മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. ഇന്ന് രാവിലെ 11 മണിയോടായണ് സംഭവം.

കാടിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെത്തിച്ചെങ്കിലും സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സാധിച്ചിട്ടില്ല.

അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാധയെ കടുവ ആക്രമിച്ച ശേഷം വലിച്ചിഴച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു.

10 ദിവസം മുമ്പ് പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടിയിരുന്നു. വയനാട്ടില്‍ പലയിടത്തും കടുവയുടെ സാന്നിധ്യമുണ്ട്. പല പ്രദേശങ്ങളിലും കടുവയുടെ ആക്രമണം വര്‍ധിച്ചിട്ടുമുണ്ട്. ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എട്ടുപേരാണ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. സംഭവ സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (ടഛജ) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.

അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.