കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേരുകള്‍ പുറത്തുവരണമെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. അമ്മ ഭാരവാഹികള്‍ അടക്കം രാജിവെച്ചതിന് പിന്നാലെയാണ് ഫെഫ്കയും ഈ വിഷയത്തില്‍ പ്രതികരിച്ചു രംഗത്തുവന്നത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും ഫെഫ്ക അറിയിച്ചു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചു.

കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ തുടങ്ങിവയ്ക്കാനുമുള്ള അതിജീവിതകളുടെ ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ദ്ധമായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താരസംഘടന 'അമ്മ' യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും ഫെഫ്ക വ്യക്തമാക്കി.

ഫെഫ്ക കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍സംഭവങ്ങളിലും ഇതര സിനിമ സംഘടനകളുമായി ആശയ വിനിമയം നടത്താനും, ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതുനിലപാടിലേക്ക് എല്ലാ സംഘടനകളും ഒരുമിച്ച് എത്തിച്ചേരേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്താനും ഫെഫ്ക ജനറല്‍ സെക്രട്ടറിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക ആരോപണം നേരിട്ട മുകേഷിനെതിരെ നിരവധി പരാതികള്‍ എത്തിയതോടയാണ് മുകേഷിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.

അതേസമയം സമിതിയില്‍നിന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഷാജി എന്‍.കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജുവാരിയര്‍, പത്മപ്രിയ, നിഖില വിമല്‍, സംവിധായകരായ രാജീവ് രവി, ബി.ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് സന്തോഷ് കുരുവിള എന്നിവര്‍ അംഗങ്ങളാണ്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി മഞ്ജുവാരിയരും രാജീവ് രവിയും പിന്‍മാറിയിരുന്നു.