- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവന്‍ കയ്യില്‍ പിടിച്ച് പിള്ളരേം കൊണ്ട് ഓടിയ ആ ഓട്ടമുണ്ടല്ലോ സാറേ, ജീവിതത്തില്‍ മറക്കത്തില്ല; കുമരകം പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ആരും മരിച്ചില്ലല്ലോ... നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ... പിന്നെന്തിനാ വരുന്നതെന്ന് മറുപടി; തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടത്തില്‍ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞപ്പോള്‍ പൊലീസിന്റെ വിചിത്ര പ്രതികരണം ഇങ്ങനെ
കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞപ്പോള്‍ പൊലീസിന്റെ വിചിത്ര മറുപടി
കോട്ടയം: 'ആരും മരിച്ചില്ലല്ലോ... നിങ്ങള്‍ക്കാര്‍ക്കും ഒന്നും പറ്റിയില്ലല്ലോ... പിന്നെന്തിനാ പോലീസ് വരുന്നത്' ?.. തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടം കാണാനെത്തിയ കുടുംബം വാടകക്കെടുത്ത വള്ളം മറിഞ്ഞതിനുശേഷം രക്ഷപെട്ട് കുമരകം പോലീസില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിത്. കറുകച്ചാല്‍ സ്വദേശിയായ മഹേഷും കുടുംബവുമുള്‍പ്പെടുന്ന ആറംഗ സംഘമാണ് തിരുവോണ ദിവസം ആമ്പല്‍പ്പാടം കാണാനെത്തി വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.
വാടകക്ക്് എടുത്ത വള്ളത്തില്‍ കയറി 200 മീറ്റര്‍ പോയപ്പോഴേക്കും മറിയുകയായിരുന്നു. കായലില്‍ കൂടി ഒരു റൗണ്ട് പോയി വരാമെന്ന് പറഞ്ഞ് നിരക്ക് നിശ്ചയിച്ചാണ് യാത്ര പുറപ്പെട്ടത്. മഹേഷിന്റെ പ്രായമായ മാതാപിതാക്കളും, ഭാര്യയും, നാലും, 11 വയസുമുള്ള കുട്ടികളും ഉണ്ടായിരുന്നു. എല്ലാവരും വെള്ളം കുടിച്ചെങ്കിലും ആഴം കുറവായതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ആഴമുളള സ്ഥലത്തായിരുന്നു അപകടമെങ്കില്‍ എന്തുസംഭവിച്ചേനെയെന്നാണ് മഹേഷ് ചോദിക്കുന്നത്.
എല്ലാവരെയും രക്ഷിച്ച് കരക്കെത്തിയ മഹേഷ് നൂറില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ പോയത്. കാര്യമറിയിച്ചപ്പോള്‍ കുമരകം പോലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുമരകം സ്റ്റേഷനില്‍ വിളിച്ചപ്പോഴാണ് 'ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ.. പിന്നെന്തിനാണ് പോലീസ് വരുന്നത്' എന്ന മറുപടി കിട്ടിയത്. നിരവധിപേര്‍ ഇപ്പോഴും വള്ളത്തില്‍ കയറുന്നുണ്ടെന്നും സുരക്ഷക്കായി ഒരാള്‍ പോലും അവിടെയില്ലെന്നും മഹേഷ് അറിയിച്ചു. ഓണക്കാലത്ത് വിനോദ സഞ്ചാരികളുടെ തിരക്കുണ്ടായിട്ടും ഒരു പൊലീസുകാരന്‍ പോലും അവിടെയില്ലായിരുന്നു.
'ഇവിടെ പൗരന്മാര്‍ക്ക് ഇവിടെ ഒരു സംരക്ഷണവുമില്ലെന്ന് എനിക്ക് മനസ്സിലായി. ജീവന്‍ കയ്യില്‍ പിടിച്ച് പിള്ളരേം കൊണ്ട് ഓടിയ ആ അരമണിക്കൂറില്‍ എനിക്ക് മനസ്സിലായി നമ്മുടെ രക്ഷയ്ക്ക് ആരും വരില്ലെന്ന്. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താലും നടപടിയില്ലെന്നതാണ് വ്യക്തിപരമായ അനുഭവം. ഒരു സാധാരണ പൗരനായത് കൊണ്ടാണ് ജീവന്‍ വാരിപ്പിടിച്ചോണ്ട് പോരേണ്ടി വന്നത്. ഭരണതലത്തിലെ ആരെങ്കിലുമായിരുന്നു അപകടത്തില്‍ പെട്ടതെങ്കില്‍ ഇതാകുമായിരുന്നോ പൊലീസിന്റെ പ്രതികരണം'- മഹേഷ് സങ്കടത്തോടെ പറഞ്ഞു. താന്‍ മരിച്ചുപോയെങ്കില്‍ പോലും ആരും വരുമായിരുന്നില്ല. സംഭവം അറിഞ്ഞ് പൊലീസ് ഒരു പത്തു-പതിനഞ്ച് മിനിറ്റിനകം വരുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍, അനുഭവം മറിച്ചായിരുന്നെന്നും മഹേഷ് പറഞ്ഞു.
മരിച്ചശേഷം വരുന്നതിനേക്കാള്‍ സുരക്ഷാ മുന്‍കരുതല്‍ ഒരുക്കുകയല്ലേ വേണ്ടതെന്ന മഹേഷിന്റെ അഭിപ്രായത്തിന്, സ്റ്റേഷനിലെത്തി പരാതി നല്‍കിയാല്‍ പരിശോധിക്കാമെന്നായിരുന്നു മറുപടി. ഓണമായതിനാല്‍ തിരക്കാണെന്നും പോലീസ് അറിയിക്കുകയായിരുന്നു. ഓണാവധിയായതിനാല്‍ നിരവധി പേരാണ് ആമ്പല്‍പ്പാടം കാണാനെത്തിയിരുന്നത്. പാടത്തില്‍ കറങ്ങാനായി നിരവധി വള്ളങ്ങള്‍ വാടകക്ക് ലഭ്യമാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും അംഗീകാരവുമില്ലാതെയാണ് ഭൂരിഭാഗം വള്ളങ്ങളും സര്‍വീസ് നടത്തുന്നത്.