തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കിടെ വാമനപുരത്തു വെച്ചാണ് അപകടം ഉണ്ടായത്. വാമനപുരം ജംഗ്ഷനില്‍ വെച്ച് ഒരു സ്‌കൂട്ടര്‍ യാത്രക്കാരി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കവേ പാഞ്ഞെത്തിയ വാഹന വ്യൂഹത്തിന് മുന്നില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ പൈലറ്റ് വാഹനം സഡന്‍ ബ്രേക്കിട്ടതോടെയാണ് കൂട്ടയടി ഉണ്ടായത്.

പിന്നാലെ എത്തിയ അഞ്ച് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു പൈലറ്റ് വാഹനം മുഖ്യമന്ത്രി സഞ്ചരിച്ച കാറിലും നേരിയതായി ഇടിച്ചു. എന്നാല്‍, വാഹനത്തിന് കേടുപാടൊന്നും സംഭവിച്ചില്ല. കൂട്ടിയടിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിനും കാര്യമായി പരിക്കില്ല. ഇതോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക്് യാത്ര തുടരുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പെട്ട ജീപ്പുകളും ആംബുലന്‍സുമാണ് ഒന്നിനു പിറകെ മാറ്റൊന്നായി കൂട്ടിയിടിച്ചത്. പോലീസ് ജീപ്പ് സഡന്‍ ബ്രേക്കിട്ടതു കൊണ്ടാണ് സ്‌കൂട്ടര്‍ യാത്രക്കാരി അപകടത്തില്‍ പെടാതിരുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാന്‍ ഒരു എസ്‌കോര്‍ട്ട് വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. അതേസമയം തിരക്കുള്ള ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം നല്ല വേഗത്തിലായിരുന്നു എത്തിയത്. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേയാണ് സഡന്‍ബ്രേക്കിടേണ്ടി വന്നത്.

അപകടം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു. പത്ത് മിനിറ്റുകളോളം പ്രദേശത്ത ഗതാഗത സ്തംഭനം ഉണ്ടായി. ഇതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയും സ്ഥലത്തും നിന്നും വാഹനം ഓടിച്ചു പോയിരുന്നു. യുവതിയെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരക്ഷാവീഴ്ച്ചയായി സംഭവം വിലയിരുത്തുന്നു.

ഇതിന് മുമ്പ് കണ്ണൂരില്‍ വെച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍ പെട്ടിരുന്നു. കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്പയിലാണ് അന്ന് അപകടം ഉണ്ടായത്. അന്ന് മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

അന്നും മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. പിന്നാലെ ഉണ്ടായിരുന്ന വാഹനത്തിന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായത്.