ലണ്ടന്‍: ഒന്‍പതു വര്‍ഷം മുന്‍പാണ് മലയാള സിനിമയിലേക്ക് ഒരു ഗര്‍ജ്ജനത്തോടെ പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം എത്തിയത്. പ്രവാസി മലയാളിയായ ടോമിച്ചന്‍ മുളകുപാടം കണ്ണും പൂട്ടി 25 കോടി രൂപ ഒരു സിനിമയ്ക്കായി മുടക്കാന്‍ തയ്യാറായപ്പോള്‍ ഓരോ മലയാളിയും കണ്ണ് തള്ളിയാണ് ആ വാര്‍ത്തകള്‍ അന്ന് കേള്‍ക്കാന്‍ തയ്യാറായത്. വമ്പന്‍ പ്രചാരണ തന്ത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ സിനിമ മലയാളത്തിലെ ആദ്യ നൂറു കോടിയും പിന്നിട്ട് 150 കോടി വാരിയെടുത്താണ് ചരിത്രമായി മാറിയതെന്ന് പറയപ്പെടുന്നു.

സിനിമയ്ക്കായി എടുത്ത ലോണ്‍ മുഴുവന്‍ നിമിഷ വേഗത്തില്‍ അടച്ചു തീര്‍ത്ത ടോമിച്ചന്‍ മുളകുപാടത്തെ പിന്നെയധികം കാണാതായതിനു കാരണം ഈ കോടികളുടെ തിളക്കം തന്നെയാണ്. ഒരു നിര്‍മാതാവ് ഒറ്റയ്ക്ക് കിട്ടുന്ന ലാഭം മുഴുവന്‍ കൊണ്ട് പോകേണ്ട എന്ന തീരുമാനത്തിലേക്ക് മലയാള സിനിമ ലോകം എത്തുന്ന കാഴ്ചയും പിന്നീട് സ്‌ക്രീനിനു പുറകില്‍ കാണാനായി. ഒട്ടുമിക്ക താരങ്ങളും നിര്‍മാതാക്കളുടെ റോളിലേക്ക് എത്തി. അങ്ങനെ പുലിമുരുകനു മുന്‍പും പിന്‍പും എന്ന നിലയിലേക്കാണ് പിന്നീട് മലയാള സിനിമ ലോകം വളര്‍ന്നു കയറിയത്.

വീണ്ടും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ആറു വര്‍ഷം മുന്‍പ് ലൂസിഫര്‍ എന്ന മലയാള സിനിയമയില്‍ മോഹന്‍ലാലും പൃഥ്വിരാജും കൈകോര്‍ത്തപ്പോഴും പഴയ മാര്‍ക്കറ്റിങ് തന്ത്രം ആവര്‍ത്തിച്ചു. മോഹന്‍ലാലിന്റെ മാനേജര്‍ എന്ന നിലയിലേക്ക് വളര്‍ന്ന ആന്റണി പെരുമ്പാവൂര്‍ ലൂസിഫറിന്റെ നിര്‍മാണം ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ചിലവ് 30 കോടിയായി മാറി. എന്നാല്‍ കെട്ടിലും മട്ടിലും മികവ് കാട്ടിയ സിനിമ ആദ്യ ദിവസം തന്നെ ആറുകോടി നേടി. വമ്പന്‍ വാണിജ്യ വിജയമായ സിനിമ ആകെ 200 കോടി വാരിയെടുത്തു എന്നാണ് പിന്നീട് പറഞ്ഞു കേട്ട കഥകള്‍. എന്തായാലും പുലിമുരുകന് ശേഷം ലൂസിഫര്‍ കൂടി ഇത്തരം ഒരു വമ്പന്‍ ബോക്സ് ഓഫീസ് വിജയം സൃഷ്ടിച്ചെടുത്തപ്പോള്‍ മലയാള സിനിമയില്‍ കോടിക്കിലുക്കം ഒരു സാധാരണ സംഭവം എന്ന നിലയിലേക്ക് കൂടി മാറുകയായിരുന്നു.

