- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഹിയറിങ്ങിനിടെ കെ എസ് ഇ ബി ചെയര്‍മാനെ കൂവി ഒരു വിഭാഗം; ആവശ്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്ന് ക്ഷുഭിതനായി ബിജു പ്രഭാകര്‍; ഹിയറിങ്ങില്‍ സംഭവിച്ചത്
ബഹളം അടങ്ങിയത് കമ്മീഷന്‍ ഇടപെട്ടതോടെ
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പില്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ബിജു പ്രഭാകറിന്റെ പ്രസംഗത്തിനിടെ കൂവല്‍. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ വിഷമതകളെ കുറിച്ച് സംസാരിക്കവേയാണ്, ഹിയറിങ്ങിന് എത്തിയ ഒരു വിഭാഗം പ്രകോപിതരായി ബഹളം വച്ചത്. ഇവര്‍ ബഹളം തുടരുകയും കൂവുകയും ചെയ്തതോടെ ബിജു പ്രഭാകര്‍ പ്രസംഗം നിര്‍ത്തി വച്ചു. 'ആവശ്യമുണ്ടെങ്കില്‍ കേട്ടാല്‍ മതി എനിക്ക് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇവിടെ വച്ച് നിര്‍ത്താന്‍ തയ്യാറാണ്. കാര്യങ്ങള്‍ മനസ്സിലാക്കണം' എന്ന് ക്ഷുഭിതനായി പറയുകയും ചെയ്തു.
കെഎസ്ഇബി നിരക്ക് വര്‍ദ്ധന ആവശ്യപ്പെടുന്നതിനിടെ, ജീവനക്കാരുടെ ആനുകൂല്യങ്ങളെ കുറിച്ച് സംസാരിച്ചതാണ് ഒരുവിഭാഗത്തെ പ്രകോപിച്ചതെന്നാണ് സൂചന. റഗുലേറ്ററി കമ്മീഷന്‍ ഇടപെട്ടതോടെയാണ് ഇക്കൂട്ടര്‍ ശാന്തരായത്.
ബിജു പ്രഭാകറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
'കഴിഞ്ഞ വര്‍ഷത്തെ കെ എസ് ഇ ബിയുടെ ലാഭ നഷ്ടം എടുത്തുനോക്കി കഴിഞ്ഞാല്‍, കഴിഞ്ഞ ഒരു വര്‍ഷം മാത്രമാണ് ചെറിയ ലാഭം ഉണ്ടായത്. വൈദ്യുതി നന്നായി വില്‍പ്പന നടത്തുകയുണ്ടായി. 219 കോടിയോളം ലാഭമുണ്ടായിട്ടുണ്ട്. അത് 783 കോടി രൂപ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടാണ്. പക്ഷേ മനസ്സിലാക്കേണ്ട കാര്യം മുന്‍കാലങ്ങളില്‍ ഉള്ള കടം അതുപോല നില്‍ക്കുകയാണ്. അതിനേക്കാള്‍ ഉപരി റേറ്റിങ് വളരെ മോശമാണ്. 35,000 രൂപയോളം അഗ്രഗേറ്റഡ് ലോസസ് ഉള്ള സ്ഥാപനമാണ് കെ എസ് ഇ ബി. അതുകൊണ്ട് തന്നെ ലോണും മറ്റും കിട്ടാനുള്ള ബുദ്ധിമുട്ടുകളുണ്ട്.
2030 ആകുമ്പോള്‍, 10,000 മെഗാവാട്ടിലേക്ക് ഉത്പാദന ശേഷി ഉയര്‍ത്തണം. ഇന്ന് 2280 മെഗാവാട്ടാണ് ഉത്പാദനശേഷി. ......നല്ല നല്ല പ്രോജക്റ്റുകളുണ്ട്....പക്ഷേ ഇവിടെ ഏതെങ്കിലും ഒരു പ്രോജക്റ്റുമായി നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍, വലിയ രീതിയിലുള്ള എതിര്‍പ്പാണ്, ഞങ്ങള്‍ എന്തുചെയ്യാന്‍ പറ്റും? എതിര്‍ക്കണ്ടാന്നൊന്നും പറയുന്നില്ല. പക്ഷേ വൈദ്യുതി ഉത്പാദിപ്പിക്കാതിരിക്കുന്നിടത്തോളം കാലം, കെഎസ്ഇബി എങ്ങനെ മുന്നോട്ടുപോകുമെന്ന് ഒന്ന് ദയവ് ചെയത് ചിന്തിക്കുക.'
