- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ചത് സിഖുമതത്തില്‍; ആദ്യ ഭാര്യയെ പിരിയാന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിലേക്ക് മാറി രണ്ടാംവിവാഹം; ദിലാവര്‍ ഖാനായി 1,11,000 രൂപ മഹര്‍ കൊടുത്ത് ഹേമമാലിനിയെ ഐഷുവാക്കി നിക്കാഹ്; രണ്ടുകുടുംബങ്ങളുമായി സ്നേഹബന്ധം; മരണം ഹിന്ദുവായി; ധര്‍മ്മേന്ദ്രയുടെ അസാധാരണ ജീവിതം!
ധര്‍മ്മേന്ദ്രയുടെ അസാധാരണ ജീവിതം!
മതസ്പര്‍ധകള്‍ ഏറെയുള്ള ഈ രാജ്യത്ത്, സോഷ്യോളജിസ്റ്റുകള്‍ക്ക് ഒരു നല്ല കേസ് സ്റ്റഡിയാണ് അന്തരിച്ച ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയുടെ ജീവിതം. സിഖുമതത്തില്‍ ജനിച്ച്, ഇസ്ലാമിലേക്ക് മതം മാറി ഹിന്ദുവായി മരിച്ച ധര്‍മ്മേന്ദ്രയുടെത് ഒരു അസാധാരണ ജീവിതമാണ്. ധര്‍മ്മേന്ദ്രയുടെ സംസ്‌കാരം ഹിന്ദു മതാചാരപ്രകാരമാണ് നടന്നത്. മുംബൈ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടന്ന ചടങ്ങുകളില്‍, ആദ്യഭാര്യ പ്രകാശ് കൗറിലെ ആണ്‍മക്കളും നടന്‍മാരുമായ സണ്ണി ഡിയോളും, ബോബി ഡിയോളുമാണ് അദ്ദേഹത്തിനുവേണ്ടി അന്ത്യ കര്‍മ്മകള്‍ ചെയ്്തത്്.
ധര്‍മ്മേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 2025 ജൂണില്‍ അവര്‍ തങ്ങളുടെ 71-ാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. 80തിനടുത്ത് വയസ്സുള്ള പ്രകാശ് കൗര്‍ പൊതുവേദികളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്. മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് അവരുടെ താമസം. ധര്‍മ്മേന്ദ്ര തന്റെ അവസാന നാളുകളില്‍ മുംബൈയിലെ ജുഹു ബംഗ്ലാവിലേക്ക് മാറുന്നതിന് മുമ്പ് ഖണ്ഡാലയിലെ ഫാം ഹൗസില്‍ പ്രകാശ് കൗറിനൊപ്പമാണ് താമസിച്ചിരുന്നത്.
പക്ഷേ അനാരാഗ്യം മൂലം പ്രകാശ് കൗര്‍ ധര്‍മ്മേന്ദ്രയുടെ മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ എത്തിയിരുന്നില്ല. രണ്ടാം ഭാര്യയും നടിയുമായ ഹേമാമാലിനി, ആ ബന്ധത്തിലെ മക്കളായ, ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഈ കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണ്. സ്വത്തുസംബന്ധമായ കേസുകളും ഇവര്‍ തമ്മിലില്ല. തന്റെ വസ്തുവകള്‍ രണ്ടുഭാര്യമാരിലുമായുള്ള ആറുമക്കള്‍ക്ക് ധര്‍മ്മേന്ദ്ര തുല്യമായി വീതിച്ച് നല്‍കിയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്ലാമിലേക്ക് മാറി രണ്ടാംവിവാഹം
ധരം സിംഗ് ഡിയോള്‍ എന്ന യഥാര്‍ത്ഥപേരുള്ള ധര്‍മ്മേന്ദ്ര, സിഖ് മതത്തിലെ ജാട്ട് സമുദായത്തിലാണ് ജനിച്ചത്. ആദ്യ ഭാര്യ പ്രകാശ് കൗറിനെ 1954 -ല്‍ 19 വയസുള്ളപ്പോളാണ് അദ്ദേഹം വിവാഹം കഴിച്ചത്. അന്ന് ധര്‍മ്മേന്ദ്ര സിനിമയില്‍ എത്തിയിരുന്നില്ല. പിന്നീട് ഷോലെ അടക്കമുള്ള സൂപ്പര്‍ ഹിറ്റുകളിലുടെ അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി ഉയര്‍ന്നു. ഷോലെയുടെ സെറ്റില്‍ വെച്ചാണ് ധര്‍മ്മേന്ദ്രക്ക്, അന്നത്തെ ഡ്രീം ഗേള്‍ എന്ന് അറിയപ്പെടുന്ന നടി ഹേമമാലിനിയുമായി അനുരാഗമുണ്ടാവുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഹേമയുമായി തനിക്ക് ഭ്രാന്തമായ പ്രണയം തോന്നിയെന്നാണ് ധര്‍മ്മേന്ദ്ര പിന്നീട് പറഞ്ഞത്. താന്‍ ഒരു സ്ത്രീലമ്പടന്‍ അല്ലെന്നും ഹേമയുടെ കാന്തിക ശക്തിയില്‍പെട്ട് പോയതാണെന്നുമാണ് ഒരു അഭിമുഖത്തില്‍ ധര്‍മ്മേന്ദ്ര പറഞ്ഞത്.
