- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്ന് അമേരിക്കയുടെ അവകാശവാദം; പക്ഷേ തിരുവനന്തപുരത്ത് ആ കളി നടന്നില്ല; നാല്പതംഗ സംഘത്തില്‍ ബ്രിട്ടീഷ് സൈനികരും; വിമാനം വലിച്ചു നീക്കാന്‍ പോലും ഇന്ത്യന്‍ സഹായം തേടില്ല; സാങ്കേതികത കൈമോശം വരാന്‍ സാധ്യത കണ്ട് കരുതല്‍; ആ എഫ് 35വിന് എന്തു സംഭവിക്കും?
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിശോധിക്കാന്‍ എത്തുന്നത് നാല്‍പ്പതംഗ സംഘം. ഗുരുതരമായ തകരാറായതിനാല്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന. ഇതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യും.
സൈനികര്‍ ഉള്‍പ്പെടെയുള്ള സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് എത്തുന്നത്. നിര്‍ത്തിയിട്ട ഭാഗത്തുവച്ചു തന്നെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു നീക്കിക്കൊണ്ടുപോകും. അതിനുശേഷം എയര്‍ലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററില്‍ കയറ്റണമെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റര്‍ നീളവും 11 മീറ്റര്‍ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. വിമാന നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കഴിയൂ ഇതിനാകൂ. വിമാന ഭാഗങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും. വീഡിയോയില്‍ റെക്കോഡും ചെയ്യും. 2019ല്‍ അമേരിക്കയിലെ എഫ്-35 വിമാനത്തിന്റെ ചിറക് അഴിച്ചുമാറ്റി വ്യോമമാര്‍ഗം കൊണ്ടുപോയിട്ടുണ്ട്. ഫ്‌ലോറിഡയിലെ എഗ്ലിന്‍ എയര്‍ഫോഴ്സ് ബേസില്‍നിന്ന് ഒരു എഫ്-35 ലൈറ്റ്‌നിങ് 2 വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്സ് ബേസിലേക്കാണ് അന്ന് മാറ്റിയത്. 2025-ല്‍ ദക്ഷിണ കൊറിയയില്‍ ഒരു എഫ്-35എ വിമാനം റോഡ് മാര്‍ഗം മാറ്റാനും ചിറകുകള്‍ നീക്കിയിരുന്നു. എയര്‍ ഇന്ത്യാ ഹാങ്ങറില്‍ വിമാനം നന്നാക്കുന്നത് രഹസ്യ ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍ സജീവമായിരുന്നു. ഈ വിമാനത്തില്‍ ഇന്ത്യാക്കാര്‍ ആരേയും തൊടിപ്പിക്കില്ല. ഇതിന് വേണ്ടിയാണ് വിമാനം വലിച്ചു നീക്കാന്‍ സൈനികരെ അടക്കം കൊണ്ടു വരുന്നത്.
ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവരുടെ നിരീക്ഷണത്തിലായിരിക്കും വിമാനം പൊളിക്കുക എന്നാണ് വിവരം. പൊളിക്കുന്ന നടപടിയുടെ ഓരോ ഘട്ടവും പ്രത്യേകം രേഖപ്പെടുത്തും. ഈച്ച പോലും ഒന്നും അറിയുന്നില്ലെന്ന് ഉറപ്പിക്കും.വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലായത്. തിരുവനന്തപുരത്ത് വച്ച് വിമാനം നന്നാക്കാന്‍ ബ്രിട്ടണ് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക ഇതിനെ എതിര്‍ത്തു. അമേരിക്കന്‍ കമ്പനിയാണ് ഈ അഞ്ചാം തലമുറ യുദ്ധവിമാനം ഉണ്ടാക്കിയത്. ഇതിന്റെ രഹസ്യം ചോരുന്നത് അമേരിക്കയ്ക്ക് അംഗീകരിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഈ സാഹചര്യത്തിലാണ് യുദ്ധവിമാനത്തെ തിരികെ കൊണ്ടു പോകാന്‍ മറ്റൊരു വിമാനം എത്തുന്നത്. യുദ്ധ വിമാന രഹസ്യ ചോരുന്നതിനെ ഗൗരവത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം കാണുന്നത്. ഇതോടെയാണ് ബ്രിട്ടണ്‍ തിരുവനന്തപുരത്തെ അറ്റകുറ്റപണി ഉപേക്ഷിച്ചത്.
യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ 4ലില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യുകെ, യുഎസ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹെവി-ലിഫ്റ്റ് കാര്‍ഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്35 ന്റെ വലുപ്പമാണ് പ്രതിസന്ധി. അതുകൊണ്ടാണ് പാഴ്സലാക്കുന്നത്. 14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്റെ ചിറക് ഊരിമാറ്റാതെ എഫ്-35നെ കൊണ്ടുപോകുക സാധ്യമല്ല. യുകെയില്‍ നിന്നെത്തുന്ന സാങ്കേതിക വിദഗ്ധര്‍ ചിറകുകള്‍ വേര്‍പെടുത്തുകയും സി-17 ന്റെ കാര്‍ഗോ ഹോള്‍ഡിലേക്ക് നീക്കാന്‍ സാധിക്കുന്ന കോംപാക്റ്റ് യൂണിറ്റാക്കി മാറ്റുകയും ചെയ്യുമെന്നാണ് വിവരം. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനത്തിന്റെ ചിറകുകള്‍ വേര്‍പെടുത്തുക അതിസങ്കീര്‍ണമായ നടപടിയാണ്. നിര്‍മാതാക്കളായ ലോക്ഹെഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധര്‍ക്ക് മാത്രമെ ചിറകുകള്‍ വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഡാറ്റ ചോര്‍ച്ചയില്ലാതിരിക്കാന്‍ ഓരോ സ്‌ക്രൂവും സുരക്ഷാ കോഡ് ചെയ്തനിലയിലാണ്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്. 50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍, തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് എയര്‍കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍സിസ്റ്റം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ ഉടന്‍ എഫ്-35 വിമാനത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏറെ കരുതലുകള്‍ എടുത്ത് വിമാനം തിരികെ കൊണ്ടു പോകാന്‍ ഉള്ള തീരുമാനം.