മികച്ച പദ്ധതികളുണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. 'സാമ്പത്തിക സ്ഥിതി, പരിസ്ഥിതി ക്ലിയറന്‍സ് പ്രശ്‌നം തുടങ്ങിയ നൂലാമാലകള്‍, അതിനേക്കാളുപരി ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളും നേരിടേണ്ടി വരുന്നു. അതിരപ്പിള്ളിയിലെ 163 മെഗാവാട്ട്. മന: പൂര്‍വം എടുത്താതിരുന്നതാണ്. എടുത്തുകഴിഞ്ഞാല്‍ അടുത്ത ദിവസം വിവാദമാണ്. ആണവ നിലയം പല സംസ്ഥാനങ്ങളിലും മുന്നോട്ടുപോകുകയാണ്. മന; പൂര്‍വം പറയാതിരുന്നതാണ്. പറഞ്ഞാല്‍, ഇന്നത്തെ ചര്‍ച്ചകള്‍ മൊത്തം ആണവ നിലയം വേണോ വേണ്ടയോ എന്നുള്ളതാണ്. അതുകൊണ്ടുവരാതിരിക്കാന്‍ വേണ്ടി എന്തുചെയ്യാമെന്ന ചര്‍ച്ച വരും. അതിരപ്പള്ളി പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ നാളെ ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കും. 163 മെഗാവാട്ടാണ്. ആരാണ് അതിന് പിന്നില്‍ നില്‍ക്കുന്നതെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ അന്വേഷിക്കുക.പാരിസ്ഥിതികമായി യാതൊരു ദോഷവും ഇല്ലാത്ത പ്രോജക്റ്റാണ്. പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അവര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ദോഷകരമായ കാര്യങ്ങളും, മോശമായ കാര്യങ്ങളും ഒക്കെ കേള്‍ക്കേണ്ടി വരും.' പരിസ്ഥിതിവാദമൊക്കെ നല്ലതുതന്നെ. അങ്ങനെയെങ്കില്‍ നിരക്ക് വര്‍ധന സഹിക്കേണ്ടിവരും. പട്ടിയെ സ്നേഹിക്കുന്നതൊക്കെ നല്ലതാണ്, പകരം അതിന്റെ കടി സഹിക്കാന്‍ തയ്യാറാകണമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തിനിടെ 101 മെഗാവാട്ടിന്റെ പദ്ധതി മാത്രമാണ് ഗ്രിഡ്ഡിലേക്ക് ചേര്‍ക്കാനായത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെ ഉടനെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 12,983 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നത്. ഈ വര്‍ഷം 15,000 കോടിയുടെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും അദ്ദേഹം ഹിയറിങ്ങിനിടെ വ്യക്തമാക്കി.
അതേസമയം, ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പരാതി ഉന്നയിക്കുന്ന റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയിലും ചെയര്‍മാന്‍ വിശദീകരണം നല്‍കി. ഇന്ത്യയില്‍ റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. പകല്‍സമയത്ത് ഉത്പാദനം കൂടുതലാണ്. ഇതിന് തുക കുറവാണ്. എന്നാല്‍, രാത്രിയിലെ ഉപയോഗത്തിനുവേണ്ടി വാങ്ങുന്ന വൈദ്യുതിക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുന്നു. 1500 മെഗാവാട്ട് കൂടി ഗ്രിഡ്ഡിലേക്ക് ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3300 മെഗാവാട്ട് വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. മെഗാവാട്ടിന് 3.5 കോടിയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ജനങ്ങള്‍ ആവശ്യമായ പിന്തുണ നല്‍കണം. എത്രത്തോളം റിസ്‌കിയായിട്ടുള്ള സാഹചര്യത്തിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സേഫ്റ്റി ബോര്‍ഡ് കൊണ്ടുവരാന്‍ ആലോചിക്കുന്നു. ' എല്ലാ ആനുകൂല്യങ്ങളും കെ എസ് ഇ ബി കൊടുക്കണമെന്നുണ്ടെങ്കില്‍, എത്രയോ ഡിഎ ഇനി കൊടുക്കാനുണ്ട്. ഗവണ്‍മെന്റ് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്, ഗവണ്‍മെന്റ് അറിയാതെ ഒരു കാര്യവും ചെയ്യേണ്ടെന്ന്. അങ്ങനെ ചെയ്ത ചരിത്രമുണ്ട്, സര്‍ക്കാര്‍ അതിന് കൂച്ചുവിലങ്ങിട്ടിട്ടുമുണ്ട്്. ഏണ്‍ഡ് ലീവ്്, ലീവ് സറണ്ടര്‍ തുടങ്ങിയവ സര്‍ക്കാര്‍ അനുമതിയില്ലാതെ കൊടുക്കരുതെന്ന് സ്ട്രിക്റ്റ് ആയ ഓഡറുണ്ട്. ഒരു ഡിഎ കൊടുത്തത്് പോലും എല്ലാവരും അംഗീകരിച്ചിട്ടുണ്ടെങ്കിലും, സര്‍ക്കാരിലേക്ക് കൊടുത്തിരിക്കുകയാണ്. അതിന് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഓണത്തിന് മുമ്പ് ഒരു ഡിഎ കൂടി കൊടുക്കണമെന്ന് പറഞ്ഞിട്ടുകൂടി കൊടുത്തിട്ടില്ല.
( അതിനിടെ, സദസ്സില്‍നിന്ന് ഒരുവിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ഇബി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ഹിയറിങ്ങിനെത്തിയവരെ പ്രകോപിപ്പിച്ചത്. ഇവര്‍ ചെയര്‍മാനെ കൂവുകയും ചെയ്തു.
ആവശ്യമുണ്ടെങ്കില്‍ കേട്ടാല്‍ മതി എനിക്ക് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇവിടെ വച്ച് നിര്‍ത്താന്‍ തയ്യാറാണ്. കാര്യങ്ങള്‍ മനസ്സിലാക്കണം. സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ട് കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എത്രത്തോളം കുറയ്ക്കാന്‍ പറ്റും. എനിക്ക് പറയാനുള്ളത് ദയവായി കേള്‍ക്കുക. എന്നാല്‍ ബഹളം തുടര്‍ന്നതോടെ ബിജു പ്രഭാകര്‍ സംസാരം നിര്‍ത്തി ഇരുന്നു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ ഇടപെട്ടു. എല്ലാവരെയും കേള്‍ക്കുമെന്നും കോലാഹലമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് വന്നതെങ്കില്‍ !ഒന്നും പറയാനില്ലെന്നും കമ്മീഷന്‍ പറഞ്ഞു.