- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഗസിനും ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം, വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ഫ്ളൂറസന്റ് യൂണിഫോം: വെടിക്കെട്ട് നിയന്ത്രണത്തിന് ഭേദഗതികളുമായി കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനം എന്താണ്?
തിരുവനന്തപുരം: 110 പേരുടെ ജീവനെടുത്ത ദുരന്തമായിരുന്നു കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തകേസ്. സ്വര്‍ണ കപ്പും ക്യാഷ് അവാര്‍ഡും ലഭിക്കാന്‍ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സംഘം തിരിഞ്ഞ് വെടിക്കെട്ട് നടത്തുകയായിരുന്നു. കേരളത്തെ നടുക്കിയ ഈ സംഭവത്തിന് ശേഷമാണ് രാജ്യവ്യാപകമായി വെടിക്കെട്ട് നിയന്ത്രണങ്ങളുമായി 35 ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 ഭേദഗതികളുമായാണ് വിജ്ഞാപനം ഇറങ്ങിയത്.
ഫയര്‍ലൈനും (വെടിപൊട്ടിക്കുന്ന സ്ഥലം) മാഗസിനും ( വെടിക്കെട്ടു സാമഗ്രികളുടെ സംഭരണ സ്ഥലം) തമ്മില്‍ 200 മീറ്റര്‍ വേണമെന്നാണ് വിജ്ഞാപനത്തിലെ പ്രധാന നിബന്ധനകളില്‍ ഒന്ന്. നിലവിലെ സ്‌ഫോടകവസ്തു നിയമത്തില്‍ 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയര്‍ലൈനിലേക്കു 45 മീറ്റര്‍ അകലമാണു പറയുന്നത്. എന്നാല്‍ ഈ ദൂരം കുറയ്ക്കണമെന്ന് ദേവസ്വം ഭാരവാഹികളും പൂരക്കമ്മറ്റിക്കാരും മറ്റും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 45 മീറ്റര്‍ എന്നുള്ളത് 200 മീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നയിടവും (മാഗസിന്‍) വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയര്‍ലൈന്‍) തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് അടുത്തിടെ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നത്. നിലവിലെ സ്‌ഫോടകവസ്തു നിയമത്തില്‍ 3500 കിലോഗ്രാം വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു ഫയര്‍ലൈനിലേക്കു 45 മീറ്റര്‍ അകലമാണു പറയുന്നത്.
ജനത്തെ ബാരിക്കേഡ് കെട്ടി നിറുത്തേണ്ടത് വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണമെന്നാണ് വിജ്ഞാപനത്തിലെ മറ്റൊരു നിബന്ധന. വെടിക്കെട്ടു പുര ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണമെന്നും മാഗസീനില്‍ നിന്ന് കുറഞ്ഞത് 20 മീറ്റര്‍ അകലം വേണമെന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ഇത് കൂടാതെ വെടിക്കെട്ടു നടത്തിപ്പുകാര്‍ക്ക് ഫയര്‍വര്‍ക്ക് ഡിസ്‌പ്ലേ ഓപ്പറേറ്റര്‍, അസി. ഓപ്പറേറ്റര്‍ എന്നിങ്ങനെ പ്രത്യേക ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം. അഞ്ച് വര്‍ഷമാണ് ഓപ്പറേറ്ററുടെ ലൈസന്‍സിന്റെ കാലാവധി. വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ഫ്‌ലൂറസന്റ് നിറമുള്ള യൂണിഫോം നല്‍കണം എന്നും വിജ്ഞാപനത്തില്‍ പറയുന്നു. മാഗസിനും വെടിക്കെട്ടിനും പ്രത്യേക ലൈസന്‍സ് വേണം. ഇവര്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത് പെസോ (പെട്രോളിയം ആന്‍ഡ് എസ്‌ക്‌പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ആണ്. വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത് കളക്ടറാണ്. വെടിക്കെട്ടിന് രണ്ട് ദിവസം മുന്‍പ് എങ്കിലും മോക് ഡ്രില്‍ നടത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
ആശുപത്രി, നേഴ്‌സിംഗ്‌ഹോം, സ്‌കൂള്‍ എന്നിവ 250 മീറ്റര്‍ പരിധിയില്‍ ഉണ്ടെങ്കില്‍ അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തരുത്. കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ കൂടുതലാണെങ്കിലും വെടിക്കെട്ട് നടത്താന്‍ പാടില്ല. ആളുകള്‍ കുടുതലാണെങ്കിലും വെടിക്കെട്ട് നടത്തെരുതെന്നാണ് നിയമം. വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പ് കുഴലുകളുടെ പകുതിഭാഗം മണ്ണിനടിയില്‍ വരണം. 50 സെമി അകലമാണ് ഇരുമ്പ് കുഴലുകള്‍ തമ്മില്‍ വേണ്ടത്. വിവിധ വലുപ്പത്തിലുള്ള കുഴലുകളാണെങ്കില്‍ അകലം 10 മീറ്റര്‍ വേണം. മറ്റ് സ്റ്റീല്‍ ഉപകരണങ്ങളോ, ഇരുമ്പ് വസ്തുക്കളോ, ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തുണ്ടാകരുത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പെസോ (പെട്രോളിയം ആന്‍ഡ് എസ്‌ക്‌പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) ഉപാധ്യക്ഷന്‍ ഡോ.എ.കെ.യാദവ്, ഡോ.ആര്‍. വേണുഗോപാല്‍, ഡോ.ജിഎം.റെഡ്ഡി, ഡോ.രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.