കൊച്ചി: കൊച്ചിയില്‍ താരസംഘടന അമ്മയുടെ ഓഫീസില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടന്‍മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ അമ്മയുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്‍കിയത്. പിന്നാലെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന്‍ അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിയുകയുമുണ്ടായി.

നടിയുടെ പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.

എന്നാല്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയെ സമീപിച്ചു. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇതു സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടും.

ബലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. കെപിസിസിയുടെ മുന്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

ഇന്നലെ മുകേഷിന്റെ മരടിലെ വീട്ടില്‍ നടിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖിനെതിരായ പരാതിയിലും ആരോപണം ഉന്നയിച്ച നടിയെ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.