ലണ്ടന്‍ ശനിദശ വിടാതെ പിടികൂടി എമ്പുരാനെയും ആശങ്കയിലാക്കി, വരത്തരെ വിശ്വസിച്ച ത്രിമൂര്‍ത്തികള്‍ക്ക് ഒടുവില്‍ ആശ്വാസം

ഈ പശ്ചാത്തലത്തിലാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഈ ആഴ്ച തിയറ്ററില്‍ എത്താനിരിക്കെ മലയാള സിനിമ പ്രേമികള്‍ ഞെട്ടലോടെ ഒരു വാര്‍ത്ത കേട്ടത്. ബ്രിട്ടന്‍ അടക്കം പല രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയ്ക്കായി 200 കോടി രൂപ വരെ നിര്‍മാണ ചിലവ് ആയെന്നു കേട്ടപ്പോള്‍ അതിനു പണം മുടക്കാന്‍ തയ്യാറായതും ചില്ലറക്കാരായിരുന്നില്ല. യുകെ മലയാളികള്‍ക്ക് ചിരപരിചിതമായ ലൈക മൊബൈലിന്റെ സ്ഥാപകനായ സുഭാസ്‌കരാന്‍ ആണ് എമ്പുരാനു വേണ്ടി പണമെറിയാന്‍ തയ്യാറായത്. ബോളിവുഡില്‍ ഒട്ടേറ സിനിമകള്‍ക്ക് പണം മുടക്കിയ ലൈക പ്രൊഡക്ഷന്‍സ് ആദ്യമായി മലയാളത്തില്‍ എമ്പുരാനിലൂടെ അരങ്ങേറുന്നു എന്ന വാര്‍ത്തയെ ആവേശത്തോടെ കേട്ട മോളിവുഡിന് പടം തിയറ്ററില്‍ എത്തും മുന്‍പേ ലൈക ചിത്രത്തിന്റെ കൂട്ടുകെട്ടില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന വാര്‍ത്ത വെള്ളിടിയായി മാറുക ആയിരുന്നു.

മറ്റേതെങ്കിലും സിനിമ ആയിരുന്നെങ്കില്‍ ഒരുപക്ഷെ എന്നന്നേയ്ക്കുമായി വെളിച്ചം കാണാതെ പോകുമായിരുന്ന സാഹചര്യത്തില്‍ എമ്പുരാന്റെ ബാധ്യതകള്‍ എത്രയായാലും ഏറ്റെടുക്കാന്‍ തയ്യാറായി വന്നത് ശ്രീഗോകുലം മൂവീസിന്റെ ഉടമയായ ഗോകുലം ഗോപാലന്‍ ആണ്. മോഹന്‍ലാല്‍ നേരിട്ട് ഗോപാലനുമായി സംസാരിച്ചതോടെയാണ് എമ്പുരാന്റെ യുകെ ഉടമയെ മാറ്റി പുതിയ ഉടമയെ കണ്ടെത്താനായത്. മുന്‍പും കായംകുളം കൊച്ചുണ്ണി പോലെ വമ്പന്‍ സിനിമകള്‍ ഏറ്റെടുത്ത ഗോകുലം ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എമ്പുരാന്റെ വിധി എന്നത് ഇപ്പോഴും ചോദ്യചിഹ്നം തന്നെയാണ്.

വാസ്തവത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ ലൈക എമ്പുരാനില്‍ നിന്നും പിന്മാറിയതെന്തു കൊണ്ട് എന്ന ചോദ്യം ഇപ്പോഴും സിനിമ വൃത്തങ്ങളില്‍ സജീവമാണ്. അടുത്തിടെ ലൈക പുറത്തിറക്കിയ തമിഴ്, ബോളിവുഡ് ചിത്രങ്ങള്‍ പലതും കൈപൊള്ളിയ നിലയിലാണ് തിയേറ്റര്‍ വിട്ടു പോയത്. ബിഗ് ബജറ്റ് ചിത്രങ്ങളായ ലാല്‍ സലാം, ഇന്ത്യന്‍ 2, വിടാമുര്‍ച്ചി, വേട്ടയ്യന്‍ എന്നിവയൊക്കെ ലൈക പ്രൊഡക്ഷന്റെ കൈ പൊള്ളിയ പ്രോജക്ടുകളാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ ഈ രംഗത്തെ പുതുമുഖമായ ലൈക പ്രൊഡക്ഷന് താങ്ങാനാകുന്നതിലും വലുതായതാണ് ഇപ്പോള്‍ എമ്പുരാന്റെ കാര്യത്തില്‍ അവസാന നിമിഷമുള്ള വീണ്ടു വിചാരത്തിനു ശുഭാസ്‌കരനെ പ്രേരിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു.