എന്നാല്‍ ഭാര്യയും നാലുമക്കളുമുള്ള ധര്‍മ്മേന്ദ്രയുമായുള്ള വിവാഹം ഹേമമാലിനിയുടെ കുടുംബം സമ്മതിച്ചില്ല. ഇന്ന് പലരും തെറ്റിദ്ധരിച്ചപോലെ ഉത്തരേന്ത്യക്കാരിയല്ല, പക്കാ തമിഴത്തിയാണ് ഹേമമാലിനി. മുഴവന്‍ പേര് ഹേമ മാലിനി ചക്രവര്‍ത്തി. തമിഴ്നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മന്‍കുടിയിയാണ് സ്വദേശം. വി.എസ്. രാമാനുജം ചക്രവര്‍ത്തി, ജയ ലക്ഷ്മി എന്നിവരുടെ പുത്രിയായി ഒരു തമിഴ് അയ്യങ്കാര്‍ ബ്രാഹ്‌മണ കുടുംബത്തില്‍ ഒക്ടോബര്‍ 16, 1948-ലാണ് അവര്‍ ജനിച്ചത്.( ജയലളിതയും ഇതേ സമുദായക്കാരിയായിരുന്നു) നര്‍ത്തകിയായി ബോളിവുഡില്‍ എത്തിയ അവര്‍ പിന്നെ താരറാണിയായി. 1976 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ഇന്ത്യന്‍ നടിമാരില്‍ ഒരാളായിരുന്നു അവര്‍. ബോല്‍വുഡിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍!
ജിതേന്ദ്രയുമായുള്ള ഹേമയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു, പക്ഷേ ധര്‍മ്മേന്ദ്ര ഇടപെട്ട് അത് മുടക്കി. ധര്‍മ്മേന്ദ്രയുടെ ഭ്രാന്തമായ അഭിനിവേശത്തിനുമുന്നില്‍ ഒടുവില്‍ ഹേമമാലിനിയും വഴങ്ങി. അപ്പോഴും ഒരു പ്രശനമുണ്ട്. ജാട്ട് വംശജനായ ധര്‍മ്മേന്ദ്രക്ക്, ഹിന്ദു മാരേജ് ആക്റ്റാണ് ബാധകമായിട്ടുള്ളത്. രണ്ടാം വിവാഹം കഴിക്കണമെങ്കില്‍, ആദ്യഭാര്യയെ ഡിവോഴ്സ് ചെയ്യണം. എന്നാല്‍ അദ്ദേഹം അതിന് ശ്രമിച്ചില്ല. താന്‍ പ്രകാശ്കൗറിനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും, ഒരു പുരുഷന് രണ്ട് സ്ത്രീകളെ സ്നേഹിച്ചുകൂടെ എന്ന വാദമാണ് ധര്‍മ്മേന്ദ്ര ഉയര്‍ത്തിയത്. പ്രകാശ് കൗറിനും ഭര്‍ത്താവിനെ ജീവനായിരുന്നു. ഡിവോഴ്സിന് അവരും വഴങ്ങിയില്ല.
അങ്ങനെയിരിക്കെയാണ്, ഈ സങ്കീര്‍ണ്ണമായ പ്രശ്നത്തിന് മതംമാറ്റത്തിലുടെ പരിഹാരമായത്. അദ്ദേഹം ഇസ്ലാമിലേക്ക് മാറി. അവിടെ ഒരേസമയം രണ്ടുഭാര്യമാര്‍ ഉള്ളത് നിയമവിരുദ്ധമല്ല. മാത്രമല്ല രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മതവും ഉണ്ടായിരുന്നു. ദിലാവര്‍ ഖാന്‍ എന്നാണ് ഇസ്ലാമിലേക്ക് മാറിയപ്പോള്‍ ധര്‍മ്മേന്ദ്ര പേരുമാറ്റിയത്. ഹേമമാലിനിക്ക്് ഐഷ എന്ന ഓമനപ്പേരുമിട്ടു. 1,11,000 രൂപയ് മഹര്‍കൊടുത്ത് രണ്ട് പേരുടെ സാന്നിധ്യത്തിലായിരുന്നു ഇസ്ലാമിക ആചാര പ്രകാരമുള്ള വിവാഹം. അന്ന് ലൗജിഹാദ് വിവാദമെന്നും ഇല്ലാത്തകാലമായിരുന്നു. ഇന്നാണെങ്കില്‍ ഇസ്ലാമിലേക്ക് മാറി വിവാഹം കഴിച്ചതൊക്കെ വലിയ പ്രശ്നം ആവുമായിരുന്നു.
