തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരിക്കവേ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട് നവീന്‍ ബാബുവിനെ മലയാളികള്‍ എങ്ങനെ എളുപ്പം മറക്കാനിടയില്ല. ഈ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി പലവഴികളില്‍ അദ്ദേഹത്തിന്റെ ഭാര്യയും മറ്റും ശ്രമിച്ചെങ്കിലും അതെല്ലാം പാര്‍ട്ടി സംവിധാനത്തില്‍ തട്ടിത്തകര്‍ന്നു. പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എത്രകണ്ട് നീതി ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിലും പോരാട്ടം തുരുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ. പക്ഷെ നീതി ഇപ്പോഴും മഞ്ജുഷയ്ക്കും മക്കള്‍ക്കും അകലെ തന്നെയാണ്.

കൊന്നിട്ടും പക വീട്ടുന്ന കമ്മ്യൂണിസ്റ്റ് ക്രൂരത നവീന്‍ ബാബുന്റെ മേല്‍ തുടര്‍ന്നുകൊണ്ട് ഇരിക്കയാണെന്ന് ആക്ഷേപം ശക്തമാണ്. കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്ന് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ഇപ്പോഴും സര്‍ക്കാര്‍ വേട്ട തുടരുകയാണ്. ഇപ്പോള്‍ എല്ലാത്തിനും കരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യയാകട്ടെ രാഷ്ട്രീയമായി ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുരുകയും ചെയ്യുന്നു.

ഇതിനിടെ ഇപ്പോഴിതാ, ശബരിമലയിലെ സ്വര്‍ണ്ണ വിവാദം കത്തിനില്‍ക്കവേ മറ്റൊരു ഇല്ലാക്കഥയുമായി ഒരു കൂട്ടര്‍ രംഗത്തുവന്നിരിക്കയാണ്. നവീന്‍ ബാബുവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം 'അയ്യപ്പ കോപം' എന്നാണ് ചിലര്‍ ഇല്ലാക്കഥ പറഞ്ഞു പറത്തുന്നത്. ഇതോടെ വീണ്ടും നവീന്‍ ബാബുവിന്റെ അകാല മരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. സിപിഎം ഭീകരതയ്ക്കെതിരെ നവീന്‍ ബാബുവിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് പോരാടിയിരുന്ന അയ്യപ്പ ഭക്തരില്‍ പലരും ഈ നുണ പ്രചരണത്തില്‍ ഞെട്ടി വിറച്ചിരിക്കുകയാണ്.


റാന്നി തഹസില്‍ദാര്‍ ആയിരുന്നു ശബരിമലയില്‍ സ്ത്രീകളെ കയറ്റാനുള്ള സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ ഇട്ടത് അന്നത്തെ റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു ആയിരുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം. നവീന്‍ ബാബു അന്ന് റാന്നി തഹസില്‍ദാര്‍ ആയിരുന്നുവെന്നും. അദ്ദേഹമാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയത് എന്നാണ് പുതിയ ആരോപണം. ഒരു സംഘപരിവാര്‍ യൂട്യൂബ് ചാനലിലാണ് വിവാദമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇതിന്റെ വസ്തുതാ പരിശോധന മറുനാടന്‍ നടത്തിയപ്പോള്‍ അത് വെറും നുണപ്രചരണം മാത്രമാണെന്നാണ് തെളിഞ്ഞത്. യഥാര്‍ഥത്തില്‍ റാന്നി തഹസില്‍ദാര്‍ക്ക് ശബരിമലയില്‍ യുവതികള്‍ കയറുന്നതിന് അനുമതി കൊടുക്കാന്‍ ഒരു അധികാരവും ഇല്ല. മാത്രമല്ല, ഈ ശബരിമല യുവതീ പ്രവേശന കാലത്തെ വിവാദ കാലയളവില്‍ നവീന്‍ബാബു റാന്നി തഹസില്‍ദാര്‍ അല്ലായിരുന്നു എന്നതാണ് വസ്തുത.

റാന്നി തഹസില്‍ദാരുടെ കീഴില്‍ ആയിരിക്കാം ഒരുപക്ഷെ ശബരിമലയും പമ്പയുമൊക്കെ അടങ്ങുന് പ്രവേശം വരുന്നത്. എന്നാല്‍ തഹസിദാര്‍ക്ക് അല്ല ശബരിമലയുടെ ഭരണത്തിന് ചുമതല. ശബരിമലയുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. ഇവിടെ ഉത്തരവുകള്‍ ഇറക്കുന്നത് ഹൈകോടതിയാണ്. സ്‌പെഷ്യല്‍ കമ്മീഷണറെ വെച്ചാണ് ഹൈക്കോടതി ഭരണം നടത്തുന്നത്. എന്നാല്‍, ഭരണം നടത്തേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിന് തന്നെയാണ്. ദേവസ്വം ബോര്‍ഡ് ഓരോ തീരുമാനങ്ങളും എടുക്കുന്നത് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രകാരമാണ്. അവിടെ തഹസില്‍ദാര്‍ക്ക് ഒരു റോളും ഇല്ല.

