- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജോലി കഴിഞ്ഞ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; ഭർത്താവിനെയും മകളെയും കാണാതായതോടെ പരിഭ്രാന്തി; പവിശങ്കറിന്റെ ഫോൺ രാത്രി മുഴുവൻ ഫോൺ സ്വിച്ച് ഓഫ്; രാവിലെ വീണ്ടും വീട്ടിലെത്തിയ സ്നാഷ കണ്ടത് നടുക്കുന്ന കാഴ്ച; പോണേക്കരയിൽ ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം ഞെട്ടിക്കുന്നത്

കൊച്ചി: കൊച്ചിയിലെ എളമക്കരയിൽ അച്ഛനെയും ആറ് വയസ്സുകാരിയായ മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേർത്തല പാണാവള്ളി സ്വദേശി പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെയാണ് പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെയിൽസ്മാനായിരുന്ന പവിശങ്കർ കുറച്ചുകാലമായി ജോലിയില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മകൾക്ക് വിഷം നൽകിയ ശേഷം പിതാവ് തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ മകൾ കിടക്കയിലും പിതാവ് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തിയ ഭാര്യ സ്നാഷയും കസിൻ ശബരീഷുമാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.
ഇടപ്പള്ളിയിലെ ഒരു ഷോപ്പിങ് മാളിൽ ജോലി ചെയ്യുന്ന സ്നാഷ, വ്യാഴാഴ്ച രാത്രി 11:30-ഓടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. പവിശങ്കറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഭർത്താവിനെയും മകളെയും കാണാതായതിനെ തുടർന്ന് പരിഭ്രാന്തയായ സ്നാഷ രാത്രി തന്നെ പൂത്തോട്ടയിലുള്ള കസിൻ ശബരീഷിന്റെ വീട്ടിലെത്തി. രാത്രി മുഴുവൻ പവിശങ്കറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ശബരീഷ് പറയുന്നു.
വെള്ളിയാഴ്ച രാവിലെ പോലീസിൽ പരാതി നൽകാനായി പോണേക്കരയിലെത്തിയ സമയത്ത് ഒരിക്കൽ കൂടി വീട്ടിൽ നോക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടന്നിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. താക്കോൽ വാതിലിൽ തന്നെ വെച്ചിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്. വ്യാഴാഴ്ച രാത്രി 11:30-നും വെള്ളിയാഴ്ച രാവിലെ 11:00-നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, മരണകാരണങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.


