മാഡ്രിഡ്: സ്പെയിനിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നിനാണ് കിഴക്കന്‍ സ്പെയിനും തെക്കന്‍ സ്പെയിനും സാക്ഷിയായത്. ഒരു വര്‍ഷം പെയ്യേണ്ട മഴയ്ക്ക് സമാനമായ അളവിലുള്ള മഴ വെറും എട്ട് മണിക്കൂറില്‍ പെയ്തൊഴിഞ്ഞപ്പോള്‍ രാജ്യം വന്‍ പ്രളയത്തിന് സാക്ഷിയാവുകയായിരുന്നു. ചുരുങ്ങിയത് 95 പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കനത്ത മഴയില്‍ കുത്തിയൊഴുകിയ പുഴകളും അരുവികളും അതിരുകള്‍ തകര്‍ത്തപ്പോള്‍ പല റോഡുകളും, റെയില്‍വേ ലൈനുകളൂം, വീടുകളുമൊക്കെ വെള്ളത്തിനടിയിലായി.

ശക്തമായ കാറ്റ് തെരുവുകളെയും നദികളാക്കിയപ്പോള്‍ ആയിരങ്ങളാണ് വഴി മധ്യേ കുരുങ്ങിപ്പോയത്. പലര്‍ക്കും ഉയര്‍ന്ന് വരുന്ന വെള്ളത്തില്‍ നിന്നും രക്ഷപ്പെടാനായി മരങ്ങള്‍ക്ക് മുകളിലും വിളക്കുകാലുകള്‍ക്ക് മുകളിലും പിടിച്ച് കയറേണ്ടതായി വന്നു. പലരും കെട്ടിടങ്ങളുടെ മുകള്‍ നിലയിലെക്ക് മാറി. നഗരങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായപ്പോള്‍, പലയിടങ്ങളിലും വെള്ളപ്പൊക്കത്തില്‍ പകുതി മുങ്ങി പ്രവര്‍ത്തനം നിലച്ച കാറുകള്‍ ഉപേക്ഷിച്ച് ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയായിരുന്നു.




മരണമടഞ്ഞവരില്‍ ഒരു ബ്രിട്ടീഷ് പൗരനും ഉണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളത്തിനടിയില്‍ ആയിപ്പോയ ഈ 71 കാരനെ രക്ഷപ്പെടുത്തിയിരുന്നു. ശരീരമാകെ കുളിരു കൂടി വിറയ്ക്കുന്ന ഹൈപോതെര്‍മിയ എന്ന രോഗം ഉള്ളതിനാല്‍ ഇയാളെ ഉടനെ ആശുപത്രിയിലാക്കിയെങ്കിലും അവിടെ വെച്ച് ഹൃദയസ്തംഭനത്താല്‍ അയാള്‍ മരിക്കുകയായിരുന്നു. അല്‍ഹോരിന്‍ ഡി ല ടോറെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുകയായിരുന്നു ഇയാള്‍.

സ്പെയിനിലെക്ക് യാത്ര ചെയ്യുന്നവര്‍, സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ അറിഞ്ഞിരിക്കണെമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തെക്കന്‍ സ്പ്യിനില്‍ ഇപ്പോഴും കനത്ത മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രാബല്യത്തില്‍ ഉണ്ട്. അതുപോലെ വടക്ക് കിഴക്കന്‍ സ്പെയിനിലും തെക്ക് പടിഞ്ഞാറന്‍ സ്പെയിനിലും യെല്ലോ അലര്‍ട്ടും പ്രാബല്യത്തിലുണ്ട്.




അതിന്റെ ചരിത്രത്തിലെ തന്നെ എറ്റവും ദുരന്തപൂര്‍ണ്ണമായ ഒരു പ്രകൃതി ദുരന്തത്തിന് നടുവില്‍ സ്പെയിന്‍ നില്‍ക്കുമ്പോള്‍ അതിനുത്തരവാദി കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രലോകം ഒന്നടങ്കം പറയുന്നു. വലേന്‍സിയ നഗരത്തിലെ തെരുവുകള്‍ നദികളായി മാറിയപ്പോള്‍ പലര്‍ക്കും മരങ്ങളിലും മറ്റും കയറി രക്ഷപ്പെടേണ്ടതായി വന്നു. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ സെന്റര്‍ ഫോര്‍ എന്‍വിറോണ്മെന്റല്‍ പോളിസിയിലെ വേള്‍ഡ് വെതര്‍ മേധാവി ഡോക്ടര്‍ ഭ്രെഡെറിക് ഓട്ടോ പറയുന്നത് സ്‌ഫോടനാത്മകമായ ഈ മഴയുടെ തീവ്രത വര്‍ദ്ധിപ്പിച്ചത് കാലാവസ്ഥാ വ്യതിയാനമാണെന്ന് സംശയ രഹിതമായി പറയാം എന്നാണ്.

ഫോസില്‍ ഇന്ധനത്തിന്റെ ഓരോ തരിയും എരിഞ്ഞടങ്ങുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ ഈര്‍പ്പമയമാവുകയാണ്. ഇതാണ് ശക്തമായ മഴയ്ക്കും പേമാരിക്കും കാരണമാകുന്നത്. ആഗോള താപന വര്‍ദ്ധനവ് വെറും 1.3 ഡിഗ്രി സെല്‍ഷ്യസ് എത്തിയപ്പോള്‍ തന്നെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഉണ്ടായെങ്കില്‍, ആഗോള താപനം ഇനിയും വര്‍ദ്ധിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നത് ഊഹിക്കാന്‍ പോലും ആവില്ലെന്നും അദ്ദേഹം പറയുന്നു. ആഗോള താപന വര്‍ദ്ധനവ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 3.1 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയത്.




510 മില്യനിലധികം ആളുകള്‍ താമസിക്കുന്ന മെഡിറ്ററേനിയന്‍ മേഖല ആഗോള ശരാശരിയേക്കാള്‍ 20 ശതമാനം വേഗത്തില്‍ ചൂടവുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തീരപ്രദേശങ്ങളെ വന്‍ ഭീഷണിയിലാക്കുകയാണ്. വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനുമുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കും. കാലാവസ്ഥാ വ്യതിയായം മൂലം വിരളമായെങ്കിലും ഇത്തരത്തിലുള്ള കനത്ത മഴയും പേമാരിയും ഉണ്ടാകാം എന്ന് സ്പാനിഷ് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് മെഡിറ്ററേനിയന്‍ മേഖലയിലാണെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു.