കോഴിക്കോട്: വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളില്‍ സര്‍ക്കാര്‍ തല ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വകുപ്പു മേധാവി തയാറാക്കി നല്‍കിയ 13 ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പട്ടിക തിരിച്ചയച്ചത്. സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സാധാരണ നിലയില്‍ വനം മന്ത്രിയോടാണ് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുള്ളതെങ്കിലും ഇത്തവണ ഫയല്‍ അങ്ങോട്ട് അയച്ചിട്ടുമില്ല. അതായത് വനംമന്ത്രി വെറും നോക്കുകുത്തിയാണെന്ന ആരോപണം ശക്തമാകുകയാണ്.

നേരത്തെ വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നടപടി വലിയ ചര്‍ച്ചയായിരുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് കത്തില്‍ പറയുന്നത്. ഗംഗാസിങ്ങിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നുണ്ടായിരുന്നു മന്ത്രി. എന്നാല്‍ അത് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. സിപിഎം താല്‍പ്പര്യത്തിന് പുതിയ സ്ഥലം മാറ്റ പട്ടിക തയ്യാറാകുമെന്നും സൂചനയുണ്ട്.

സിവില്‍ സര്‍വീസ് ബോര്‍ഡ് (സിഎസ്ബി) ചേര്‍ന്ന് വീണ്ടും സ്ഥലംമാറ്റ പട്ടിക തയാറാക്കി സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. തിരുവനന്തപുരം, തെന്മല, പുനലൂര്‍, പാലക്കാട്, പെരിയാര്‍, സെന്‍ട്രല്‍ സര്‍ക്കിള്‍തല മാറ്റങ്ങളാണ് വിവാദമാവുന്നത്. വനം മേധാവി തയാറാക്കി നല്‍കിയ 9 പേരുടെ പട്ടികയില്‍ പരാതിയുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ മാനിക്കുകയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയോ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

മുന്‍ വനം മേധാവി, അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ചില മാറ്റങ്ങള്‍ വീണ്ടും പട്ടികയില്‍പെട്ടതും വിവാദമായി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാറ്റിയ ഉദ്യോഗസ്ഥരെയും 3 വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്തു ജോലി ചെയ്തവരെയും തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ഒരാളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ പേരുകള്‍ സിഎസ്ബി അംഗീകരിച്ചതല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പെരിയാര്‍ ഫീല്‍ഡ് ഡയറക്ടര്‍ തസ്തികയിലും പാലക്കാട് സിസിഎഫ് തസ്തികയിലും സിപിഎമ്മിനു താല്‍പര്യമുണ്ടത്രേ,. ഇതാണ് ഫയല്‍ മടക്കലിന് കാരണമെന്നും ആരോപണമുണ്ട്. ഇടമലയാര്‍ ആനവേട്ട കേസ് അന്വേഷണത്തില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥയെ പെരിയാര്‍ ഫീല്‍ഡ് ഡയറക്ടറാക്കാനുള്ള വനം മേധാവിയുടെ ശുപാര്‍ശയാണ് എതിര്‍പ്പിനു കാരണം എന്നാണ് വിലയിരുത്തല്‍. പാലക്കാട് സിസിഎഫ് സ്ഥാനത്ത് നിലവിലുള്ളയാളെ മാറ്റുന്നതിനെയും സിപിഎം അംഗീകരിക്കുന്നില്ല.

വനം വകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യം മന്ത്രി ശശീന്ദ്രന്‍ വീണ്ടും ചര്‍ച്ചയാക്കാനും സാധ്യതയുണ്ട്. വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാന്‍ ആളില്ലാത്തതിനാല്‍ തീരുമാനമെടുക്കാവാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ. കാലാവധിനീട്ടി നല്‍കുന്നതിനോട് മുഖ്യമന്ത്രി താല്‍പര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു.

ഗംഗാസിങ്ങിനെ മാറ്റിയാല്‍ അതേ റാങ്കില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ലെന്നതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. എപിസിസി റാങ്കിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കഴിയണം.