ഒന്നിന് പുറകെ ഒന്നായി എത്തിയ പരാജയങ്ങള്‍ ലൈക പ്രൊഡക്ഷന്‍സിന്റെ സാമ്പത്തിക സ്രോതസുകളില്‍ വിള്ളല്‍ വീഴ്ത്തിയതാണ് എമ്പുരാനില്‍ നിന്നും അവസാന ഘട്ടം പിന്മാറാന്‍ കാരണം ആയതെന്നാണ് കേട്ടുകേള്‍വി. ഇത്രയും വലിയ പ്രൊജക്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെങ്കിലും അത് ഒഴിവാക്കാന്‍ സാധിക്കാത്ത നിലയില്‍ തകര്‍ന്ന അവസ്ഥയിലാണ് ലൈക എന്ന് ഊഹാപോഹം പടരുന്നുണ്ടെങ്കിലും പ്രത്യേക മമതയൊന്നും ആവശ്യമില്ലാത്ത മലയാളം സിനിമയോട് അതിവൈകാരികത ഒന്നും കാട്ടേണ്ട കാര്യം ഇല്ലെന്നു ശ്രീലങ്കന്‍ വംശജനായ സുഭാസ്‌ക്കരനും തോന്നിയിരിക്കാം.

ലണ്ടന്‍ ലൊക്കേഷന്‍ മലയാള സിനിമക്ക് നല്‍കിയത് നഷ്ടങ്ങളുടെ കണ്ണീര്‍ കഥകള്‍ മാത്രം

പുറത്തു നിന്നുള്ളവരെ അമിതമായി ആശ്രയിച്ചാല്‍ അവസാനം കൈകാലിട്ടടിക്കേണ്ടി വന്നേക്കാം എന്ന പാഠം മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന ത്രിമൂര്‍ത്തികളും ഇതിനകം മനസിലാക്കിയിരിക്കണം. അതേസമയം തികഞ്ഞ അന്ധ വിശ്വാസികളായ സിനിമ ലോകത്തെ വര്‍ത്തമാനം ലണ്ടന്‍ ലൊക്കേഷന്റെ ശനിദശയെ കുറിച്ചാണ്. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുള്ള താര രാജാക്കള്‍ എത്തിയിട്ടും ലണ്ടന്‍ ലൊക്കേഷനായി ചിത്രീകരിച്ച അരഡസനിലേറെ മലയാള സിനിമകളാണ് ബോക്സ് ഓഫീസില്‍ മൂക്ക് കുത്തി വീണത്. മമ്മൂട്ടിയുടെ ഇംഗ്ലീഷ്, വൈറ്റ്, മോഹന്‍ലാലിന്റെ ഡ്രാമ, പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍ എന്നിവയൊക്കെ ആ ലിസ്റ്റില്‍ ഉണ്ട്. പണി തീര്‍ന്നിട്ടും പുറത്തിറങ്ങാതെ മോഹന്‍ലാലിന്റെ റാം കൂടി ചേരുമ്പോള്‍ ലണ്ടന്‍ ലൊക്കേഷന്‍ മലയാള സിനിമയ്ക്ക് നല്‍കിയത് നഷ്ടങ്ങളുടെ കണ്ണീര്‍ കഥകള്‍ മാത്രമാണ്.

ഇപ്പോള്‍ ആ ദൗര്‍ഭാഗ്യം ലൂസിഫറിനും ഒപ്പം ഉണ്ടോ എന്ന ഗോസിപ്പാണ് അന്ധവിശ്വാസികളായ സിനിമാക്കാര്‍ക്ക് ഒപ്പമുള്ളത്. എമ്പുരാന്റെ ആദ്യ ഷോട്ടുകളില്‍ പലതും ലണ്ടനില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല പണം ഇറക്കാന്‍ ലൈക വന്നതും ലണ്ടനില്‍ നിന്നാണ് എന്നതാണ് ഈ ശനിദശ വാദക്കാരുടെ കണ്ണില്‍ തറച്ചത്. ഒരു പക്ഷെ മറ്റൊരു മലയാള സിനിമയും കണ്ടിട്ടില്ലാത്ത വിധം നഷ്ടകണക്കുമായി മാറിയേക്കാമായിരുന്ന ശനിദശയാണ് ഇപ്പോള്‍ നേരിയൊരു ഭാഗ്യത്തിന്റെ കൈപിടിച്ച് വഴി മാറിയിരിക്കുന്നത്.

