പാലക്കാട്: തൃത്താല ദേശോത്സവത്തില്‍ കൊല്ലപ്പെട്ട ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി ഘോഷയാത്ര. ആന എഴുന്നള്ളത്തിലാണ് തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയ, ഹിസ്ബുല്ല നേതാവായ ഹസന്‍ നസ്‌റുല്ല എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചത്. ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് യുവാക്കള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 'തറവാടീസ് തെക്കേഭാഗം', 'മിന്നല്‍പ്പട പവര്‍ തെക്കേഭാഗം' തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു.

തൃത്താലയില്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയില്‍ 3000ത്തിലധികം പേര്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിന്‍വറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ കുട്ടികള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതും ജനക്കൂട്ടം അവരെ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എന്നിവരടക്കം ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാദത്തില്‍ സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.

ഇസ്രായേല്‍ ആക്രമങ്ങളില്‍ കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ പുറത്ത് ഉയര്‍ത്തുകയായിരുന്നു.തറവാടീസ് തെക്കേ ഭാഗം, മിന്നല്‍പട തെക്കേഭാഗം എന്നീ വിഭാഗങ്ങളാണ് ചിത്രങ്ങള്‍ ഉപയോഗിച്ചത്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

സിന്‍വാറിന്റെയും ഹനിയെയുടെയും പോസ്റ്ററുകള്‍ പിടിച്ച് കൊച്ചുകുട്ടികള്‍ നില്‍ക്കുന്നത് കണ്ടു, ഘോഷയാത്രയിലുടനീളം ജനക്കൂട്ടം അവരെ ആര്‍പ്പുവിളിച്ചു. സംഭവം പെട്ടെന്ന് ഒരു തര്‍ക്ക വിഷയമായി മാറുകയായിരുന്നു, അത്തരം പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിന് ഫെസ്റ്റിവല്‍ സംഘാടകരെ പലരും ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തത് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും ബാനറുകള്‍ സംബന്ധിച്ച് ഉറൂസ് ഫെസ്റ്റിവലിന്റെ സംഘാടകരില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

പലസ്തീന്‍ അനുകൂല റാലികളുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ ഒരു പരമ്പരയെ തുടര്‍ന്നാണ് ഈ സംഭവം. 2024-ല്‍, കേരള സര്‍വകലാശാലയുടെ വാര്‍ഷിക യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. കാരണം, ഈ പദം പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവുമായും ഹമാസ് അത് ഉപയോഗിച്ചതുമായും ബന്ധപ്പെട്ടുള്ളതായിരുന്നു.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെ ഫെസ്റ്റിവലിന്റെ എല്ലാ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഇത് 'കേരള സര്‍വകലാശാല യുവജനോത്സവം' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

2023 ഒക്ടോബറില്‍, ജമാഅത്തെ ഇസ്ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച ഒരു റാലിയെ ഹമാസിന്റെ മുന്‍ തലവന്‍ ഖാലിദ് മഷാല്‍ അഭിസംബോധന ചെയ്തിരുന്നു. 'ഹിന്ദുത്വത്തെയും വര്‍ണ്ണവിവേചന സയണിസത്തെയും വേരോടെ പിഴുതെറിയുക' എന്ന പേരില്‍ സംഘടന ഒരു കാമ്പയിന്‍ ആരംഭിച്ചിരുന്നു.

മതപരിപാടിയായല്ല ദേശോത്സവമെന്ന് വി.ടി ബല്‍റാം

''തൃത്താല ഫെസ്റ്റ്' എന്ന പേരില്‍ എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളതെന്നാണ് കെപിസിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളതെന്നും ഇത്തവണത്തെ ഫെസ്റ്റിന് മന്ത്രി എം.ബി.രാജേഷ്, എം.പി. അബ്ദുസ്സമദ് സമദാനി, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നിവരൊക്കെ ആശംസകളര്‍പ്പിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം വ്യക്തമാക്കി. ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചതിന്റെ സപ്ലിമെന്റും അദ്ദേഹം പങ്കുവെച്ചു.

ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ പ്രതികരണം. ''ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും''- ഫേസ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'തൃത്താല ഫെസ്റ്റ്' എന്ന പേരില്‍ എല്ലാ വര്‍ഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. അത് ഏതെങ്കിലും പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമായിട്ടല്ല കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്നത്. ഇതിന്റെ സംഘാടക സമിതിയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ജനപ്രതിനിധികളും ഉണ്ടാവാറുണ്ട്. പരിപാടിയെ പിന്തുണക്കാനും വിവിധ മതവിശ്വാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഔദ്യോഗിക സംവിധാനങ്ങളും കടന്നുവരാറുണ്ട്. ധാരാളം ടൂറിസ്റ്റുകളും ദേശോത്സവം കാണാനെത്താറുണ്ട്.

ഇത്തവണത്തെ ഫെസ്റ്റിന് ആശംസകളര്‍പ്പിച്ച് മന്ത്രി എം.ബി.രാജേഷും എം.പി. അബ്ദുസ്സമദ് സമദാനിയും ഞാനും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ടുമൊക്കെ സന്ദേശങ്ങള്‍ നല്‍കിയ സപ്ലിമെന്റാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നത്. മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളത് എന്നതിന്റെ തെളിവുകൂടിയായി പുറത്തുള്ള ആളുകള്‍ക്ക് ഇത് ബോധ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് ചിലര്‍ പടച്ചുണ്ടാക്കിയ വിവാദങ്ങള്‍ ദേശീയ തലത്തില്‍പ്പോലും സംഘ് പരിവാര്‍ മാധ്യമങ്ങള്‍ മുസ്ലീം ജനസമൂഹത്തിനെതിരായും കേരളത്തിനെതിരായും ദുരുപയോഗിക്കുന്ന സാഹചര്യത്തില്‍ എന്റെ നാടിനേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനാണ് ഈ പോസ്റ്റ്.

ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങള്‍ക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയില്‍ത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും.