കൊച്ചി: എമ്പുരാനിലെ ഖേദ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ തള്ളി പറഞ്ഞത് പൃഥ്വി രാജിനേയോ സിനിമയിലെ സ്‌ക്രിപ്റ്റില്‍ അടക്കം അടിമുടി മാറ്റങ്ങള്‍ താന്‍ വരുത്തിയെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു. കഥയുടെ പൂര്‍ണ്ണ ഉള്ളടക്കവും ട്വിസ്റ്റുകളുമെല്ലാം സംവിധായകന് മാത്രമേ അറിയാവൂവെന്നും അഭിനേതാക്കള്‍ അവരവരുടെ വേഷം മാത്രമാണ് ചെയ്തു പോയതെന്നുമെല്ലാമുള്ള വീമ്പ് പറച്ചില്‍ പല ചാനലിലും പൃഥ്വിയുടേയതായി എത്തി. ലൂസിഫളും ബ്രോ ഡാഡിയും വിജയമായതിന്റെ ആത്മവിശ്വാസത്തിലെ പൃഥ്വിയുടെ പ്രതികരണങ്ങള്‍ ആരും തള്ളി പറഞ്ഞതുമില്ല. പ്രിവ്യൂ പോലും ആരേയും കാട്ടിയില്ല. ക്ലൈമാക്‌സ് വിവരം പുറത്തു വരുമെന്ന ന്യായം പറഞ്ഞായിരുന്നു മോഹന്‍ലാലിനെ പോലും അത് കാണിക്കാത്തത്. അങ്ങനെ സാധാരണ പ്രേക്ഷകന്റെ ആകാംഷയില്‍ സിനിമ കാണാന്‍ മോഹന്‍ലാലും തിയേറ്ററിലെത്തി. ചിത്രം കണ്ട് പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ശരീര ഭാഷയില്‍ എല്ലാമുണ്ടായിരുന്നു. സിനിമയുടെ പ്രധാന നിര്‍മ്മതാവായ ആന്റണി പെരുമ്പാവൂരും നിരാശയോടെയാണ് മോഹന്‍ലാലിന് പിന്നാലെ ഇറങ്ങിയത്. മറ്റൊരു നിര്‍മ്മതാവ് ഗോകുലം ഗോപാലന്‍ ചിലത് തുറന്നു പറഞ്ഞു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഖേദ പ്രകടനവും. അപ്പോഴും എവിടെയാണ് എമ്പുരാന് പിഴച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നില്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ പോസ്റ്റിനെ പൃഥ്വിയും ഷെയര്‍ ചെയ്തു.

നിര്‍മാതാവ് സുരേഷ് കുമാറിനെ വിമര്‍ശിച്ച് നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്ത് നടന്‍ പൃഥ്വിരാജ്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ആന്റണി കുറിച്ച്. ഈ പോസ്റ്റ് എല്ലാം ഓക്കെയല്ലേ അണ്ണാ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഷെയര്‍ ചെയ്തത്. നടന്‍ ഉണ്ണി മുകുന്ദനും പിന്തുണയുമായി രംഗത്തെത്തി. പിന്നീട് മോഹന്‍ലാലിന്റെ ശരിപക്ഷ പോസ്റ്റും എത്തി. പിന്നീട് കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് തിയേറ്റര്‍ ഉടമകളുടെ പിന്തുണയിലെ അനിവാര്യതയില്‍ ആദ്യം പോസ്റ്റ് ആന്റണി പിന്‍വലിച്ചു. വിവാദങ്ങളിലേക്ക് പോകാതെ നോക്കി. പിന്നാലെയാണ് ആള് അറിഞ്ഞ് കളയിടാ എന്ന പൃഥ്വിയുടെ ഭാര്യ സുപ്രിയാ മേനോന്റെ പോസ്റ്റ് എത്തിയത്. സുപ്രിയാ മേനോന്റെ ട്വീറ്റില്‍ അപ്പോള്‍ ചര്‍ച്ചയൊന്നും നടന്നില്ല. എന്നാല്‍ സിനിമ സിനിമയുടെ റീ സെന്‍സറിംഗ് വാര്‍ത്തയ്ക്ക് പിന്നാലെ അതും കടന്നാക്രമണത്തിന് വിധേയമായി. ഇപ്പോള്‍ മോഹന്‍ലാല്‍ ഖേദ പ്രകടനവും നടത്തി. ഇതോടെ എമ്പുരാന്‍ വിവാദത്തില്‍ നിന്നും പരിവാറുകാര്‍ പിന്മാറും. ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണമാണ് ഇടത് പക്ഷം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പക്ഷേ മോഹന്‍ലാലിനെ പൃഥ്വി തള്ളി പറയുമെന്ന് ആരും കരുതുന്നില്ല.