ലൈകയുടെ പിന്മാറ്റം സൃഷ്ടിച്ച ആശങ്ക മോഹന്‍ലാലിനെ ശബരിമലയില്‍ വരെയെത്തി താണു വണങ്ങാന്‍ പ്രേരിപ്പിച്ചെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും ഒപ്പം ഗോകുലം ഗോപാലനും ആശ്വാസം പകരുന്നത് തന്നെയാണ്. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മലയാളികളെ ആദ്യ ദിവസം തന്നെ തീയേറ്ററില്‍ എത്തിച്ച ആദ്യ മലയാള സിനിമ എന്ന ഖ്യാതിയാകും എമ്പുരാന് ഒപ്പം ഇനിയുണ്ടാകുക.

തൃശൂരില്‍ മാത്രമല്ല യുകെയിലും മാള്‍ട്ടയിലും ഒക്കെ ആവേശകഥകളാണ് എമ്പുരാന്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നത്

തൃശൂരില്‍ രാഗം തീയേറ്ററില്‍ മാത്രം 15,000 ടിക്കറ്റുകള്‍ വിട്ടുപോയി എന്ന് കണക്കുകള്‍ വരുമ്പോള്‍ യുകെയിലെ വിതരണക്കാര്‍ പറയുന്നത് 40,000 ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നെന്നാണ്. ബ്രിട്ടന്റെ തൊട്ടടുത്തുള്ള മാള്‍ട്ടയില്‍ പോലും ഇപ്പോള്‍ സ്‌പെഷ്യല്‍ ഷോകള്‍ വീണ്ടും ചാര്‍ട്ട് ചെയ്യുകയാണ്. യുകെയില്‍ സിനിമ കാണാന്‍ ഇത്രയും പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ചുരുങ്ങിയത് നാലു ലക്ഷം പൗണ്ട് - അതായത് നാലു കോടി രൂപ - ഇതിനകം അണിയറക്കാര്‍ക്ക് ഉറപ്പിക്കാനായിട്ടുണ്ടാകാം. ഇതിനൊപ്പം യുകെ മലയാളികളില്‍ പത്തു ശതമാനത്തില്‍ അധികം ആളുകള്‍ ഇതിനകം എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് എന്നതും അത്ഭുതമായി മാറുകയാണ്.

അതിനിടെ മലയാളികളുടെ സിനിമാ മാര്‍ക്കറ്റില്‍ നിന്നും നൂറു കോടി കണ്ടെത്തുക പോലും അതീവ ദുഷ്‌കരമായ സാഹചര്യത്തില്‍ നിര്‍മാണ ചിലവ് 200 കോടി വരെയെത്തിയത് കൈവിട്ട കളികള്‍ ആണെന്ന വിലയിരുത്തലും എമ്പുരാന്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. മലയാളി യുവത്വം നാട് വിടുന്ന അവസ്ഥയില്‍ അവരെ കൂടി സിനിമ കാണിക്കണമെങ്കില്‍ ഓവര്‍സീസ് മാര്‍ക്കറ്റിംഗ് കൂടി സിനിമയ്ക്കൊപ്പം വേണ്ടിവരും എന്ന പ്രതിസന്ധിയും അവസരവുമാണ് ഒരേസമയം മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളെ കാത്തിരിക്കുന്നത്.

മലയാളികളെ മാത്രം ലക്ഷ്യം വച്ച് നൂറുകോടിക്ക് മുകളില്‍ നിര്‍മാണ ചിലവ് ഉള്ള ചിത്രത്തില്‍ നിന്നും മുടക്ക് മുതല്‍ തിരിച്ചു പിടിക്കാനാകില്ല എന്നറിയാവുന്ന വമ്പന്‍ പ്രോജക്റ്റ് ലക്ഷ്യം വയ്ക്കുന്നവര്‍ മലയാള സിനിമയെ ബോളിവുഡില്‍ അടക്കം എത്തിച്ചു പണം വാരുക എന്ന ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്. ഇവിടെയാണ് കൊള്ളിയാന്‍ പോലെ എത്തി അതേ വേഗതയില്‍ മറഞ്ഞു പോകുന്ന ടോമിച്ചന്‍ മുളകുപാടത്തെ പോലെയുള്ളവര്‍ അപ്രസക്തരാകുന്നതും.