രണ്ടുപേരും ധര്‍മ്മേന്ദ്രക്കൊപ്പം
പക്ഷേ പ്രകാശ്കൗറിനെയും ധര്‍മ്മേന്ദ്ര എന്നും ചേര്‍ത്തുപിടിച്ചു. ഈ ബന്ധത്തില്‍ സണ്ണി ഡിയോളിനും, ബോബി ഡിയോളിനും പുറമേ, വിജേത, അജീത എന്നീ രണ്ടുപെണ്‍മക്കളുമുണ്ട്. അവരുടെ വിവാഹവും പഠനം അടക്കമുള്ള എല്ലകാര്യങ്ങളും നടത്തിക്കൊടുത്തത് നടനാണ്. ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചപ്പോഴും, പ്രകാശ് കൗര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷനാണ് അദ്ദേഹമെന്ന് പറയുകയും ചെയ്തിരുന്നു.അതുപോലെ ഹേമമാലിനിയോടും ധര്‍മ്മേന്ദ്ര നീതി പുലര്‍ത്തി. 1980 മെയ് 2ന് ഇരുവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കാര്യങ്ങള്‍ നന്നായതോടെ, ധര്‍മ്മേന്ദ്ര മുസ്ലീം മതവിശ്വാസം പിന്തുടര്‍ന്നതുമില്ല. ഇന്നാണെങ്കില്‍ തലപോകത്തക്ക പ്രശ്നമായി ഇതൊക്കെ മാറുമായിരുന്നു. പണവും അധികാരവുമുള്ളിടത്ത് മതം കാര്യമായ പ്രശ്നം ചെലുത്തില്ല എന്ന് വ്യക്തമാണ്.
താന്‍ ഒരിക്കലും പ്രകാശകൗറിന്റെ കുടുംബത്തെ ധര്‍മ്മേന്ദ്രയില്‍നിന്ന് അകറ്റിയിട്ടില്ലെന്ന് ഹേമാമാലിനി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നിരുന്നാലും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലരും തന്നെ 'ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യ' എന്ന രീതിയില്‍ വിളിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കിയിരുന്നെന്നും ഹേമമാലിനി പറഞ്ഞിട്ടുണ്ട്. ധര്‍മ്മേന്ദ്രയുടെ ആദ്യഭാര്യയിലെ മക്കളും ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുമായ സണ്ണി ഡിയോളും, ബോബി ഡിയോളുമായി ഹേമക്ക് അടുത്ത ബന്ധമാണ്. ഒരു അഭിമുഖത്തില്‍ ഹേമമാലിനി ഇങ്ങനെ പറയുന്നു. -''ഞാനും സണ്ണി ഡിയോളും തമ്മിലുള്ള ബന്ധം കണ്ടിട്ട് എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്. അത് മനോഹരവും സ്‌നേഹപൂര്‍വ്വവുമായിട്ടുള്ള ബന്ധമാണ്. ആവശ്യമുള്ളപ്പോഴെല്ലാം സണ്ണി ധര്‍മേന്ദ്രജിയുടെ കൂടെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ഒരു അപകടം നടന്നപ്പോഴും സണ്ണി കാണാന്‍ വന്നിരുന്നു. സണ്ണിയാണ് ആ വീട്ടില്‍ നിന്നും എന്നെ കാണാന്‍ വന്ന ആദ്യത്തെ വ്യക്തി. ആ സമയത്ത് എന്റെ മുഖത്ത് ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി വെച്ചിരിക്കുകയായിരുന്നു. അന്നവന്‍ അത്രയധികം താല്‍പര്യത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഈ പ്രവൃത്തികള്‍ കാണിച്ച് തരും''- ഹേമ മാലിനി വ്യക്തമാക്കി.
ഹേമ മാലിനിയുടെ മക്കളായ ഇഷ ഡിയോളിന്റെയും അഹാന ഡിയോളിന്റെയും വിവാഹത്തില്‍ പങ്കെടുക്കാനും താരസഹോദരന്മാര്‍ എത്തിയിരുന്നു. ബിജെപിയുടെ എം പി കൂടിയായ ഹേമമാലിനി രാഷ്ട്രീയ രംഗത്ത് സജീവമാണ്. മകള്‍ ഇഷ സിനിമയിലും അഹാന നൃത്തിലും പേരെടുക്കകയും ചെയ്തു. അവസാനകാലത്ത് ധര്‍മ്മേന്ദ്രയെ ശുശ്രൂഷിക്കാന്‍ മക്കള്‍ എല്ലാവരും ഉണ്ടായിരുന്നു. സാധാരണ സെലിബ്രിറ്റി കൂടംബങ്ങളില്‍ കണ്ടുവരുന്നതുപോലെ, സ്വത്ത് കേസുകളും ഇവര്‍ക്കിടയിലില്ല. മതപരിവര്‍ത്തനവും, പിന്നീട് തിരിച്ചുവരലുമൊന്നും ആരും കുത്തിപ്പൊക്കി വിവാദവുമാക്കിയില്ല.