തഹസില്‍ദാരുടെ ഉത്തരവ് പ്രകാരം സ്ത്രീകള്‍ ശബരിമലയില്‍ കയറി എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ്. ഒരു തഹസില്‍ദാര്‍ക്കും അതിനുള്ള അധികാരമില്ല. ഒരു തഹസില്‍ദാരുടെ ഉത്തരവ് ശബരിമലയില്‍ ആര്‍കെങ്കിലും പോകാനും വേണ്ട. ശബരിമലയില്‍ ഏത് ഭക്തനും പോകാം. മതവും ജാതിയും ഒന്നും അവിടെ ബാധകമല്ല. അതിന് അവിടെ ഒരു തഹസില്‍ദാരുടെയും അനുമതി വേണ്ട. അതുപോലെ ശബരിമലയിലെ യുവതി പ്രവേശന സമയത്ത് റാന്നിയിലെ തഹസില്‍ദാര്‍ നവീന്‍ ബാബു അല്ലായിരുന്നുവെന്നതും ഒരു സത്യമാണ്. അത് മറ്റാരോ ആയിരുന്നു. ഇനി ആ തഹസില്‍ദാര്‍ക്കും യുവതി പ്രവേശന കാര്യത്തില്‍ യാതൊരു റോളും ഇല്ലെന്നതാണ് വസ്തുത.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വെറും കെട്ടുകഥകള്‍ തന്നെയാണ്. ഇത്തരം നുണപ്രചരണങ്ങളില്‍ നവീന്‍ബാബുവിന്റെ കുടുംബവും കടുത്ത വിഷമത്തിലാണ്. നവീന്‍ ബാബു മരിച്ചുകഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി ഇപ്പോഴും അകലെ തന്നെയാണ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി(2)യാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി പി.പി. ദിവ്യയോട് ഡിസംബര്‍ 16ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്.

അതേസമയം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേസിലെ ഏക പ്രതി പി.പി. ദിവ്യ പൊതുരംഗത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. സമൂഹ മാധ്യമത്തിലും ശക്തമായ ഇടപെടലുകളാണ് ദിവ്യ നടത്തുന്നത്. ഫെയ്‌സ്ബുക്കില്‍ മാത്രം ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. യുഡിഎഫിനെതിരെ ശക്തമായ ആക്രമണമാണ് പി.പി. ദിവ്യ നടത്തുന്നത്. എസ്എഫ്‌ഐയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച ദിവ്യയുടെ രാഷ്ട്രീയ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായി. 36ാം വയസ്സിലാണ് ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്.

അതിന് മുമ്പുള്ള ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കവേയാണ് നവീന്‍ ബാബുവിന്റെ മരണവും തുടര്‍ന്ന് സ്ഥാനനഷ്ടവും ജയില്‍വാസവും. എന്നാല്‍ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തന്നെ നില്‍ക്കുകയാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ 'വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം' എന്ന് പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടില്ല. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല.

ടി.വി. പ്രശാന്ത് ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷണ സംഘം തള്ളിയെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയാറായില്ല. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിന് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി തുടരന്വേഷണം അനുവദിച്ചാല്‍ മാത്രമേ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളിലേക്ക് അന്വേഷണ സംഘം കടക്കാന്‍ സാധ്യതയുള്ളു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷണം സുപ്രീം കോടതി തള്ളിയത് പ്രതിഭാഗത്തിന് പിടിവള്ളിയാണ്.

നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ പിന്നീടാരും താമസിക്കാന്‍ എത്തിയില്ല. മരണശേഷം പൊലീസ് കെട്ടിയ നാട പോലും അഴിച്ചുമാറ്റിയിട്ടില്ല. ക്വാര്‍ട്ടേഴ്‌സിലേക്ക് ആരും വരാതായതോടെ കാടുപിടിച്ചുകിടക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അനവധി ചോദ്യങ്ങളും ഇതുപോലെ ഉത്തരമില്ലാതെ കാടുപിടിച്ചുകിടക്കുകയാണ്.