അധികാരം പിടിച്ചത്. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരത്തേയും കര്‍ഷകപ്രക്ഷോഭത്തേയും നേരിട്ട് 2019 ല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയിലാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.
കര്‍ഷകരോഷം തിരിച്ചറിഞ്ഞ് ജെജെപി സര്‍ക്കാരിനുള്ള പിന്തുണ അടുത്തിടെ പിന്‍വലിച്ചെങ്കിലും ദുഷ്യന്തിന്റെ പാര്‍ട്ടിയെ പിളര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ സഭയില്‍ വിശ്വാസം വീണ്ടെടുത്തത്. ഭരണം തിരിച്ചുപിടിക്കാന്‍ സുവര്‍ണാവസരമായി കരുതുന്ന കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെ ഹൂഡ-ഷെല്‍ജ ചേരികളുടെ തമ്മിലടിയാണ്. ജാട്ടുകളുടെ ബിജെപിയോടുള്ള അനിഷ്ടവും കര്‍ഷകരോഷവും ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഇത്തവണ
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഇതില്‍ ആദ്യഘട്ടമായാണ് ഹരിയാനയിലെയും കശ്മീരിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.കശ്മീരിനൊപ്പം ഹരിയാനയും സന്ദര്‍ശിച്ച കമ്മീഷന്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും സന്ദര്‍ശിച്ചിരുന്നില്ല. ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പു വേണ്ടിവരുന്നത്. പ്രിയങ്ക ഗാന്ധിയാണു കോണ്‍ഗ്രസിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍നിന്ന് കെ.രാധാകൃഷ്ണന്‍ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പു നടക്കും. ഇതിനോടൊപ്പം പാലക്കാട് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഷാഫി പറമ്പില്‍ എംഎല്‍എ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.