- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല; ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് ശക്തികുറഞ്ഞ ഓലപ്പടക്കം പൊട്ടിച്ചത്'; പീതാംബരന്‍ ആനയ്ക്ക് ആക്രമണസ്വഭാവമുണ്ടെന്ന് കേള്‍ക്കുന്നുവെന്നും ക്ഷേത്രഭാരവാഹികള്‍; വീഴ്ച സംഭവിച്ചെങ്കില്‍ നടപടിയെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
ആന ഇടഞ്ഞ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രഭാരവാഹികള്‍
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രഭാരവാഹികള്‍. ആനകള്‍ ഇടഞ്ഞത് ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടുന്നതു കേട്ടാകാമെന്ന വാദം തള്ളിയാണ് ക്ഷേത്രഭാരവാഹികള്‍ രംഗത്ത് വന്നത്. എഴുന്നള്ളത്തിന് അണിനിരത്തിയ ആനകള്‍ക്ക് സമീപം പടക്കംപൊട്ടിച്ചിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ആനകള്‍ നിന്നിടത്തുനിന്ന് ഏറെ മാറിയാണ് പടക്കം പൊട്ടിച്ചതെന്നാണ് വിശദീകരണം.
ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് പൊട്ടിച്ചത്. ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല. ഇവിടെനിന്ന് അകലെ മാറി ക്ഷേത്രക്കുളത്തിനും അപ്പുറത്താണ് പടക്കം പൊട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തികുറഞ്ഞ ഓലപ്പടക്കങ്ങളാണ് ഉപയോഗിച്ചതെന്നും ഗോകുല്‍ എന്ന ആനയെ കുത്തിപ്പരിക്കേല്‍പ്പിച്ച പീതാംബരന്‍ എന്ന ആനയ്ക്ക്, മറ്റാനകളെ ആക്രമിക്കുന്ന സ്വഭാവമുണ്ടായിരുന്നതായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
മുക്കാല്‍ ഏക്കറോളം വരുന്ന ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് പടക്കം പൊട്ടിച്ചതെന്നാണ് ക്ഷേത്രോത്സവ സബ്കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി പറയുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ രണ്ട് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആറ് ആനകളെ വരെ എഴുന്നള്ളിക്കാറുണ്ടായിരുന്നു. നാല് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതിയുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അനുമതി തേടിയത്.
പീതാംബരന്‍ എന്ന ആന മറ്റ് ആനകളെ ആക്രമിക്കാറുണ്ടെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് നേരത്തെ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ ആനയെ ബുക്ക് ചെയ്യുമായിരുന്നില്ല. ഫിറ്റ്നസും സുരക്ഷയും കണക്കിലെടുത്താണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളെ തന്നെ ഉത്സവത്തിന് എത്തിച്ചിരുന്നതെന്നും ഉണ്ണി പറഞ്ഞു.
എഴുന്നള്ളത്തിനും വാളകം കൂടല്‍ എന്ന ചടങ്ങിനും ശേഷമാണ് വെടിക്കെട്ട് നടക്കാറുള്ളത്. ആനയെ സുരക്ഷിതമായ സ്ഥലത്ത് തളച്ച ശേഷമാണ് ഇത് നടത്തിവന്നിരുന്നത്. എന്നാല്‍, ആനയില്‍നിന്ന് ആവശ്യമായ ദൂരം പാലിച്ചുകൊണ്ടാണ് പടക്കം പൊട്ടിച്ചത്. അത് ഒരിക്കലും ആനയ്ക്ക് പ്രകോപനം സൃഷ്ടിക്കില്ല. വെടിക്കെട്ടിനെത്തുടര്‍ന്ന് പരിഭ്രാന്തരായാല്‍ ആന പിന്തിരിഞ്ഞ് ഓടുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ച മൂന്നുപേരുടേയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ഇത് എങ്ങനെയുണ്ടായതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിലേക്ക് കടന്നത്. 12 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരിക്കേറ്റവരുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. മറ്റ് രണ്ടുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം രണ്ടുമണിയോടെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോവും. മൃതദേഹങ്ങള്‍ മാവിന്‍ചുവട് അങ്ങാടിയില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് സംസ്‌കാരച്ചടങ്ങുകള്‍ക്കായി കുടുംബം ഏറ്റുവാങ്ങും.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചതായി ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വനംമന്ത്രി വനംവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞുവീണാണ് അപകടമെന്നാണ് പ്രാഥമികായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തതായും മന്ത്രി വ്യക്തമാക്കി.
വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി
ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെത്തി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി പ്രാഥമിക പരിശോധന നടത്തി. ക്ഷേത്രത്തില്‍ രണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നുവെന്നും ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ നിന്നും ജീവനക്കാരുടെ മൊഴിയില്‍ നിന്നും വ്യക്തമായതെന്ന് കീര്‍ത്തി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുമെന്നും കീര്‍ത്തി പറഞ്ഞു.
''ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണു ജീവനക്കാരുടെ മൊഴി. വിശദപരിശോധന നടക്കുകയാണ്. മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്. 2 ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്നു പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും.'' കീര്‍ത്തി പറഞ്ഞു.
അതേസമയം അപകടത്തില്‍ ആളുകള്‍ മരിച്ചതില്‍ ദുഃഖസൂചകമായി നഗരസഭയിലെ 11 വാര്‍ഡുകളില്‍ ആചരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ ബാധകമാവുക. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.
കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിച്ചതില്‍ വീഴ്ചയില്ലെന്ന നിഗമനത്തിലാണു ദേവസ്വം ബോര്‍ഡ് അധികൃതര്‍. അപകടമുണ്ടായ സ്ഥലം ഇന്ന് രാവിലെ അധികൃതര്‍ സന്ദര്‍ശിച്ചു. ക്ഷേത്ര പരിസരത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആളുകളെ നിയന്ത്രിക്കുന്നതിന് വടം ഉള്‍പ്പെടെ വലിച്ചുകെട്ടിയിരുന്നു. ആനയും ആളുകളും തമ്മില്‍ ആവശ്യത്തിന് അകലം പാലിച്ചിരുന്നുവെന്നുമാണ് കരുതുന്നതെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), വടക്കയില്‍ രാജന്‍ (68) എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരുക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ഉത്സവത്തിനിടെ പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ പടക്കം പൊട്ടിച്ച ശബ്ദം കേട്ടു വിരണ്ട പീതാംബരന്‍, ഗോകുലിനെ കുത്തി. ഇതോടെ 2 ആനകളും പരിഭ്രാന്തരായി ഉത്സവപ്പറമ്പിലൂടെ ഓടി. സ്ഥലത്തുണ്ടായിരുന്ന ആളുകളും ചിതറിയോടിയപ്പോഴാണു ദുരന്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ദേവസ്വം ഓഫിസും ആനകള്‍ തകര്‍ത്തിരുന്നു.