കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അഡ്വ. ഫെനി നൈനാന്റെ ചടുലനീക്കം. പൊലീസിനെ ഞെട്ടിച്ചുകൊണ്ട് എഫ്‌ഐആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഫെനി ഹൈക്കോടതിയെ സമീപിച്ചു.

പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ (FIR No. 4 of 2026) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ക്രിമിനല്‍ മിസലേനിയസ് കേസ് ഫയല്‍ ചെയ്തത്.


പ്രധാന ആരോപണങ്ങള്‍

2026 ജനുവരി 15-ന് ഫെനി നൈനാന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് പോലീസ് ആരോപിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 72(1), 79, ഐടി ആക്ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.


ഫെനി നൈനാന്റെ വാദങ്ങള്‍

തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെനി നൈനാന്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രധാന വാദങ്ങള്‍ ഇങ്ങനെയാണ്: അതിജീവിതയില്‍ നിന്ന് തനിക്ക് ലഭിച്ച ചാറ്റുകള്‍ മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രദര്‍ശിപ്പിച്ചതെന്നും അതില്‍ അവരുടെ വ്യക്തിത്വം തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളില്ലെന്നും അദ്ദേഹം വാദിക്കുന്നു. ബലാത്സംഗക്കേസ് നിലനില്‍ക്കില്ലെന്ന തന്റെ അഭിപ്രായം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പോലീസ് തന്നെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുണ്ടെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിയമപരമായ നീക്കങ്ങള്‍

2026 ജനുവരി 16-ന് അതിവേഗ നടപടികള്‍ക്കായി (Urgent Today) ഇ-ഫയലിംഗ് വഴിയാണ് കേസ് കോടതിയില്‍ എത്തിയത്. ഫെനി നൈനാന് വേണ്ടി അഡ്വ. ശ്രീജിത്ത് എസ്. നായര്‍ ഉള്‍പ്പെട്ട സംഘമാണ്

അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ അതോ ഇത് വെറുമൊരു അഭിപ്രായ പ്രകടനമാണോ എന്ന് ഹൈക്കോടതി വരും ദിവസങ്ങളില്‍ പരിശോധിക്കും. നിലവില്‍ പത്തനംതിട്ട സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമാണ് എഫ്.ഐ.ആര്‍. എന്നാല്‍ ഇത് വെറും രാഷ്ട്രീയ വേട്ടയാടല്‍ മാത്രമാണെന്നും താന്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നും ഫെനി നൈനാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്നാമത്തെ പരാതിക്കാരിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഫെനിയുടെ പ്രതികരണം.

'ഫെനി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തന്റെ കയ്യിലുള്ള തെളിവുകള്‍ വെറും കഷ്ണങ്ങളല്ലെന്നും ബന്ധം തുടങ്ങിയ കാലം മുതലുള്ള മുഴുവന്‍ ചാറ്റുകളും തന്റെ പക്കലുണ്ടെന്നും അത് പ്രമുഖ അഭിഭാഷകരായ ശാസ്തമംഗലം അജിത്തിനെയും അഡ്വ. ശേഖറിനെയും ഏല്‍പ്പിച്ചു കഴിഞ്ഞെന്നും ഫെനി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ച് കേസിനെ നിയമപരമായി നേരിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


ഫെനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്കെതിരെ പത്തനംതിട്ട സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി, അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറില്‍ ഉണ്ട്. എന്റെ പോസ്റ്റുകള്‍ വായിച്ചവര്‍ക്ക് മനസിലാകും ഞാന്‍ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയോ അവരെപ്പറ്റി അശ്ലീല പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.

കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റില്‍ പരാമര്‍ശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും.

തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാര്‍, അഡ്വ ശേഖര്‍ സാര്‍ എന്നിവരെ ഏല്പിച്ചിട്ടുണ്ട്. ചാനലില്‍ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ 'ഫെന്നി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല'

ഫെനിക്കെതിരായ കേസ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ ഫെനി നൈനാനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്ന വാദങ്ങള്‍ക്കിടെ, പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കേസില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍, അശ്ലീല പരാമര്‍ശങ്ങള്‍ എന്നിവയാണ് പ്രധാനം. ഈ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന വാദവും ശക്തമാണ്.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍: ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഒരു പീഡനക്കേസിലെ അതിജീവിതയുടെ പേരും മറ്റ് തിരിച്ചറിയല്‍ വിവരങ്ങളും പ്രതി തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പരസ്യപ്പെടുത്തി. അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീലമായ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് സ്റ്റോറിയായി പ്രചരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 64 മുതല്‍ 71 വരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട അതിജീവിതയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു. ഭാരതീയ ന്യായ സംഹിത (BNS), 2023: സെക്ഷന്‍ 72(1) (അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് സംബന്ധിച്ചത്), 79 (സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്നത്). ഐടി ആക്ട് (Information Technology Act), 2000: സെക്ഷന്‍ 67 (അശ്ലീല വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്). പോലീസ് സ്വമേധയാ (Suo Mottu) എടുത്ത കേസാണ് ഇത്. 15/01/2026 രാവിലെ 10:18-ഓടെയാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ നിധിന്‍ ആര്‍ ആണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി മുഖേന ലഭിച്ച സ്‌ക്രീന്‍ഷോട്ടുകളും യു.ആര്‍.എല്ലുകളും പരിശോധിച്ച ശേഷമാണ് നടപടിയെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെ 'പച്ചക്കള്ളങ്ങള്‍' എന്ന പ്രതിരോധം ഫെനി നൈനാന്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നാണ് വാദം. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കാനാണ് ഈ കേസും.