കോട്ടയം: എരുമേലിയിലെ വില നിയന്ത്രണം സംബന്ധിച്ചുള്ള ഹൈക്കോടതി വിധിക്ക് പുല്ലു വില കല്‍പ്പിച്ച് ഭക്തന്‍മാരോട് തീവെട്ടി കൊള്ള തുടരുന്നു. ആറ്് മണിക്കൂര്‍ മിനി ബസ് പാര്‍ക്കിങിനായി വാങ്ങിയത് 1200 രൂപയാണ്. അമിത നിരക്ക് ചോദ്യം ചെയ്ത ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എരുമേലി -ചെറുവള്ളി റോഡിലൃള്ള കണ്ണങ്കര മൈതാനത്താണ് സംഭവം.

രാത്രിയില്‍ അമിത വില ഈടാക്കുന്നത് ചോദ്യം ചെയ്ത ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ എന്‍. ആര്‍. വേലുകുട്ടി, നന്ദു ശ്രീകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ്് ചെയ്ത് വിട്ടയച്ചത്. പോലീസിന്റെ ഡ്യൂട്ടിക്ക് തടസ്സം നിന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്്. വിവിധ പാര്‍ക്കിങ് മൈതാനം നടത്തിപ്പുകാരില്‍ നിന്നും പോലിസ് വന്‍ തോതില്‍ പണ പിരിവ് നടത്തിയെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് പോലീസിന്റെ അറസ്റ്റ്്.

വാഹനം റോഡില്‍ തടഞ്ഞ് സ്റ്റേഡിയത്തിലേയ്ക്ക് കയറ്റുന്നതിനാണ് പോലീസിന്റെ സഹായം വേണ്ടത്. അറസ്റ്റ് എരുമേലിയില്‍ ചൂഷണം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും അവരെ പ്രീതിപ്പെടുത്തുന്നതിനുമാണെന്ന് ശബരിമല കര്‍മ്മ സമിതി ആരോപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയാണ് നിരക്ക്് ഏകീകരിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മൈതാനങ്ങളില്‍ വാഹന പാര്‍ക്കിങിന് നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക് അനുപാതികമായാണ് സ്വകാര്യ മൈതാനങ്ങളില്‍ ഫീസ് വാങ്ങേണ്ടതെന്നാണ് ഹൈക്കോടതി വിധി.

മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് പ്രതീക്ഷിച്ച പോലെ തിരക്കെത്തിയില്ലെങ്കിലും അമിത വില ഈടാക്കല്‍ തുടരുകയാണ്. ഒരു ദിവസത്തേയ്ക്ക് കാര്‍ പാര്‍ക്കിങിന് സ്വകാര്യ മൈതാനങ്ങളില്‍ 100 രൂപയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മൈതാനങ്ങളില്‍ ഉള്‍പ്പെടെ ആയിരം രൂപ വാങ്ങുന്നതായും പരാതി ഉയര്‍ന്നു. പരാതികള്‍ വ്യാപകമായതോടെ ഇന്നലെ രാത്രിയില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് തന്നെ നേരിട്ട് പരിശോധനയ്ക്കിറങ്ങി. ശൗചാലയങ്ങളില്‍ അമിത നിരക്ക് വാങ്ങിയത് കണ്ടെത്തുകയും ചെയ്തു. വാവര്‍ സ്റ്റേഡിയത്തിലാണ് പരിശോധനക്കെത്തിയത്.

അമിതവില പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് നീക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന തുക പ്രദര്‍ശിപ്പിക്കണമെന്നും മജിസ്ട്രേറ്റ് ജമാ അത്ത് പ്രസിഡന്റിന് നിര്‍ദേശം നല്‍കി. ഒരു കോടിയിലധികം രൂപയ്ക്കാണ് ഇത്തവണ വാവര്‍ സ്റ്റേഡിയം കരാര്‍ നല്‍കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്താറില്ല. ഇത് മുതലെടുത്ത് രാത്രിയിലാണ് കൊള്ള പിരിവ് നടത്തുന്നത്.

കഴിഞ്ഞയിടെ മൂന്ന് ദിവസത്തേയ്ക്ക് കാര്‍ പാര്‍ക്കിങ് ചെയ്യുന്നതിനായി വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ 3000 രൂപയാണ് ചോദിച്ചത്. കാനനപാതയിലൂടെ ശബരിമലയ്ക്ക് പോകുന്നതിനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു സ്വാമി. പിന്നീട് മറ്റെവിടെയോ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഹൈക്കോടതി വിധി വന്നതിന് ശേഷവും ശൗചാലയങ്ങളിലും വാഹന പാര്‍ക്കിങിനും അമിത വില ഈടാക്കുന്നു.

ഇത്തരത്തില്‍ തീവെട്ടിക്കൊള്ളയും പോലീസിന്റെ അശാസ്ത്രീയ വാഹന നിയന്ത്രണവുമൊക്കെ പതിവാകുന്നതോടെ തീര്‍ത്ഥാടകരുടെ തിരക്ക് എരുമേലിയില്‍ കുറയുകയാണ്. എരുമേലി ഒഴിവാക്കി ശബരിമലയ്ക്ക് പോകാന്‍ ഭക്തര്‍ നിര്‍ബന്ധിതരാകുന്നു.