അതിനിടെ പൃഥ്വിരാജിന്റെ രാജമൗലി- പ്രശാന്ത് നീല്‍ സിനിമകള്‍ ത്രിശങ്കുവിലായെന്നും റിപ്പോര്‍ട്ടുണ്ട്. പൃഥ്വിയുമായി കരാര്‍ ഒപ്പിട്ട ബ്രഹ്‌മാണ്ഡ സംവിധായകന്‍ രാജമൗലിയുടെ പുതിയ സിനിമയുടെ നിര്‍മ്മാതാക്കളും രാജമൗലിയും എല്ലാം വെട്ടിലായെന്നും സൂചനകളുണ്ട്. പൃഥ്വിരാജ് സിനിമയില്‍ ഉണ്ടായാല്‍ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണെന്നാണ് പുറത്ത് വരുന്ന വിവരം. ആര്‍ എസ് എസിന്റെ കടുത്ത വിമര്‍ശനം പൃഥ്വിക്ക് പിന്നിലുണ്ട്. ആര്‍ എസ് എസുമായി അടുത്തു നില്‍ക്കുന്ന കുടുംബമാണ് രാജമൗലിയുടേത്. ആര്‍ എസ് എസിന്റെ ചരിത്രം പോലും രാജമൗലി സിനിമയാക്കുമെന്ന അഭ്യൂഹം സജീവം. ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി വളച്ചൊടിച്ചെന്ന് ആരോപിച്ച് ആര്‍.എസ്.എസ് ദേശീയ നേതൃത്വം തന്നെ, പൃഥ്വിരാജിനെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍, ആര്‍.എസ്.എസ് ക്ലിയറന്‍സ് ഇല്ലാതെ, പൃഥ്വിരാജിനെ ഇനി അഭിനയിപ്പിച്ചാല്‍, രാജമൗലി സിനിമയുടെ ഭാവിയെ തന്നെ അത് സാരമായി ബാധിക്കുമെന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജമൗലി സിനിമയില്‍ ചില സീനുകളില്‍ പൃഥ്വിരാജ് അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പ്രധാന നായകന്‍ പ്രശസ്ത തെലുങ്ക് സൂപ്പര്‍ താരമായ മഹേഷ് ബാബുവാണ്. പുരാണകഥകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നയാളാണ് സംവിധായകന്‍ രാജമൗലി. ഈ ട്രെന്‍ഡ് മഹേഷ് ബാബു ചിത്രത്തിലും തുടരുമെന്നാണ് സിനിമാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ വനങ്ങളും ഇന്ത്യയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും കൂട്ടിയിണക്കിയാണ് പുതിയ ചിത്രത്തില്‍ രാജമൗലി കഥ പറയുന്നത്. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രാജമൗലി സിനിമയുടെ കഥയോ ജോണറോ, ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലങ്കിലും, ഈ സിനിമ പറയുന്നത് കാശിയുടെ ചരിത്രമാണെന്നാണ്, പ്രമുഖ സിനിമാ മാധ്യമമായ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജമൗലി പറയാന്‍ പോകുന്ന പുരാണ കഥയില്‍, ഹിന്ദു വിരുദ്ധനായി സംഘപരിവാര്‍ സംഘടനകളും ആര്‍.എസ്.എസും ചിത്രീകരിക്കുന്ന പൃഥ്വിരാജിനെ അഭിനയിപ്പിച്ചാല്‍ എന്തുണ്ടാകുമെന്ന ആശങ്ക സജീമാണത്രേ. പൃഥ്വിരാജ് പ്രധാന വില്ലനായി അഭിനയിക്കുന്ന പ്രശാന്ത് നീല്‍ ചിത്രമായ സലാര്‍ 2 വിന്റെ നിര്‍മ്മാതാക്കളും പലവിധ ചിന്തകളിലാണ്. സലാര്‍ 2 വിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയതിനാല്‍ ഈ സിനിമയില്‍ നിന്നും പൃഥ്വിരാജ് ഉണ്ടാകും.

