ന്യൂഡല്‍ഹി: മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. എല്ലാം ബിസിനസ് ആണെന്നും ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. 'എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്', സുരേഷ് ഗോപി പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങള്‍ സംസാരിക്കൂ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

''വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. അതുവച്ച് കഷ്ടമാണ്...'' സുരേഷ് ഗോപി പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ബിജെപി ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം പുറത്തുവരുന്നത്.

വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി ചിത്രം ഇന്ന് വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചയില്‍ ചില ഭാഗങ്ങള്‍ മാത്രം എഡിറ്റ് ചെയ്താല്‍ മതിയെന്ന് തീരുമാനമാവുകയായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ, എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം?ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ല. മോഹന്‍ലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

അതേസമയം, വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി തന്റെ അഭിപ്രായം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാര്‍ക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കി. മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നല്‍കാതെയാണ് ജെപിസി നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് സമാജ്വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് പറഞ്ഞു.