കരൂർ: വിജയ് യുടെ രാഷ്ട്രീയ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് പൊലീസാണ് ടിവികെ യുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയും നടനുമായ മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ വിജയ് യെ പ്രതിസ്ഥാനത്ത് നിർത്തി അദ്ദേഹത്തിൻ്റെ ഭാരവാഹികളെ അറസ്റ്റ് ചെയ്യുക എന്നതാണ് പൊലീസിൻ്റെ തന്ത്രം.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 65 വയസ്സുകാരി സുഗുണ ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. അപകടസ്ഥലത്തെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിനും സംഘാടകർക്കും വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്ന്, കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഡിജിപി ഉത്തരവിറക്കി. എഡിഎസ്പി പ്രേമാനന്ദനാണ് അന്വേഷണ ചുമതല.

അതേസമയം, ദുരന്തത്തിൽപ്പെട്ടവരെ സന്ദർശിക്കാനായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും കരൂരെത്തിയിരുന്നു.

അറസ്റ്റിന് പിന്നാലെ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനിടെ, വിജയ്‍യുടെ ആരോഗ്യനിലയെക്കുറിച്ച് ബിജെപി നേതാവ് അമർ പ്രസാദ് ആശംസകളും ഉപദേശങ്ങളും അറിയിച്ചു. വിജയ്‍ ചികിത്സയിലാണെന്നും രോഗം ഉടൻ ഭേദമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിജയ്‍ ചെന്നൈയിലെ പണയൂരിലെ വീട്ടിൽ നിന്ന് രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് താമസം മാറിയെന്നും ഇത് ടിവികെയുടെ രണ്ടാമത്തെ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലമാണെന്നും സൂചനയുണ്ട്.

വിജയ്‍യുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി. ഈ ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സംഭവിച്ചതിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വിശദീകരിച്ചു.

സംഭവത്തെ തുടർന്ന്, കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ്‍ ഹൈക്കോടതിയിൽ ഹർജി നൽകി. തൻ്റെ സന്ദർശനത്തിന് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ തടസ്സം നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കരൂർ ദുരന്തത്തിന് പിന്നിൽ ഡിഎംകെ-പൊലീസ് ഗുണ്ടാ കൂട്ടുകെട്ടാണെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ഇതിൻ്റെ ആസൂത്രകനെന്നും ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.