എമ്പുരാന്‍ വിവാദത്തിലൂടെ മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളീ ഗോപി, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാല്‍ എന്നിങ്ങനെ മലയാള സിനിമയിലെ തലപൊക്കമുള്ളവര്‍, ഒറ്റദിവസം കൊണ്ട് ആര്‍എസ്എസിന്റെ ശത്രുപക്ഷത്ത് എത്തിയെന്നതാണ് വസ്തുത. എംപുരാന്‍ സിനിമയില്‍ ഗോധ്രാകലാപവും തുടര്‍ന്നുള്ള സംഭവങ്ങളും സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി അവതരിപ്പിച്ചതോടെ ആര്‍എസ്എസ് നിലപാട് പരസ്യമാക്കി. സിനിമ ഹിന്ദുവിരുദ്ധവും രാജ്യവിരുദ്ധവും ആണെന്ന് ഔദ്യോഗിക മുഖപത്രം ഓര്‍ഗനൈസറില്‍ തെളിച്ച് എഴുതിയത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇതുള്‍ക്കൊണ്ടാണ് മോഹന്‍ലാലും ഖേദപ്രകടനം നടത്തുന്നത്. മോഹന്‍ലാലിനെ പോലെ സീനിയറായ, നിക്ഷപക്ഷനായി കണക്കാക്കപെടുന്ന നടന്‍ ഇത്തരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായത് വഞ്ചനയാണെന്ന്, ഇതുവരെ ഉണ്ടായിരുന്ന എല്ലാ സൗമനസ്യവും മാറ്റിവച്ച് ആര്‍എസ്എസ് പരസ്യമായി പറഞ്ഞു.

മതത്തിന്റെ പേരില്‍ വിഭജനവും വൈരാഗ്യവും വളര്‍ത്തുന്നതാണ് സിനിമ. ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടും ഇത് മോഹന്‍ലാലിന് മനസിലായില്ലെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്. പൊതുസമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ സംഘടനകള്‍ക്ക് അതീതനായി പ്രവര്‍ത്തിക്കുമെന്ന് കരുതിയ ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത് ആരാധകരോടുളള ചതിയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു. ഈ വിമര്‍ശനമാണ് മോഹന്‍ലാലും തന്റെ ഖേദപ്രകടനത്തിലൂടെ ശരിവയ്ക്കുന്നത്. തെറ്റ് തിരുത്തുമെന്ന് തന്നെ വിശദീകരിക്കുന്നു. ആര്‍ എസ് എസ് വിമര്‍ശനം അപ്പാടെ കേന്ദ്രീകരിച്ചിരിക്കുന്നത് പൃഥ്വിരാജിലാണ്. ഹിന്ദുവിരുദ്ധവും രാജ്യവിരുദ്ധവുമായ സിനിമ സംവിധായകന്റെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നതാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിച്ച് അപമാനിക്കുകയാണ്. ഇത് ദേശീയ ഐക്യത്തില്‍ പോലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ചരിത്രത്തെ വളച്ചൊടിക്കാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി സിനിമയെടുക്കാന്‍ പ്രഥ്വിരാജ് ശ്രമം നടത്തിയിരുന്നു. ലക്ഷദ്വീപ് -സിഎഎ വിഷയങ്ങളിലും ഈ നിലപാട് കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഹിന്ദുക്കളെ പൈശാചിക വത്കരിക്കുന്നത്. മുസ്ലിം വിഭാഗത്തെ തീവ്രവാദികളാക്കി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പ്രഥ്വിരാജിന് ധൈര്യമുണ്ടോ എന്നും ഓര്‍ഗനൈസര്‍ വെല്ലുവിളിച്ചിരുന്നു.

ഈ വിവാദത്തില്‍ അറിയാതെ വന്നുപെട്ടതാണ് ഗോകുലം ഗോപാലന്‍. അവസാനഘട്ടത്തില്‍ സിനിമയുടെ ഭാഗമായി ചേര്‍ന്ന ഗോപാലന് ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചൊന്നും കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം അടുപ്പക്കാരോട് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. വിവാദം തുടങ്ങിയപ്പോള്‍ തന്നെ അഭിമുഖങ്ങളും നല്‍കി. എംപുരാന്‍ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ പ്രതികരിക്കുകയും ചെയ്തു. പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് താന്‍ പറഞ്ഞിട്ടുണ്ട്. തല്ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ഒരുപാട് തിയറ്ററുകളില്‍ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററില്‍ തന്നെ മാറ്റണമെങ്കില്‍ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എത്ര ചെലവ് വന്നാലും അത് കൂടി സഹിക്കാമെന്നതായിരുന്നു ഈ വിഷയത്തില്‍ മോഹന്‍ലാലിന്റെ പക്ഷം. അങ്ങനെയാണ് എമ്പുരാനില്‍ തിരുത്തു വരുന്നതും.